സൗദി പണം ഫുട്ബാൾ മാർക്കറ്റിനെ മാറ്റിമറിച്ചു -പെപ് ഗ്വാർഡിയോള
text_fieldsസിയോൾ: സൗദി പ്രൊ ലീഗ് ക്ലബുകൾ പണം വാരിയെറിയുന്നത് ഫുട്ബാൾ മാർക്കറ്റിനെ അടിമുടി മാറ്റിമറിച്ചതായി മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള. ക്ലബിന്റെ പ്രീ സീസൺ പര്യടനത്തിനായി ദക്ഷിണ കൊറിയയിലെത്തിയ സിറ്റി ടീം കോച്ച് വാർത്ത സമ്മേളനത്തിൽ സംസാരിക്കവേയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
‘മാർക്കറ്റിനെ സൗദി മാറ്റിമറിച്ചു. കുറച്ചു മാസങ്ങൾക്കുമുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിലേക്ക് പോയപ്പോൾ ലോകത്തെ ഒരുപാട് വമ്പൻ താരങ്ങൾ ഇതുപോലെ സൗദി ലീഗിലേക്ക് കൂടുമാറുമെന്ന് ആരും കരുതിയിരുന്നില്ല. ഭാവിയിൽ ഈ ഒഴുക്ക് വർധിക്കുകയേയുള്ളൂ. എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് ക്ലബുകൾ ജാഗരൂകരാവേണ്ടി വരുന്നത് അതുകൊണ്ടാണ്. മാഞ്ചസ്റ്റർ സിറ്റിയിൽ ഞങ്ങളുടെ താരമായിരുന്ന റിയാദ് മഹ്റെസിന് അൽ അഹ്‍ലി ക്ലബിൽനിന്ന് ലഭിച്ചത് വമ്പൻ ഓഫറായിരുന്നു. അതുകൊണ്ടാണ് അതുവേണ്ടെന്ന് പറയാൻ ഞങ്ങൾക്ക് കഴിയാതിരുന്നത്’ -പെപ് പറഞ്ഞു.
മഹ്റെസിന് ഇപ്പോൾ ഒരു പകരക്കാരനെ തേടുന്നില്ലെന്ന് ഗ്വാർഡിയോള വ്യക്തമാക്കി. ‘ഓരോ കളിക്കാരനും വ്യത്യസ്തനാണ്. അതുകൊണ്ടുതന്നെ മഹ്റെസിന് അതേപോലുള്ള ഒരു പകരക്കാരനെ ഞങ്ങൾ തേടുന്നില്ല. വായ്പാടിസ്ഥാനത്തിലുള്ള കളിക്കാരുടെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കട്ടെ. അതുപോലെ ആരൊക്കെ ഇവിടെ തുടരുന്നുവെന്നും. കുറച്ചുകാര്യങ്ങൾ സംഭവിക്കാനുണ്ട്’- അദ്ദേഹം സൂചന നൽകി.
മഹ്റെസിന് പുറമെ ക്യാപ്റ്റനായിരുന്ന ഇൽകായ് ഗുണ്ടോകാൻ ഈ സീസണിൽ ബാഴ്സലോണയിലേക്ക് കൂടുമാറിക്കഴിഞ്ഞു. ചെൽസി മിഡ്ഫീൽഡർ മാറ്റിയോ കൊവാസിച്ചിനെ മാത്രമാണ് സിറ്റി ഇതുവരെ ടീമിലെത്തിച്ചിട്ടുള്ളത്. ഫുൾബാക്ക് കെയ്ൽ വാക്കർ ബയേൺ മ്യൂണിക്കിലേക്ക് കൂടുമാറുമെന്നും ശ്രുതിയുണ്ട്. ഇതിനിടെ, സെന്റർ ബാക്ക് നതാൻ ആക്കെ സിറ്റിയുമായുള്ള കരാർ 2027 വരെ നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.