ലോകകപ്പുകളുടെ രാജാവ്; കാൽപന്തിന്റെ ചക്രവർത്തി
text_fieldsവിടവാങ്ങിയ പെലെ ലോകകപ്പിനായി ജനിച്ച താരമായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ ലോകകപ്പിൽ കളിക്കാൻ അവസരം ലഭിച്ച അദ്ദേഹം മൂന്നു ലോകകപ്പ് വിജയങ്ങളിൽ പങ്കാളിയായി മറ്റാർക്കും അവകാശപ്പെടാനാവാത്ത നേട്ടമാണ് സ്വന്തമാക്കിയത്. ലോകകപ്പ് ഫൈനലിൽ കളിക്കുകയും സ്കോർ ചെയ്യുകയും കിരീടം സ്വന്തമാക്കുകയും ചെയ്ത പ്രായം കുറഞ്ഞ താരം, ലോകകപ്പിൽ ഹാട്രിക് നേടിയ പ്രായം കുറഞ്ഞ താരം തുടങ്ങിയ ബഹുമതികളും പെലെയെ തേടിയെത്തി. 1958 സ്വീഡൻ, 1962 ചിലി, 1970 മെക്സികോ ലോകകപ്പ് കിരീടങ്ങളിലാണ് പെലെ വിജയമുത്തം ചാർത്തിയത്.
1958 സ്വീഡൻ
ബ്രസീലിൽ മാത്രം അറിയപ്പെട്ടിരുന്ന പെലെയെ ലോകമറിയുന്ന താരമാക്കിയ ലോകകപ്പ്. 1950ലെ മറക്കാനയിലെ മറക്കാനാവാത്ത തോൽവിയിൽനിന്ന് ബ്രസീലുകാർ കരകയറിയത് 1958 ലോകകപ്പ് വിജയത്തിലൂടെയാണ്. മറക്കാനയിലെ അപ്രതീക്ഷിത തോൽവിയിൽ വിങ്ങിപ്പൊട്ടിയ നിമിഷങ്ങൾ പെലെ തന്നെ പിന്നീട് ഓർത്തെടുത്തിട്ടുണ്ട്. അത് മറക്കാൻ താൻ തന്നെ പിന്നീട് കാരണക്കാരനാവുമെന്ന് പെലെ നിനച്ചിരുന്നേയില്ല.
സാേൻറാസിലെ കന്നി സീസണിലെ മിന്നും പ്രകടനത്തിലെ മികവിൽ ദേശീയ ടീമിലെത്തിയ പെലെ ആദ്യ മത്സരങ്ങളിൽ പകരക്കാരുടെ ബെഞ്ചിലായിരുന്നു. ഗ്രൂപ് റൗണ്ടിൽ ഓസ്ട്രിയയെ 3-0ത്തിന് തോൽപിചപ്പോഴും ഇംഗ്ലണ്ടിനോട് ഗോൾരഹിത സമനില വഴങ്ങിയപ്പോഴും പെലെക്ക് ആദ്യ ഇലവനിൽ അവസരം ലഭിച്ചില്ല. റഷ്യയോട് 2-0ത്തിന് ജയിച്ച കളിയിൽ തുടക്കംമുതൽ ഇറങ്ങിയെങ്കിലും ഗോൾ നേടാനുമായില്ല.
എന്നാൽ, നോക്കൗട്ട് റൗണ്ട് എത്തിയതോടെ പെലെയുടെ കളി മാറി. ക്വാർട്ടറിൽ വെയിൽസിനെതിരെ 1-0ത്തിന് ജയിച്ചപ്പോൾ ഗോൾ പെലെയുടെ വക. സെമിയിൽ ഫ്രാൻസിനെ 5-2ന് തകർത്തപ്പോൾ ഹാട്രിക്കോടെ പെലെയുടെ നിറഞ്ഞാട്ടം. ഫൈനലിൽ ആതിഥേയരായ സ്വീഡനെ 5-2ന് തുരത്തിയപ്പോഴും രണ്ടു ഗോളുകൾ സ്കോർ ചെയ്തത് പെലെ തന്നെ. ആറു ഗോളുകളുമായി ടൂർണമെൻറിലെ രണ്ടാം ടോപ്സ്കോററായ പെലെ സഹതാരം ദിദിക്കുപിറകിൽ മികച്ച രണ്ടാമത്തെ താരവുമായി. ഇതെല്ലാം 17 വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നുവെന്നതാണ് ഈ നേട്ടം ഏറെ വിശേഷപ്പെട്ടതാക്കുന്നത്.
