ക്ഷമാപണം കൊണ്ട് കാര്യമില്ല; റൊണാൾഡോ ആരാധകന്റെ മൊബൈൽ എറിഞ്ഞുടച്ച സംഭവത്തിൽ അന്വേഷണം
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ഷമാപണം നടത്തിയെങ്കിലും എവർട്ടൺ ആരാധകന്റെ മൊബൈൽ ഫോൺ എറിഞ്ഞുടച്ച സംഭവത്തിൽ വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. എവർട്ടണെതിരെ മാഞ്ചസ്റ്റർ തോറ്റതിന് പിന്നാലെ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെയാണ് ഫോട്ടോ എടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈൽ റൊണാൾഡോ എറിഞ്ഞുടച്ചത്. ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
വിഷമകരമായ നിമിഷങ്ങളിൽ വികാരങ്ങൾ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ലെന്നായിരുന്നു ക്ഷമചോദിച്ച് ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
'ഉച്ചയ്ക്ക് 2:30 ന് കളിക്കാർ പിച്ച് വിടുമ്പോൾ ഒരു ആൺകുട്ടിയെ എവേ ടീമിലൊരാൾ മർദിച്ചതായി റിപ്പോർട്ടുണ്ട്. അന്വേഷണങ്ങൾ നടക്കുകയാണ്. എവർട്ടൺ ഫുട്ബോൾ ക്ലബ്ബുമായി ചേർന്ന് ഉദ്യോഗസ്ഥർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് തെളിയിക്കാൻ വിപുലമായ സാക്ഷി വിസ്താരങ്ങൾ നടത്തുകയും ചെയ്യുന്നു'-മേഴ്സിസൈഡ് പൊലീസ് പറഞ്ഞു.
'നമ്മൾ എല്ലായ്‌പ്പോഴും ബഹുമാനവും ക്ഷമയും ഉള്ളവരായിരിക്കണം, മനോഹരമായ ഗെയിമിനെ ഇഷ്ടപ്പെടുന്ന എല്ലാ ചെറുപ്പക്കാർക്കും മാതൃകയാക്കണം. എന്റെ പൊട്ടിത്തെറിക്ക് ക്ഷമാപണം നടത്താൻ ഞാൻ ആഗ്രഹിക്കുന്നു'റൊണാൾഡോ ഇൻസ്റ്റഗ്രാം പോസ്റ്റിൽ എഴുതി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ നാലിലെത്തി ചാമ്പ്യൻസ് ലീഗ് സാധ്യത നിലനിർത്താമെന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന്‍റെ പ്രതീക്ഷക്കുമേൽ ഇടിത്തീ വീഴ്ത്തുകയായിരുന്നു മത്സരത്തിൽ എവർട്ടൺ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാങ്ക് ലാംപാർഡിന്റെ ടീം യുനൈറ്റഡിനെ മറികടന്നത്. തുടർ പരാജയങ്ങളുമായി തരംതാഴ്ത്തൽ മേഖലയുടെ പരിസരത്ത് നിൽക്കുന്ന എവർട്ടണിന് ജീവശ്വാസമായി ഈ വിജയം.
27-ാം മിനിറ്റിൽ യുവതാരം ആന്റണി ഗോർഡനാണ് നിർണായക ഗോൾ നേടിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ബ്രൂണോ ഫെർണാണ്ടസുമൊക്കെ അണിനിരന്ന യുനൈറ്റഡ് സമനിലക്കായി കിണഞ്ഞു ശ്രമിച്ചെങ്കിലും എവർട്ടൺ പ്രതിരോധവും ഗോളി ജോർഡൻ പിക്ഫോഡും വഴങ്ങിയില്ല. 31 മത്സരങ്ങളിൽ 51 പോയന്റുമായി ഏഴാം സ്ഥാനത്താണ് യുനൈറ്റഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.