‘തന്ത്രങ്ങൾ പാളിയാൽ ആരാധകർ എന്നെ കൊല്ലും’- മൈതാനത്തെ പുതിയ പരീക്ഷണങ്ങൾ ഇനിയും തുടരുമെന്ന് പെപ്
text_fieldsപിറകിൽനിന്നതിന്റെ ക്ഷീണം കാട്ടാതെ മനോഹരമായി കളിച്ച് കിരീടത്തുടർച്ചയുടെ വഴിയിലെത്തിയ ആഘോഷത്തിലാണ് ഇത്തിഹാദ് മൈതാനം. അതുവരെയും നിലനിർത്തിയ വൻ ലീഡിന്റെ ആലസ്യം തിരിച്ചടിയായി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ആഴ്സണലാകട്ടെ, എങ്ങനെയും തിരിച്ചുവരാനുള്ള പങ്കപ്പാടിലും. ഇരുവരും തമ്മിലെ മുഖാമുഖം അക്ഷരാർഥത്തിൽ സിറ്റി മയമായിരുന്നു. എമിറേറ്റ്സ് മൈതാനത്ത് സ്വന്തം തട്ടകത്തിന്റെ ആനുകൂല്യമുണ്ടായിട്ടും ഒന്നും ചെയ്യാനില്ലാതെ ഗണ്ണേഴ്സ് കീഴടങ്ങിയ കളിയിൽ 3-1നായിരുന്നു സിറ്റി ജയിച്ചുകയറിയത്.
ഓരോ കളിയിലും താരങ്ങൾക്ക് പുതിയ ഉത്തരവാദിത്വങ്ങൾ നൽകിയും താരങ്ങളെ മാറ്റിപ്പരീക്ഷിച്ചും പെപ് ഗ്വാർഡിയോള എന്ന തന്ത്രങ്ങളുടെ ആശാൻ നടത്തുന്ന പരീക്ഷണങ്ങളാണ് പലപ്പോഴും ടീമിന് മുൻതൂക്കം നൽകാറുള്ളത്. ചിലപ്പോഴെങ്കിലും അവ തിരിച്ചടിയാകുകയും ചെയ്യും. ആഴ്സണലിനെതിരെ ബെർണാഡോ സിൽവയെ പതിവു തെറ്റിച്ച് ഇടതുബാക്കിൽ അവതരിപ്പിച്ചതായിരുന്നു അതിലൊന്ന്. പാളുമെന്ന് മനസ്സിലാക്കി ഒരു മണിക്കൂർ കഴിഞ്ഞ് തിരുത്തിയെങ്കിലും വ്യാപകമായ വിമർശനം നേരിട്ടു.
എന്നാൽ, വിമർശനം നേരിട്ടാലും പരീക്ഷണങ്ങൾ തുടരാൻ തന്നെയാണ് തീരുമാനമെന്ന് പെപ് പറയുന്നു. ‘‘തന്ത്രങ്ങൾ വിജയിച്ചാൽ ഞാൻ ധീരനാകും. പാളിയാലോ കടന്ന ചിന്തയുമാകും, അഹങ്കാരവും. ആരാധകർ എന്നെ കൊല്ലും’- തന്റെ തന്ത്രങ്ങളെ കുറിച്ച വിലയിരുത്തലുകൾ ഇങ്ങനെയൊക്കെ ആകുമെന്ന് പരിശീലകൻ പറയുന്നു.
കോച്ചായി 14 വർഷത്തിനിടെ ആദ്യമെത്തിയ ബാഴ്സലോണ മുതൽ സിറ്റി വരെ ഒന്നിലും മനസ്സുറപ്പിക്കാതെ ഒരു തീരുമാനവുമെടുത്തിട്ടില്ലെന്നും അദ്ദേഹം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.