1962 ചിലി
പെലെയുടെ കാര്യമായ സഹായമില്ലാതെ ബ്രസീൽ നേടിയ ലോകകപ്പാണ് സ്വന്തം വൻകര ആതിഥ്യമൊരുക്കിയ 1962ലേത്. ആദ്യ കളിയിൽ മെക്സികോക്കെതിരെ അസിസ്റ്റും ഗോളുമായി തുടങ്ങിയ പെലെക്ക് അടുത്ത മത്സരത്തിൽ ചെക്കോസ്ലൊവാക്യക്കെതിരെ ലോങ്റേഞ്ചറിനുള്ള ശ്രമത്തിനിടെ പരിക്കേറ്റു. പിന്നീട് ടൂർണമെൻറിൽ കളിക്കാനേ പെലെക്ക് സാധിച്ചില്ല. പകരമെത്തിയ അമരിൾഡോ തിളങ്ങുകയും ഗരിഞ്ച തകർപ്പൻ ഫോമിലേക്കുയരുകയും ചെയ്തതോടെ കപ്പ് തുടർച്ചയായ രണ്ടാം തവണയും ബ്രസീലിലെത്തി. മെക്സികോക്കെതിരെ നാലു കളിക്കാരെ കടനുകയറി നേടിയ ഗോൾ മാത്രമായിരുന്നു പെലെക്ക്ഓർക്കാനുണ്ടായിരുന്നത്.
1966 ഇംഗ്ലണ്ട്
ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലുകാർ മറക്കാനാഗ്രഹിക്കുന്ന ലോകകപ്പായിരുന്നു 1966ൽ ഇംഗ്ലണ്ടിലേത്. ഏറെ പ്രതീക്ഷയോടെയെത്തിയ ബ്രസീൽ ആദ്യ കളിയിൽ ബൾഗേറിയക്തെിരെ 2-0 ജയവുമായി തുടങ്ങി. ആദ്യ ഗോൾ നേടിയ പെലെ തുടർച്ചയായ മൂന്നു ലോകകപ്പുകളിൽ സ്കോർ ചെയ്യുന്ന ആദ്യ താരമായി മാറിയെങ്കിലും എതിരാളികളുടെ തുടർച്ചയായ ടാക്ലിങ്ങുകളെ തുടർന്ന് അടുത്ത കളിക്ക് ഇറങ്ങാനായില്ല.
പെലെയുടെ അഭാവത്തിൽ ബ്രസീൽ ഹംഗറിയോട് 3-1ന് തോൽക്കുകയും ചെയ്തു. ഇതോടെ ഗ്രൂപ് റൗണ്ടിലെ അവസാന കളിയിൽ പോർചുഗലിനെതിരെ വിജയം അനിവാര്യമായ ബ്രസീൽ പരിക്കുമാറാത്ത പെലെയെ കളത്തിലിറക്കി. പോർചുഗൽ ഡിഫൻഡർ ജാവോ മൊറെയ്സിെൻറ കടുത്ത ഫൗളിന് വിധേയനായ പെലെയുടെ പരിക്ക് വഷളായി. പകരക്കാരനെ ഇറക്കാനുള്ള നിയമമില്ലാത്തതിനാൽ ശേഷിക്കുന്ന സമയം പെലെ മുടന്തിയാണ് മൈതാനത്ത് തുടർന്നത്.
