കിരീട ശരാശരിയിൽ ഫെർഗൂസനെയും ബഹുദൂരം പിറകിലാക്കി ഗ്വാർഡിയോള
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായി നാല് കിരീടങ്ങൾ നേടുന്ന ടീമെന്ന റെക്കോഡിലേക്ക് മാഞ്ചസ്റ്റർ സിറ്റിയെ എത്തിച്ചത് പരിശീലകൻ ജോസപ് ഗ്വാർഡിയോള സാല എന്ന പെപ് ഗ്വാർഡിയോളയുടെ മികവാണെന്ന് നിസ്സംശയം പറയാം. 2016ൽ സിറ്റിയിലെത്തിയ പെപ് കഴിഞ്ഞ ഏഴ് സീസണിൽ ആറിലും ടീമിനെ ചാമ്പ്യന്മാരാക്കി.
2023ൽ ടീമിന് ലഭിച്ചത് ബിഗ് ഫൈവ്. പ്രീമിയർ ലീഗിനൊപ്പം എഫ്.എ കപ്പും സൂപ്പർ കപ്പും ചാമ്പ്യൻസ് ലീഗ്, ക്ലബ് ലോകകപ്പ് കിരീടങ്ങളുമായി ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടമാണ് സിറ്റിസൺസിനെ തേടിയെത്തിയത്. പരിശീലിപ്പിച്ച ടീമുകളുടെ പ്രകടനങ്ങളുടെയും ട്രോഫികളുടെയും കണക്കെടുത്താൽ ഇതിഹാസമായ സർ അലക്സ് ഫെർഗൂസനാണ് ലോക ഫുട്ബാൾ കണ്ട ഏറ്റവും മികച്ച ആശാൻ. എന്നാൽ, 53കാരനായ പെപ്പിന് കരിയർ ഇനിയും ബാക്കിനിൽക്കെ വാരിക്കൂട്ടിയ കിരീടങ്ങൾവെച്ച് താരതമ്യം ചെയ്യുമ്പോൾ ആരാണ് ഏറ്റവും കേമനെന്ന കാര്യത്തിൽ ഫുട്ബാൾ പണ്ഡിതർക്കിടയിൽ രണ്ടഭിപ്രായം ഉയരാൻ തുടങ്ങിയിട്ടുണ്ട്.
34 വർഷത്തെ കരിയറിൽ ഫെർഗൂസന്റെ ഷെൽഫിലുള്ളത് 48 പ്രമുഖ കിരീടങ്ങളാണ്. മാഞ്ചസ്റ്റർ യുനൈറ്റഡിൽ മാത്രം 27 വർഷം ചെലവഴിച്ച ഫെർഗൂസൻ അവിടെ 37 കിരീടങ്ങൾ നേടി. എന്നാൽ, 15 സീസണേ പിന്നിട്ടിട്ടുള്ളൂ പെപ്. ഇതിൽ കിരീടനേട്ടം 38ലെത്തി. എഫ്.എ കപ്പ് ഫൈനലിൽ യുനൈറ്റഡുമായി ഏറ്റുമുട്ടാനിരിക്കെ സിറ്റി ജയിച്ചാൽ എണ്ണം 39 ആകും. ബാഴ്സലോണയിൽ 14, ബയേൺ മ്യൂണിക്കിൽ 7, സിറ്റിയിൽ 17 എന്നിങ്ങനെയാണ് ഗ്വാർഡിയോളയുടെ കണക്ക്. ഫെർഗൂസന്റെത് സീസണിൽ ശരാശരി 1.4 ആണെങ്കിൽ പെപ്പിന് 2.6 ഉണ്ട്. ഈ രീതിയിൽ മുന്നോട്ടുപോയാൽ 2028ഓടെ ഫെർഗൂസനെ പിറകിലാക്കും ഗ്വാർഡിയോള. അടുത്ത വർഷം സിറ്റി വിട്ടേക്കുമെന്ന സൂചനയും പ്രീമിയർ ലീഗ് കിരീടനേട്ടത്തിന് പിന്നാലെ പെപ് നൽകി.
“കഴിഞ്ഞ വർഷം, ഇസ്തംബൂളിനുശേഷം (ചാമ്പ്യൻസ് ലീഗ്), അത് അവസാനിച്ചു, ഒന്നും അവശേഷിക്കുന്നില്ല എന്ന് ഞാൻ പറഞ്ഞു. എന്നാൽ എനിക്ക് ഒരു കരാറുണ്ട്. ആരും തുടർച്ചയായി നാലെണ്ണം നേടിയില്ല. എന്തുകൊണ്ട് ശ്രമിച്ചുകൂടാ എന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. ഇപ്പോൾ അത് പൂർത്തിയായതായി തോന്നുന്നു. അടുത്തത് എന്താണ്? എല്ലാം ചെയ്തുകഴിഞ്ഞാൽ തുടരാനുള്ള പ്രചോദനം കണ്ടെത്തുക ബുദ്ധിമുട്ടാണ്.''-അദ്ദേഹം പറഞ്ഞു. നിൽക്കുന്നതിനേക്കാൾ വിടുന്നതിലേക്കാണ് താൻ അടുത്തിരിക്കുന്നതെന്നാണ് യാഥാർഥ്യമെന്നും പെപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.