ഞാനത്ര പോരാ -പെപ് ഗാർഡിയോള
text_fieldsലണ്ടൻ: കളിയും ഭാഗ്യവും കൈവിട്ട് യുനൈറ്റഡിനോട് തോൽവി വഴങ്ങിയതിന് പിന്നാലെ ഏറ്റുപറഞ്ഞ് സിറ്റി കോച്ച് പെപ് ഗാർഡിയോള. ‘ഞാനാണ് ഉടമ. ഞാനാണ് പരിശീലകൻ. പോംവഴികളുണ്ടാകേണ്ടിയിരുന്നു. പക്ഷേ, അവ കണ്ടെത്താനാകുന്നില്ല. ഇതൊരു വലിയ ക്ലബാണ്. 11ൽ എട്ടും തോൽക്കുകയെന്നത് ഒട്ടും ശരിയല്ലാത്തതാണ്. മത്സരക്രമം കടുത്തതായെന്നോ താരങ്ങൾക്ക് പരിക്കെന്നോ വേണേൽ പറയാം.
ഇത് അതൊന്നുമല്ല. പരിശീലകനായ ഞാൻ അത്ര പോരാ.. അതാണ് വിഷയം. അവരോട് സംസാരിക്കാൻ, പരിശീലിപ്പിക്കാൻ, സമ്മർദം ചെലുത്താൻ... എല്ലാറ്റിനും പോംവഴി ഉണ്ടാകണം. അതില്ലാത്തതിനാൽ ഞാൻ അത്ര പോരാ. എന്റെ പ്രകടനവും പോരാ.. അതാണ് സത്യം’- പെപിന്റെ വാക്കുകൾ. ടീം തുടർച്ചയായ നാലു തോൽവികളുടെ നാണക്കേടിൽനിൽക്കെ കഴിഞ്ഞ നവംബറിലാണ് പെപ് ടീമുമായി രണ്ടുവർഷത്തേക്ക് കരാർ വീണ്ടും പുതുക്കുന്നത്.
അതാണ് കോച്ചിനുമേൽ സമ്മർദം ഇരട്ടിയാക്കുന്നതും. നീണ്ട എട്ടുവർഷമായി ടീമിനൊപ്പം തുടരുന്ന ഗാർഡിയോളക്ക് കീഴിൽ സമാനതകളില്ലാത്ത കിരീടനേട്ടങ്ങൾ എത്തിപ്പിടിച്ചതിനൊടുവിലാണ് തിരിച്ചുവരവ് എളുപ്പമല്ലാത്തവിധം ടീം തോൽവിത്തുടർച്ചകളുടെ നാണക്കേടിൽ മുങ്ങിനിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.