മൊറെയ്സിന് ചുവപ്പുകാർഡ് കാണിക്കാതിരുന്ന റഫറി ജോർജ് മകാബെയുടെ തീരുമാനം ലോകകപ്പ് ചരിത്രത്തിലെ മോശം തീരുമാനങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. ഈ തോൽവിയോടെ ബ്രസീൽ നോക്കൗട്ട് കാണാതെ പുറത്തതായി. ഇനിയൊരിക്കലും ലോകകപ്പിൽ കളിക്കില്ലെന്ന പ്രഖ്യാപനവുമായാണ് പെലെ ഇംഗ്ലണ്ട് വിട്ടത്.
1970 മെക്സികോ
1969ൽ ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ടെങ്കിലും തിരിച്ചുവരാൻ ആദ്യം പെലെ കൂട്ടാക്കിയില്ല. പിന്നീട് സമ്മതിച്ച പെലെ ആറു യോഗ്യത മത്സരങ്ങളിൽ ആറു ഗോളടിച്ച് മിന്നും ഫോമിലാണ് മെക്സികോയിലെത്തിയത്. മുൻ ലോകകപ്പുകളിലെ പല പ്രമുഖരും ബൂട്ടഴിച്ചിരുന്നുവെങ്കിലും പെലെക്കൊപ്പം റിവെലിനോ, ജഴിസീന്യോ, ജെഴ്സൺ, കാർലോസ് ആൽബർട്ടോ ടോറസ്, ടൊസ്റ്റാവോ, ക്ലൊഡോൾഡോ തുടങ്ങിയവർ അണിനിരന്ന അന്നത്തെ ബ്രസീൽ ടീം ഫുട്ബാൾ ചരിത്രത്തിലെ മികച്ച ടീമുകളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ചെകോസ്ലൊവക്യക്കെതിരെ 4-1ന് ജയിച്ച ആദ്യ കളിയിൽ സ്കോർ ചെയ്ത പെലെക്ക് ഇംഗ്ലണ്ടിനെതിരെ 1-0ത്തിന് ജയിച്ച മത്സരത്തിൽ സ്കോർ ചെയ്യാനായില്ല.
ഈ കളിയിൽ പെലെയുടെ ഗോൾ ഉറപ്പിച്ച ഹെഡർ തടുത്തിട്ട ഗോൾ ഇംഗ്ലണ്ട് ഗോൾകീപ്പർ ഗോർഡൻ ബാങ്ക്സിെൻറ രക്ഷപ്പെടുത്തൽ ‘സേവ് ഓഫ് ദ സെഞ്ച്വറി’ ആയാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഗോൾ ഉറപ്പിച്ച് ഗോൾ എന്ന് വിളിച്ചുകൂവിയിരുന്നതായി പിന്നീട് പെലെ തന്നെ പറഞ്ഞിരുന്നു. റുമാനിയക്കെതിരെ 3-2ന് ജയിച്ച കളിയിൽ പെലെയുടെ വക രണ്ടു ഗോളുകളുണ്ടായിരുന്നു. ക്വാർട്ടറിൽ പെറുവിനെതിരെയും (4-2) സെമിയിൽ ഉറുഗ്വായ്ക്കെതിരെയും (3-1) പെലെക്ക് ഗോളുകൾ നേടാനായില്ല.
എന്നാൽ, ഫൈനലിൽ ഇറ്റലിയെ 4-1ന് തകർത്തുവിട്ടപ്പോൾ ആദ്യ ഗോൾ പെലെയുടെ തലയിൽനിന്നായിരുന്നു. ജഴ്സിന്യോയുടെ കൈകളിലേക്ക് ചാടിക്കയറിയുള്ള പെലെയുടെ ഗോൾ ആഘോഷത്തിെൻറ ചിത്രം ഏറെ പ്രസിദ്ധമാണ്. രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുക കൂടി ചെയ്ത പെലെ നാലു ഗോൾ നേടുകയും ടൂർണമെൻറിലെ മികച്ച താരത്തിനുള്ള സുവർണ പന്ത് സ്വന്തമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.