അർജന്‍റീനക്ക് അഭിനന്ദനവുമായി പിണറായി; വി.ഡി സതീശന് വിങ്ങലായി നെയ്മറിന്റെ കരച്ചിൽ
text_fieldsതിരുവനന്തപുരം: കോപ അമേരിക്ക കിരീട വിജയത്തിൽ അർജന്‍റീനക്കും ലയണൽ മെസ്സിക്കും അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്‍റെ സൗന്ദര്യമെന്ന യാഥാർഥ്യത്തിന് അടിവരയിടുന്നതാണ് കോപ അമേരിക്ക ഫൈനലെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
വാശിയേറിയ മത്സരത്തിൽ യഥാർത്ഥത്തിൽ വിജയിച്ചത് ഫുട്ബാൾ ഉയർത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്പോർട്സ്മാൻ സ്പിരിറ്റുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 'അർജന്‍റീനയുടെ വിജയവും ലയണൽ മെസി എന്ന ലോകോത്തര താരത്തിന്‍റെ കിരീടധാരണവും എത്രമാത്രം സുന്ദരം! ഫുട്ബാൾ എന്ന ഏറ്റവും ജനകീയമായ കായികവിനോദത്തിന്‍റെ സത്ത ഉയർത്തിപ്പിടിക്കാൻ നമുക്കാകട്ടെ. ഫുട്ബാൾ ആരാധകരുടെ സന്തോഷത്തിൽ കൂട്ടത്തിലൊരാളായി പങ്കു ചേരുന്നു'-അദ്ദേഹം എഴുതി.
അതേസമയം ഇഷ്ട ടീമായ ബ്രസീൽ ഫൈനലിൽ പരാജയപ്പെട്ടതിന്‍റെ നിരാശയിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നെയ്മറിന്റെ കരച്ചിൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നതായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അർജന്‍റീനയെ അഭിനന്ദിച്ച അദ്ദേഹം നല്ല മത്സരം കാണാൻ കഴിഞ്ഞതിലുള്ള സന്തോഷം പ്രകടിപ്പിച്ചു. ലാറ്റിൻ അമേരിക്കൻ ഫുട്ബാളിന്റെ വന്യതയും സൗന്ദര്യവും ഉണ്ടായിരുന്നെങ്കിലും ഇടക്കിടക്കുള്ള പരുക്കൻ കളികൾ വിഷമമുണ്ടാക്കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
മറക്കാന സ്റ്റേഡിയത്തിൽ നടന്ന കോപ അമേരിക്ക ഫുട്ബാൾ ടൂർണമെന്‍റിന്‍റെ ഫൈനലിൽ നിലവിലെ ജേതാക്കളായ ബ്രസീലിനെ 1-0ത്തിന് തോൽപിച്ചാണ് അർജന്‍റീന ജേതാക്കളായത്. ഇതോടെ അർജന്‍റീന ജഴ്സിയിൽ ഒരു അന്താരാഷ്ട്ര കിരീടമെന്ന മെസ്സിയുടെ ദീർഘ നാളത്തെ കാത്തിരിപ്പിനാണ് വിരാമമായത്. ബ്രസീലിയൻ പ്രതിരോധ നിരയുെട പിഴവിൽ നിന്ന് ആദ്യ പകുതിയിൽ വലകുലുക്കിയ എയ്ഞ്ചൽ ഡിമരിയയാണ് അർജന്‍റീനയുടെ വിജയശിൽപി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.