ഗോളിന്റെ ചിരിയില്ല; കോപയിൽ സമനിലയിൽ പിരിഞ്ഞ് പെറുവും ചിലിയും
text_fieldsടെക്സാസ് (യു.എസ്): കോപ അമേരിക്ക ഫുട്ബാളിൽ ഗോളില്ലാ സമനിലയിൽ പിരിഞ്ഞ് പെറുവും ചിലിയും. ടെക്സാസിലെ ആർലിങ്ടണിൽ നടന്ന കളിയിൽ ഏറക്കുറെ തുല്യശക്തികളുടെ പോരാട്ടം കണ്ട കളിയിൽ ഇരുടീമിനും ഒറ്റപ്പെട്ട ഗോളവസരങ്ങൾ മുതലെടുക്കാനായില്ല. പെറുവും ചിലിയും സമനിലയിൽ കുരുങ്ങിയത് ഗ്രൂപ് ‘എ’യിൽ ആദ്യ മത്സരം ജയിച്ച നിലവിലെ ജേതാക്കളായ അർജന്റീനയുടെ ക്വാർട്ടർ പ്രതീക്ഷകൾക്ക് കരുത്തേകി. ഗ്രൂപ് എ യിൽ മൂന്നു പോയന്റുമായി ഒന്നാമതുള്ള അർജന്റീനക്കുപിന്നിൽ പെറുവിനും ചിലിക്കും ഓരോ പോയന്റാണുള്ളത്. ഉദ്ഘാടന മത്സരത്തിൽ അർജന്റീനയോടു തോറ്റ കാനഡ പോയന്റൊന്നുമില്ലാതെ അവസാന സ്ഥാനത്താണ്.
മത്സരത്തിൽ പന്തിന്മേൽ കൃത്യമായ മേധാവിത്വം ചിലിക്കായിരുന്നു. 65 ശതമാനം സമയവും പന്ത് കാൽക്കീഴിലൊതുക്കിയിട്ടും വലയുടെ നേർക്ക് ഒരൊറ്റത്തവണ മാത്രമേ അവർക്ക് നിറയൊഴിക്കാനായുള്ളൂ. ടാർഗെറ്റിന് പുറത്ത് 11 ഷോട്ടുകൾ പായിച്ചപ്പോഴാണിത്. ചിലിയുടെ വെറ്ററൻ താരവും മുൻ ആഴ്സനൽ സ്ട്രൈക്കറുമായ അലക്സിസ് സാഞ്ചസിനാണ് മത്സരഫലത്തെ മാറ്റിമറിക്കാൻ കഴിയുന്ന രീതിയിലൊരു സുവർണാവസരം ഒത്തുകിട്ടിയത്. 16-ാം മിനിറ്റിൽ വിക്ടർ ഡാവിലയുടെ താഴ്ന്നിറങ്ങിയ ക്രോസിൽ ബോക്സിൽ പന്തുകിട്ടിയ സാഞ്ചസിന്റെ ഷോട്ട് ഗോളിമാത്രം നിൽക്കെ അവിശ്വസനീയമായി പുറത്തേക്ക് പറന്നു.
പരിക്കുകളും ഫൗളുകളും ആവോളമുണ്ടായിരുന്ന കളിയിൽ പെറുവിന്റെ ലൂയിസ് ആഡ്‍വിങ്കുലക്കും ചിലി മിഡ്ഫീൽഡർ ഡീഗോ വാൽഡെസിനും ആദ്യപകുതിയിൽതന്നെ പകരക്കാരിറങ്ങേണ്ടിവന്നു. ചിലിയുടെ 41കാരനായ ഗോളി ക്ലോഡിയോ ബ്രാവോയുടെ പരിചയസമ്പത്താർന്ന മെയ്‍വഴക്കം ഒന്നിലേറെ തവണ ടീമിന്റെ രക്ഷക്കെത്തി. 43-ാം മിനിറ്റിൽ സെർജിയോ പെനയുടെ ഫ്രീകിക്കിൽനിന്ന് മിഗ്വൽ അറോയോ പെറുവിനുവേണ്ടി വലകുലുക്കിയെന്ന് തോന്നിച്ചെങ്കിലും അവസാനഘട്ടത്തിൽ വായുവിലുയർന്ന് ബ്രാവോ അതിശയകരമായി തട്ടിപ്പുറത്താക്കി.
രണ്ടാം പകുതിയിൽ പെറുവിനുവേണ്ടി ഗിയാൻലൂക്ക ലപാഡുല അപകരകരമായ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചെങ്കിലും ബ്രാവോയെ ഗൗരവതരമായി പരീക്ഷിക്കുന്ന രീതിയിലേക്ക് അത് വളർന്നില്ല. 79-ാം മിനിറ്റിൽ പെനയുടെ കോർണറിൽ ലപാഡുലയുടെ വോളി റീബൗണ്ടിലടക്കം പ്രതിരോധിച്ച് ബ്രാവോ വീണ്ടും മിടുക്കുകാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.