ഏഷ്യൻ പേര് ഉയർത്താൻ പേർഷ്യ
text_fieldsയോഗ്യത റൗണ്ടിലെ ഏഴാം മത്സരത്തിൽ ഇറാഖിനെ 1-0ത്തിന് പരാജയപ്പെടുത്തി ലോകകപ്പ് ടിക്കറ്റെടുത്ത ഇറാൻ ഇത്തവണയും ശുഭപ്രതീക്ഷയിലാണ്. ഏഷ്യയിൽ നിന്ന് യോഗ്യത നേടിയ ആദ്യ ടീമായ ഇറാൻ ആറാം തവണയാണ് ലോകകപ്പ് പോരാട്ടത്തിനെത്തുന്നത്.
ഏഴ് കളിയിൽ നിന്ന് 19 പോയന്റ് നേടിയാണ് ബി ഗ്രൂപ്പിൽ ഇവർ യോഗ്യതയുറപ്പിച്ചത്. ഗ്രൂപ് ബിയിൽ കരുത്തുകാട്ടാനുറച്ചു നിൽക്കുന്ന ഇംഗ്ലണ്ടിനോടാണ് ആദ്യ മത്സരം. ശേഷം വെയിൽസിനോടും യു.എസിനോടും ഏറ്റുമുട്ടും.
ഏഷ്യൻ ശക്തിയായ ഇറാന് ഇതുവരെ ലോകകപ്പിൽ നേട്ടങ്ങൾ ഉണ്ടാക്കാനായില്ലെങ്കിലും ആത്മവിശ്വാസത്തോടെ കളം നിറഞ്ഞു നിൽക്കാൻ ശേഷിയുള്ളവരാണ് ടീമംഗങ്ങൾ. മൈതാനത്ത് ഇംഗ്ലണ്ടിനെ വെല്ലുന്ന പ്രതീതിയുണ്ടാക്കാൻ കഴിഞ്ഞാൽ അമേരിക്കയോടും വെയിൽസിനോടും ഇറാന് മികവ് പുറത്തെടുക്കാൻ ഊർജം ലഭിക്കും.
ഫ്രാൻസിൽ നടന്ന 1998ലെ ലോകകപ്പിൽ ഇറാൻ അമേരിക്കയെ 2-1ന് പരാജയപ്പെടുത്തിയിരുന്നു. ഗോളടിവീരന്മാരായ സർദാർ അസ്മൂനും കരീം അൻസാരിഫാദും കളിക്കളത്തിലെ മിന്നും താരങ്ങളായേക്കും. ക്യാപ്റ്റൻ എഹ്സാൻ ഹാജ്സഫിയടക്കമുള്ള പ്രതിരോധനിര മിന്നിയാൽ പേർഷ്യക്കാരുടെ കളിയരങ്ങിന് മാറ്റ് കൂടും.
<< ആശാൻ
പോർചുഗീസുകാരനായി ജന്മം കൊണ്ട് സ്വന്തം രാജ്യത്തെ ഫുട്ബാൾ ടീമുകൾക്ക് പരിശീലനം നൽകിയിരുന്ന കാർലോസ് ക്വെയ്റോസാണ് ഇറാൻ ടീമിന്റെ മുഖ്യപരിശീലകൻ. ഇദ്ദേഹത്തിന്റെ പരിശീലന മികവിൽ 1989ലും 1991ലും അണ്ടർ 20 വേൾഡ് കപ്പിൽ പോർചുഗൽ ടീം കിരീടം നേടിയിരുന്നു.
റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ യുനൈറ്റഡ്, യു.എ.ഇ എന്നീ ടീമുകളുടെയും പരിശീലകനായിരുന്നു. 2011 മുതൽ 2019 വരെ ഇറാൻ ടീമിന്റെ അധിപനായി പ്രവർത്തിച്ചു. 2014, 18 ലോകകപ്പുകളിൽ ഇറാനെ പരിശീലിപ്പിച്ച കാർലോസിന് ഖത്തറിൽ ഇറാൻ ബൂട്ടണിയുമ്പോൾ താരങ്ങളെ തന്റെ പരിചയസമ്പന്നത കൊണ്ട് പാകപ്പെടുത്താനാവും.
കുന്തമുന >>
ലെഫ്റ്റ് മിഡ് ഫീൽഡറായും പ്രതിരോധനിരയിലും വിംഗർ പൊസിഷനിലുമെല്ലാം അനായാസം പന്ത് വരുതിയിലാക്കാൻ കഴിവുള്ള യൂട്ടിലിറ്റി താരമാണ് ടീമിന്റെ ക്യാപ്റ്റനായ ഇഹ്സാൻ ഹജ്സഫിയെന്ന 32 കാരൻ. ഏഷ്യൻ ഫുട്ബാളിലെ ഏറെ പ്രതീക്ഷയുള്ള കളിക്കാരനായി ഹജ്സഫിയെ ഗോൾ.കോം തിരഞ്ഞെടുത്തിരുന്നു.
2014, 2018 ലോകകപ്പിലും, 2011, 2015, 2019 വർഷങ്ങളിൽ എ.എഫ്.സി ഏഷ്യൻ കപ്പ് ടൂർണമെന്റുകളിലും ഇറാന് വേണ്ടി ബൂട്ടണിഞ്ഞു. ഗ്രീക്ക് സൂപ്പർ ലീഗ് ക്ലബായ എ.ഇ.കെ ആതൻസിന് വേണ്ടിയും ഹാജ്സഫി കളിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.