'മെസ്സിയേക്കാൾ കേമനാണ് ക്രിസ്റ്റ്യാനോ എന്ന് പറയുന്നവർക്ക് ഫുട്ബാളിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല'
text_fieldsപാരിസ്: ആധുനിക ഫുട്ബാളിലെ വിഖ്യാത ഫുട്ബാളർ ലയണൽ മെസ്സി കളത്തിൽ പോരാളിയല്ലെന്ന് പറഞ്ഞത് വിവാദമായി ദിവസങ്ങൾക്കകം താരത്തെ പ്രകീർത്തിച്ച് ഡച്ച് ഫുട്ബാളിലെ മിന്നുംതാരമായിരുന്ന മാർകോ വാൻ ബാസ്റ്റൺ. ഫുട്ബാൾ ചരിത്രം കണ്ട ഏറ്റവും മികച്ച മൂന്നു താരങ്ങളിൽ മെസ്സിയെ ഉൾപെടുത്താനും നെതർലാൻഡ്സ് ടീമിന്റെയും എ.സി മിലാന്റെ വിഖ്യാത താരമായിരുന്ന വാൻ ബാസ്റ്റൺ തയാറായിരുന്നില്ല. ടീമിനെ മുന്നിൽനിന്ന് നയിക്കുന്ന പോരാളിയല്ല മെസ്സിയെന്നും അർജന്റീനാ ടീമിൽ ഡീഗോ മറഡോണയെപ്പോലെ വ്യക്തിഗത സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ലെന്നുമടക്കമുള്ള വാൻ ബാസ്റ്റണിന്റെ പരാമർശങ്ങൾ ഫുട്ബാൾ ലോകത്ത് ഏറെ സംവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
എന്നാൽ, ഇതിനുപിന്നാലെ മെസ്സിയെ പ്രശംസിച്ച് രംഗത്തെത്തുകയായിരുന്നു വാൻ ബാസ്റ്റൺ. മെസ്സിയാണോ ക്രിസ്റ്റ്യാനോയാണോ കേമൻ? എന്ന ലോകഫുട്ബാളിലെ ഏറ്റവും വിലയേറിയ ചോദ്യത്തിനുമുന്നിൽ തന്റെ നിലപാട് പങ്കുവെക്കുമ്പോഴാണ് മെസ്സിയെ മുൻ ഡച്ചുതാരം പ്രകീർത്തിച്ചത്. മെസ്സിയേക്കാൾ കേമനാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന് പറയുന്നവർക്ക് ഫുട്ബാളിനെക്കുറിച്ച് ഒരു ചുക്കുമറിയില്ലെന്നായിരുന്നു വാൻ ബാസ്റ്റണിന്റെ മറുപടി.
'ക്രിസ്റ്റ്യാനോ മഹാനായ കളിക്കാരനാണ്. എന്നാൽ, മെസ്സിയേക്കാളും മികച്ച താരമാണെന്ന് പറയാനേ കഴിയില്ല. അങ്ങനെ പറയുന്നവർ തെറ്റായ വിശ്വാസത്താലാണ് അതു ചെയ്യുന്നത്. മെസ്സി അതുല്യനാണ്. അനുകരിക്കാനോ ആവർത്തിക്കാനോ ഒട്ടും കഴിയാത്തൊരാൾ. അമ്പതോ നൂറോ വർഷം കൂടുമ്പോഴാണ് അത്തരത്തിലൊരു കളിക്കാരൻ പ്രത്യക്ഷപ്പെടുക. കുഞ്ഞായിരിക്കുമ്പോൾ തന്നെ ഫുട്ബാൾ ഇതിഹാസത്തിലേക്കുള്ള മെസ്സിയുടെ വളർച്ചക്ക് തുടക്കമായിരുന്നു' -ഇറ്റാലിയൻ കായിക ദിനപത്രമായ 'കൊറീറേ ഡെല്ലോ സ്പോർട്ടി'ന് നൽകിയ അഭിമുഖത്തിൽ വാൻ ബാസ്റ്റൺ വിശദീകരിച്ചു.
ഇങ്ങനെയൊക്കെ പ്രശംസ ചൊരിഞ്ഞിട്ടും, തനിക്കിഷ്ടപ്പെട്ട എക്കാലത്തെയും മികച്ച മൂന്നു താരങ്ങളെ തെരഞ്ഞെടുക്കുമ്പോൾ മെസ്സിക്ക് വാൻ ബാസ്റ്റൺ ഇടം നൽകിയില്ല. ലോക ഫുട്ബാളിലെ ഏറ്റവും മികച്ച താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം ഏഴു തവണ ലഭിച്ച മെസ്സിയെ ഒഴിവാക്കി ചരിത്രത്തിലെ ഏറ്റവും മികച്ച മൂന്നു കളിക്കാരായി വാൻ ബാസ്റ്റൺ ചൂണ്ടിക്കാട്ടിയത് പെലെ, മറഡോണ, യോഹാൻ ക്രൈഫ് എന്നിവരെയാണ്.
'കുട്ടിയായിരിക്കുമ്പോൾ തന്നെ ക്രൈഫിനെപ്പോലെയാകണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ സുഹൃത്താണദ്ദേഹം. പെലെയും മറഡോണയും അവിശ്വസനീയമായ രീതിയിൽ കളിക്കുന്നവരാണ് -വാൻ ബാസ്റ്റൺ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.