പെലെയുടെ അവിസ്മരണീയ ഗോളുകൾ
text_fieldsഗോളുകളുടെ രാജാവായ പെലെയുടെ മികച്ച ഗോളുകൾ തിരഞ്ഞെടുക്കുക എന്നത് പെലെയുടെ ഗോൾ തടയുക എന്നതുപോലെ വിഷമകരമായ പ്രക്രിയയാണ്. എങ്കിലും സമ്മോഹനമായ ആ കരിയറിലെ അവിസ്മരണീയമായ ഗോളുകളിലൂടെ ഒന്നു കണ്ണോടിക്കാം...
ആദ്യത്തേത് 1956 സെപ്റ്റംബർ ഏഴ്
സാന്റോസിനായി കോറിന്ത്യൻസിനെതിരെ
പെലെയുടെ പ്രഫഷനൽ കരിയറിലെ ആദ്യ ഗോൾ. സാന്റോസിനായി ആദ്യ കളിക്കിറങ്ങിയ പെലെ രണ്ടാം പകുതിയിൽ പകരക്കാരനായി കളത്തിലെത്തുന്നു. ഇറങ്ങിയ ഉടൻ സ്കോർ ചെയ്ത് ടീമിന്റെ 7-1 വിജയത്തിൽ പങ്കാളിയായി. കോറിന്ത്യൻസിന്റെ ഗോളി സലുവാറിന്റെ വാക്കുകളാണ് പിന്നീട് പ്രശസ്തമായത്- ‘പെലെയുടെ ആദ്യ ഗോൾ വഴങ്ങിയ ഗോൾകീപ്പർ എന്ന ബിസിനസ് കാർഡുണ്ടാക്കി’ എന്നായിരുന്നു അത്.
ലോകകപ്പിലെ ആദ്യം
1958 ജൂൺ 19 ബ്രസീലിനായി വെയിൽസിനെതിരെ
പെലെയുടെ ആദ്യ ലോകകപ്പ് ഗോൾ മനോഹരമായിരുന്നു. 17കാരനായ പെലെയുടെ പ്രതിഭ ആദ്യമായി ലോകം തിരിച്ചറിഞ്ഞ ഗോൾ. ക്വാർട്ടർ ഫൈനലിന്റെ 66ാം മിനിറ്റിൽ ഗോൾപോസ്റ്റിന് പിന്തിരിഞ്ഞുനിൽക്കെ ലഭിച്ച പന്ത് പെലെ നെഞ്ചിൽ നിയന്ത്രിച്ച് ഡിഫൻഡർക്ക് മുകളിലൂടെ ഫ്ലിക് ചെയ്തു. ഡിഫൻഡറെ മറികടന്നെത്തി വലങ്കാലുകൊണ്ട് വലയുടെ മൂലയിലേക്കൊരു ഷോട്ട്.
ലോകകപ്പ് ഫൈനലിലെ ആദ്യം
1958 ജൂൺ 29 ബ്രസീലിനായി സ്വീഡനെതിരെ
ആറു ഗോളുമായി ലോകകപ്പിലെ താരമായ പെലെ സ്വീഡനെതിരായ കലാശക്കളിയിൽ നേടിയത് രണ്ടു ഗോളുകൾ. രണ്ടാം ഗോൾ ഹെഡറിൽനിന്നായിരുന്നു. 55ാം മിനിറ്റിലെ ആദ്യ ഗോൾ ആയിരുന്നു ആകർഷകം.
ഏറ്റവും മികച്ചത്?
1959 ആഗസ്റ്റ് രണ്ട് സാന്റോസിനായി യുവന്റസിനെതിരെ
പെലെയുടെ കളിജീവിതത്തിലെ ഏറ്റവും മികച്ച ഗോൾ എന്ന വിശേഷണത്തിന് അർഹതയുള്ള ഗോൾ. പെനാൽറ്റി ബോക്സിനടുത്തുനിന്ന് പന്ത് ലഭിച്ച പെലെ ഡിഫൻഡർക്കുമുകളിലൂടെ ഫ്ലിക് ചെയ്യുന്നു. തുടർന്ന് പന്തെടുത്ത് അടുത്ത ഡിഫൻഡർക്കു മുകളിലൂടെ ഒരു ലോബ്. നിലത്തുവീഴുംമുമ്പ് മൂന്നാമത്തെ ഡിഫൻഡർക്കും ഗോളിക്കും മുകളിലൂടെ അടുത്ത ഫ്ലിക്കിലൂടെ പന്ത് വലയിൽ. പിന്നീട് പെലെ എന്ന സിനിമക്കുവേണ്ടി ഈ ഗോൾ പുനഃസൃഷ്ടിച്ചു.
ലോകകപ്പിലെ അവസാനത്തേത്
1970 ജൂൺ 21 ബ്രസീലിനായി ഇറ്റലിക്കെതിരെ
ലോകകപ്പിലെ പെലെയുടെ 12ാമത്തെയും അവസാനത്തെയും ഗോൾ. മെക്സികോ സിറ്റിയിൽ ഒരു ലക്ഷത്തിലേറെ കാണികളെ സാക്ഷിയാക്കി ഇറ്റലിയെ 4-1ന് തകർത്ത ഫൈനലിൽ ഹെഡറിലൂടെയുള്ള ഗോൾ. ഇടതുഭാഗത്തുനിന്ന് റിവലിനോ നൽകിയ ക്രോസിൽ ഉയർന്നുചാടി ഗോളി എന്റികോ ആൽബർട്ടോസിയെ മറികടന്നുള്ള ഹെഡർ.
ആയിരം തികച്ച ഗോൾ
1969 നവംബർ 19 സാന്റോസിനായി വാസ്കോഡഗാമക്കെതിരെ
മാറക്കാന സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞ കാണികളെ ആവേശത്തിലാഴ്ത്തി 78ാം മിനിറ്റിൽ പെനാൽറ്റിയിൽനിന്ന് ഇതിഹാസ താരത്തിന്റെ കരിയറിലെ ആയിരാമത്തെ ഗോൾ. വലയിൽനിന്ന് പന്തെടുത്ത പെലെ അതുമായി ഗ്രൗണ്ടിന് വലംവെച്ചു. ഏറെ നേരത്തിനുശേഷമാണ് മത്സരം പുനരാരംഭിച്ചത്.
അവസാന ഗോൾ
1977 ഒക്ടോബർ 1 ന്യൂയോർക് കോസ്മോസിനായി സാന്റോസിനെതിരെ
വിടവാങ്ങൽ മത്സരത്തിലെ വികാരനിർഭരമായ ഗോൾ. കരിയറിൽ കളിച്ച രണ്ടു ക്ലബുകൾക്കുമായി ഇരുപകുതികളിലുമായി പന്തുതട്ടിയ പെലെ ഗോൾ നേടിയത് കോസ്മോസിനായി. ആദ്യ പകുതി അവസാനിക്കുന്നതിനുമുമ്പ് ഫ്രീകിക്കിൽനിന്നായിരുന്നു ഗോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.