ചാമ്പ്യൻസ് ലീഗിലെ ഞെട്ടിക്കുന്ന സമനില; മുഖത്ത് സ്വയം മുറിവേൽപ്പിച്ച് പെപ്
text_fieldsലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ ഫെയനോർഡിനോഡിനോട് ഞെട്ടിക്കുന്ന സമനില വഴങ്ങിയ ശേഷം മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗാർഡിയോളയുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട മുറിവുകളുടെ കാരണം പുറത്തുവന്നു. സ്വയം മുറവേൽപ്പിച്ചതാണെന്ന് ഗാർഡിയോള തന്നെയാണ് വ്യക്തമാക്കിയത്.
മുഖത്തേറ്റ പരിക്കിന്റെ കാരണം ചോദിച്ച മാധ്യമപ്രവർത്തകരോട്, "എന്റെ വിരൽ ഇതാ (മൂക്കിലേക്ക് ചൂണ്ടി), നഖം ഇതാ, ഞാൻ എന്നെ മുറിവേൽപ്പിക്കാൻ ആഗ്രഹിക്കുന്നു" എന്നായിരുന്ന ഗാർഡിയോളയുടെ പ്രതികരണം.
തുടർച്ചയായി അഞ്ചു തോൽവിക്ക് ശേഷമാണ് സിറ്റി ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഇറങ്ങിയത്. മത്സരത്തിൽ 75 മിനിറ്റുവരെ മൂന്ന് ഗോളിന്റെ ലീഡിന് മുന്നിട്ടുനിന്ന ശേഷാണ് ഡച്ച് ക്ലബായ ഫെയനോർഡിനോട് സമനില വഴങ്ങുന്നത്.
ഹാർലൻഡിന്റെ ഇരട്ടഗോളിനും രക്ഷിക്കാനാകാത്ത കഷ്ടകാലം
കഷ്ടകാലം കൂടെതന്നെയുണ്ടെന്ന് മാഞ്ചസ്റ്റർ സിറ്റിയെ ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്ന മത്സരമാണ് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്നത്. മത്സരത്തിന്റെ 44ാം മിനിറ്റിൽ എർലിങ് ഹാലൻഡിന്റെ പെനാൽറ്റിയിലൂടെയാണ് സിറ്റി ആദ്യ ലീഡെടുക്കുന്നത്. 50ാം മിനിറ്റിൽ ഇൽക്കെ ഗുണ്ടോഗന്റെ ഗോളിലൂടെ ലീഡ് സിറ്റി ലീഡ് ഇരട്ടിയാക്കി.
മൂന്ന് മിനിറ്റിനകം ലീഡ് മൂന്നാക്കി ഉയർത്തി സിറ്റി. മാത്യൂസ് നൂനസ് കൗണ്ടർ അറ്റാക്കിനൊടുവിൽ ബോക്സിലേക്ക് നീട്ടിനൽകിയ ക്രോസിൽ ഹാലൻഡ് ഫ്ലൈയിങ് ഫിനിഷ് നടത്തിയതോടെ വ്യക്തമായ മേധാവിത്തമായി സിറ്റിക്ക്(3-0). ഇതോടെ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും വേഗത്തിൽ 50 ഗോൾ നേട്ടത്തിലെത്തുന്ന താരമായി ഹാലൻഡ് മാറി.
എന്നാൽ, 75ാം മിനിറ്റിൽ സിറ്റിയുടെ പ്രതിരോധ പിഴവ് മുതലെടുത്ത് ഫെയനോർഡ് ആദ്യ ഗോൾ മടക്കുകയായിരുന്നു. സ്ട്രൈക്കർ ഹഡ്ജ മോസായണ് ഗോൾ നേടിയത്. 82ാം മിനിറ്റിൽ രണ്ടാമത്തെ ഗോളും മടക്കി ഫെയ്നോർഡ് സിറ്റിയെ ഞെട്ടിച്ചു. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ഫെയ്നോർഡ് മുന്നേറ്റതാരം സാന്റിയാഗോ ജിമിനസാണ് ഗോൾ നേടിയത്. 89ാം മിനിറ്റിൽ ഡേവിഡ് ഹാൻകോയിലൂടെ ഫെയനോർഡ് സമനിലഗോളും നേടിയതോടെ സിറ്റിയുടെ വിജയപ്രതീക്ഷകൾ കാറ്റിൽപറന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിൽ അഞ്ച് കളികളിൽ നിന്ന് എട്ടു പോയിന്റുമായി 15 ാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.