പെലെ ഇന്ന് വീണ്ടും ‘കളിമുറ്റത്ത്’; സംസ്കാരം നാളെ
text_fieldsസാവോപോളോ: ഇതിഹാസ ഫുട്ബാൾ താരം പെലെയുടെ മൃതദേഹം ഇന്ന് സാന്റോസ് ക്ലബിന്റെ വില ബെൽമിറോ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വെക്കും. പെലെയെ ലോകമറിയുന്ന താരമാക്കിയ സാന്റോസ് ക്ലബിന്റെ കളിമുറ്റത്ത് മൃതദേഹത്തിൽ അന്തിമോപചാരമർപ്പിക്കാൻ ആരാധകർക്ക് അവസരം ലഭിക്കും. തിങ്കളാഴ്ച രാവിലെ പ്രാദേശിക സമയം 10 മണി മുതൽ ചൊവ്വാഴ്ച രാവിലെ 10 മണി വരെ അന്തിമോപചാരമർപ്പിക്കാം.
ചൊവ്വാഴ്ച സാന്റോസിലെ നെക്രോപോൾ എക്യുമെനിക സെമിത്തേരിയിലാണ് സംസ്കാരം. ചൊവ്വാഴ്ച 10 മണിക്കുശേഷം മൃതദേഹം സാന്റോസിലെ തെരുവീഥികളിലൂടെ വിലാപയാത്രയായി സെമിത്തേരിയിലേക്ക് കൊണ്ടുപോകും. പെലെയുടെ വീടിനു മുന്നിലൂടെയും കടന്നുപോവും. പെലെയുടെ നൂറു വയസ്സ് പിന്നിട്ട മാതാവ് ഈ വീട്ടിലാണുള്ളത്. വാർധക്യസഹജമായ വിഷമതകൾമൂലം വീട്ടിൽ വിശ്രമത്തിലാണ് പെലെയുടെ മാതാവ് സെലസ്റ്റെ.
സാന്റോസിന്റെ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിനു വെക്കാനുള്ള ഒരുക്കങ്ങൾ നേരത്തേ പൂർത്തിയായിരുന്നു. നിലവിൽ സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റൈൻ ആശുപത്രിയിലാണ് മൃതദേഹമുള്ളത്. രാവിലെ സ്റ്റേഡിയത്തിലേക്ക് എത്തിക്കും.
സംസ്കാരം നടക്കുന്ന 14 നിലകളുള്ള സെമിത്തേരിയായ നെക്രോപോൾ എക്യുമെനിക ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടംനേടിയ സെമിത്തേരിയാണ്. ഇവിടെ പൂന്തോട്ടവും വാട്ടർ ഫൗണ്ടനുമുണ്ട്. മുകളിലത്തെ നിലയിൽനിന്ന് നോക്കിയാൽ സാന്റോസിന്റെ സ്റ്റേഡിയം കാണാം. പെലെയുടെ സംസ്കാരച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുക്കുക. ബ്രസീലിൽ മൂന്നു ദിവസത്തെ ദുഃഖാചരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.