പെലെയോ റൊണാൾഡോയോ അല്ല! ഫുട്ബാളിലെ ‘ഗോട്ട്’ മെസ്സി തന്നെ; ഫുട്ബാൾ കമ്പം തുറന്നുപറഞ്ഞ് മോദി
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിക്കറ്റ് കമ്പം ഏവർക്കും അറിയാവുന്നതാണ്. എന്നാൽ, മോദിയുടെ ഫുട്ബാളിനോടുള്ള താൽപര്യം പലർക്കും പുതിയ അറിവായിരിക്കും.
ലെക്സ് ഫ്രിഡ്മാനുമായുള്ള പോഡ്കാസ്റ്റിലാണ് മോദി ഫുട്ബാളിനോടുള്ള താൽപര്യവും ഇഷ്ട താരങ്ങളെയും വെളിപ്പെടുത്തിയത്. എക്കാലത്തെയും മികച്ച ഫുട്ബാൾ താരം ആരെന്ന ചോദ്യത്തിന് മോദിക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു. ഫുട്ബാളിലെ ‘ഗോട്ട്’ ആരെന്ന ചോദ്യത്തിനൊപ്പം ഇതിഹാസങ്ങളായ ഡീഗോ മറഡോണ, പെലെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി, സിനദിൻ സിദാൻ എന്നീ ഓപ്ഷനുകളും നൽകിയിരുന്നു. കഴിഞ്ഞ തലമുറയുടെ ഹീറോ മറഡോണയും ഈ തലമുറയുടെ താരം മെസ്സിയും എന്നായിരുന്നു മോദിയുടെ മറുപടി.
1986ൽ മറഡോണയാണ് അർജന്‍റീനക്ക് ലോകകപ്പ് നേടികൊടുത്തത്. നീണ്ട കാത്തിരിപ്പിനൊടുവിൽ 2022 ഖത്തർ ലോകകപ്പിൽ അർജന്‍റീന മറ്റൊരു ലോക കിരീടം നേടുമ്പോൾ മെസ്സിയായിരുന്നു നായകനെന്നും മോദി പറഞ്ഞു.
‘1980കളിൽ ലോക ഫുട്ബാളിൽ ഉയർന്നുകേട്ടത് ഒരാളുടെ പേര് മാത്രമായിരുന്നു, സാക്ഷാൽ മറഡോണ. അന്നത്ത തലമറുക്ക് അദ്ദേഹമായിരുന്ന റിയൽ ഹീറോ. ഇന്നത്ത തലമുറയോട് ചോദിച്ചാൽ, അവർ ഉടൻ തന്നെ മെസ്സിയുടെ പേര് പറയും’ -മോദി പറഞ്ഞു.
ഫുട്ബാളിനോടുള്ള ഇന്ത്യയുടെ താൽപര്യവും പോഡ്കാസ്റ്റിൽ മോദി വ്യക്തമാക്കി. ദേശീയ വനിത ഫുട്ബാൾ ടീം കൈവരിച്ച പുരോഗതിയെയും വാനോളം പ്രശംസിച്ചു. മധ്യപ്രദേശിലെ ഒരു ആദിവാസി ഗ്രാമത്തിന് മിനി ബ്രസീൽ എന്ന വിളിപ്പേര് കിട്ടിയതിനു പിന്നിലെ കഥയും മോദി വെളിപ്പെടുത്തി.
‘മറ്റൊരു രസകരമായ ഓർമ കൂടി മനസ്സിലേക്ക് കടന്നുവരുകയാണ്. രാജ്യത്തിന്‍റെ മധ്യഭാഗത്തായി, മധ്യപ്രദേശ് എന്ന പേരിൽ ഒരു സംസ്ഥാനമുണ്ട്. അവിടുത്തെ ഒരു ജില്ലയാണ് ഷഹ്ദോൾ. അതൊരു ആദിവാസി പ്രദേശമാണ്. ആദിവാസ സമൂഹമാണ് അവിടെ ജീവിക്കുന്നത്. അത്തരം സമൂഹങ്ങളിൽനിന്നുള്ള ആളുകളുമായി, പ്രത്യേകിച്ച് ആദിവാസി സ്ത്രീകൾ നടത്തുന്ന സ്വയം സഹായ സംഘങ്ങളുമായി ഇടപഴകുന്നത് എനിക്ക് ശരിക്കും ഇഷ്ടമാണ്. ഒരിക്കൽ അവരെ സന്ദർശിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ അവിടെ എത്തിയപ്പോൾ, കൗതുകകരമായ കാര്യം ശ്രദ്ധയിൽപെട്ടു. കളിക്കുന്ന വസ്ത്രവും ധരിച്ച നൂറോളം ചെറുപ്പക്കാരും കുട്ടികളും ഏതാനും മുതിർന്നവരും ഒരുമിച്ച് നിൽക്കുന്നു. സ്വഭാവികമായും ഞാൻ അവരുടെ അടുത്തേക്ക് പോയി. നിങ്ങൾ എവിടെ നിന്നാണ് വരുന്നതെന്ന് ചോദിച്ചു. മിനി ബ്രസീലിൽനിന്നാണെന്ന് അവർ മറുപടി നൽകി.
ഞാൻ അത്ഭുതത്തോടെ വീണ്ടും ചോദിച്ചു, ‘മിനി ബ്രസീലോ, നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?’, ഞങ്ങളുടെ ഗ്രാമത്തെ അങ്ങനെയാണ് വിളിക്കുന്നതെന്നായിരുന്നു അവരുടെ മറുപടി. കൗതുകത്തോടെ വീണ്ടും ചോദിച്ചു, ‘എന്തുകൊണ്ടാണ് മിനി ബ്രസീൽ എന്ന് വിളിക്കുന്നത്?’. ഞങ്ങളുടെ ഗ്രാമത്തിൽ, നാല് തലമുറകളായി ഫുട്ബാൾ കളിക്കുന്നുണ്ട്. 80നടുത്ത് ദേശീയ താരങ്ങളെ ഗ്രാമം സംഭാവന ചെയ്തു. ഞങ്ങളുടെ ഗ്രാമം മുഴുവൻ ഫുട്ബാളിനായി സമർപ്പിച്ചിരിക്കുകയാണ്’ -മോദി പോഡ്കാസ്റ്റിൽ പങ്കുവെച്ചു.
സമീപ ഗ്രാമങ്ങളിൽനിന്നും മറ്റുമായി നിരവധി പേരാണ് ഫുട്ബാൾ മത്സരം കാണാനായി മിനി ബ്രസീൽ ഗ്രാമത്തിലേക്ക് എത്തുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.