കളിക്കും, കപ്പടിക്കും
text_fieldsകൊച്ചി: സന്തോഷ്‌ട്രോഫി ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പുകൾ പൂർത്തിയാക്കി കേരള ടീം കളിച്ച് കപ്പടിക്കാൻ ഇന്ന് പുറപ്പെടും. ഈ മാസം പത്തിന് ഒഡിഷയിലെ ഭുവനേശ്വറിലാണ് മത്സരം ആരംഭിക്കുന്നത്. 22 അംഗ ടീമിനെ പ്രഖ്യാപിച്ചതോടെ കൂടുതൽ ആത്മവിശ്വാസത്തിലാണ് ടീം. എറണാകുളത്ത് പരിശീലനം പൂർത്തിയാക്കിയ ടീം യോഗ്യതാ മത്സരങ്ങളില്‍ കാഴ്ചവെച്ച പ്രകടനം ഫൈനൽ റൗണ്ടിലും പുറത്തെടുക്കുമെന്ന് ഉറച്ച വിശ്വാസത്തിലാണ് കോച്ച് പി.ബി. രമേഷ്. പ്രാഥമിക റൗണ്ടിനേക്കാൾ കഠിനമായിരിക്കും മത്സരം,
പക്ഷെ പുറത്തെടുത്ത പെർഫോമൻസും ഗോൾ നേട്ടവും വെച്ചുനോക്കുമ്പോൾ, ആ പ്രകടനം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് താനെന്നും രമേഷ് ‘മാധ്യമ’േത്താട് പറഞ്ഞു. ടീമിന്‍റെ അടിത്തറ ശക്തമാണ്. കഴിഞ്ഞ തവണ സ്വന്തമാക്കിയ കിരീടം ഇക്കറിയും നമ്മുടെ ടീം കേരളത്തിന്‍റെ നെഞ്ചോട് ചേർത്തുവെക്കും. 16 പുതുമുഖങ്ങളാണ് ഇക്കുറി മത്സരത്തിനിറങ്ങിയിരിക്കുന്നത്.
ഈ ഒരു മിക്സ് തന്നെയാണ് ടീമിന്‍റെ പ്ലസ്. എക്സ്പീരിയൻസും യങ്സ്റ്റേഴ്സും കൂടി ചേരുമ്പോൾ മികച്ച പ്രകടനം കാഴ്ചവെക്കാനാകും. എല്ലാവരും കെ.പി.എൽ മാച്ചുകളിൽ കളിക്കുന്നവരാണ്. അത്തരത്തിലുള്ള എക്സ്പീരിയൻസുണ്ട്. കഴിഞ്ഞ കളികളിലെല്ലാം ഗോൾ സ്കോറിങ്ങ് നടന്നിരുന്നു. ഇക്കുറിയും എല്ലാ മാച്ചുകളിലും ഗോളടിക്കാൻ കഴിഞ്ഞാൽ ജയിച്ചുകയറാൻ പറ്റും.
ടീമിന്‍റെ യൂനിറ്റിയാണ് മറ്റൊരു കരുത്ത്. സപ്പോർട്ടിങ്ങ് സ്റ്റാഫടക്കം ടീമിന്‍റെ എല്ലാവരും മികച്ച എഫർട്ട് എടുത്തിട്ടുണ്ട്. അതിന്‍റെ ഒരു പോസിറ്റിവ് വൈബ് ടീമിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യ റൗണ്ടിൽ മികച്ച റിസൾട്ടാണ് ഞങ്ങളുണ്ടാക്കിയത് ആ പ്രകടനം തന്നെ ഫൈനൽ റൗണ്ടിലും പുറത്തെടുക്കാനാകുമെന്ന കോൺഫിഡൻസിലാണ് ഞങ്ങളെല്ലാം ഉള്ളതെന്ന് ടീം ക്യാപ്റ്റനും ഗോൾകീപ്പറുമായ വി.മിഥുൻ പറഞ്ഞു.ഇന്ന് വൈകുന്നേരം ആറിന് എറണാകുളത്ത് നിന്നാണ് ടീം ഭൂവനേശ്വറിലേക്ക് പുറപ്പെടുന്നത്.
നാഡ റിപ്പോർട്ടിൽ കുടുങ്ങി വിഘ്നേഷ് പുറത്ത്; പകരം ആസിഫ്
കൊച്ചി: ഡോപ്പിങ് ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്ന് സന്തോഷ് ട്രോഫി ടൂർണമെന്‍റിനുള്ള കേരള ടീമിൽനിന്ന് മുന്നേറ്റനിര താരം എം. വിഘ്നേഷിനെ ഒഴിവാക്കി. കഴിഞ്ഞ ഒക്ടോബറിൽ ഗുജറാത്തിൽ നാഷനൽ ഗെയിംസ് ഫുട്ബാളിൽ കേരള ടീം അംഗമായിരുന്ന വിഘ്നേഷ് നിരോധിക്കപ്പെട്ട മരുന്ന് ഉപയോഗിച്ചതായി നാഷനൽ ആന്‍റി ഡോപ്പിങ് ഏജൻസി (നാഡ) നടത്തിയ പരിശോധനയിൽ കണ്ടെത്തി.
വിഘ്നേഷ് ഉൾെപ്പടെ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത പത്ത് താരങ്ങളുടെ റിസൽറ്റ് പോസിറ്റീവായ വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇനി നാഡയുടെ ക്ലിയറൻസ് റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ സന്തോഷ് ട്രോഫി ടീമിൽ വിഘ്നേഷിനെ ഉൾപ്പെടുത്താൻ കഴിയൂ. ഈ സാഹചര്യത്തിലാണ് വിഘ്നേഷിനെ മാറ്റി നിർത്തുന്നത്. പകരക്കാരനായി റിസർവ് താരം ആസിഫിനെ (എറണാകുളം) ഉൾപ്പെടുത്തിയതായി ടീം അധികൃതർ അറിയിച്ചു.
വിഘ്നേഷിന്‍റെ മൂക്കിൽ ഓപറേഷൻ നടന്നിരുന്നു. അതിന്‍റെ ഭാഗമായി മരുന്നുകൾ കഴിക്കുകയും ഇൻഹേലർ ഉപയോഗിക്കുകയും ചെയ്തിരുന്നു. ആ മരുന്നുകളിലേതെങ്കിലും ഒന്നിന്‍റെ കണ്ടന്‍റ് കാണിക്കുന്നതാകും റിസൽറ്റ് പ്രതികൂലമാകാൻ കാരണമെന്ന് കരുതുന്നതായി കോച്ച് പി.ബി. രമേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.