ഒരേ ഒരു പെപ്; 'കിരീടമാണ് സാറെ....ഇവന്റെ മെയിൻ..!'
text_fieldsഇസ്റ്റാംബൂൾ: 2009ൽ ബാഴ്സലോണയിൽ, ഇപ്പോഴിതാ മാഞ്ചസ്റ്റർ സിറ്റിയിൽ...പെപ് ഗാർഡിയോള ചരിത്രം സൃഷ്ടിക്കുകയാണ്. ഇസ്റ്റംബൂൾ അതാതുർക് മൈതാനത്ത് ഇന്റർ മിലാനെ കടന്ന് മാഞ്ചസ്റ്റർ സിറ്റി യൂറോപ്യൻ കിരീടമണിഞ്ഞപ്പോൾ സിറ്റിക്കൊപ്പം ഗാർഡിയോളയും ചരിത്രത്തിലേക്ക് നടന്നുകയറുകയായിരുന്നു.
ഒന്നിലധികം തവണ യൂറോപ്യൻ ട്രെബിൾ നേടുന്ന ആദ്യ പരിശീലകനായി മാറി പെപ് ഗാർഡിയോള. മാഞ്ചസ്റ്റർ സിറ്റി ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ പ്രീമിയർ ലീഗും എഫ്.എ കപ്പും ഉൾപെടെ ഈ മൂന്ന് കിരീടങ്ങളും ഒരേ സീസണിൽ നേടിയ യൂറോപ്പിലെ രണ്ടാമത്തെ ടീമായി. 1998-99 സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മാത്രമാണ് മുൻപ് ഈ നേട്ടത്തിലെത്തിയത്.
2008-09 സീസണിൽ ബാഴ്സലോണയിൽ പരിശീലകനായിരിക്കുമ്പോഴാണ് പെപ് ഈ നേട്ടം മുൻപ് കൈവരിച്ചത്. ലാലിഗ, കോപ ഡെൽ റെ, ഒപ്പം ചാമ്പ്യൻസ് ലീഗും അന്ന് പെപിന്റെ ബാഴ്സ ഷോക്കേസിലെത്തിച്ചിരുന്നു.
രണ്ട് വ്യത്യസ്ത ക്ലബുകളിൽ മാനേജറായി ചാമ്പ്യൻസ് ലീഗ് കിരീടമുയർത്തുന്ന ആറാമത്തെ മനേജർ കൂടിയാണ് ഈ സ്പാനിഷ്താരം. ജോസ് മൗറീഞ്ഞോ (പോർട്ടോ, ഇന്റർ മിലാൻ), ജുപ്പ് ഹെയ്‌ങ്കെസ് (ബയേൺ മ്യൂണിക്ക്, റയൽ മാഡ്രിഡ്), കാർലോ ആൻസലോട്ടി (എസി മിലാനും റയൽ മാഡ്രിഡ്), ഏണസ്റ്റ് ഹാപ്പൽ (ഹാംബർഗ്, ഫെയ്‌നൂർഡ്), ഒട്ട്‌മാർ ഹിറ്റ്‌സ്‌ഫീൽഡ് (ബയേൺ മ്യൂണിക്ക്, ബൊറൂസിയ ഡോർട്ട്മുണ്ട്) എന്നിവരാണ് മറ്റു പരിശീലകർ.
പരിശീലക വേഷത്തിൽ ആകെ 35 കിരീടങ്ങളാണ് അദ്ദേഹം ക്ലബുകൾക്കായി നേടികൊടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.