‘ഒരാൾ മനുഷ്യനെന്ന നിലയിൽ പരാജയം, അയാളാകട്ടെ വലിയ ഹൃദയമുള്ളയാൾ’; പെലെ, മെസ്സി, മറഡോണ എന്നിവരെപ്പറ്റി ഫ്രാൻസീസ് മാർപ്പാപ്പക്ക് പറയാനുള്ളത് ഇതാണ്
text_fieldsഅർജന്‍റീനക്കാരനായ പോപ് ഫ്രാൻസീസ് തന്‍റെ ഫുട്ബാൾ കമ്പത്തിന് പേരുകേട്ടയാളാണ്. കുട്ടിക്കാലം മുതൽ താനൊരു ഫുട്ബാൾ ആരാധകനാണെന്ന് മാർപ്പാപ്പ തുറന്നുപറഞ്ഞിട്ടും ഉണ്ട്. അർജന്‍റീനയിലെ സാൻ ലോറെൻസോ ക്ലബിന്‍റെ ആരാധകനുമാണ് പാപ്പ. ഇപ്പോഴിതാ ലോകത്തിലെ പ്രമുഖരായ മൂന്ന് ഫുട്ബാൾ താരങ്ങളെപ്പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് ഫ്രാൻസീസ് പാപ്പ.
പെലെ, മറഡോണ, മെസ്സി എന്നിവരെക്കുറിച്ചുള്ള തന്‍റെ വിലയിരുത്തലാണ് പോപ് വെളിപ്പെടുത്തിയത്. ഈ താരങ്ങളുടെ കളിയെക്കുറിച്ചും വ്യക്തിത്വത്തെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ‘എന്നെ സംബന്ധിച്ചിടത്തോളം, അവർ മൂന്നുപേർക്കിടയിലുമുള്ള മാന്യനായ വ്യക്തി പെലെയാണ്. അയാൾ വലിയ ഹൃദയമുള്ള ഒരു മനുഷ്യനാണ്. ഞാൻ പെലെയോട് സംസാരിച്ചിട്ടുണ്ട്. ഞാൻ ബ്യൂണസ് അയേഴ്സിൽ ആയിരുന്നപ്പോൾ ഒരു വിമാനത്തിൽ വച്ച് അദ്ദേഹത്തെ കണ്ടുമുട്ടി. ഞങ്ങൾ ഒരുപാട് സംസാരിച്ചു. മനുഷ്യത്വമുള്ള ഒരു മനുഷ്യനാണ് പെലെ. ഒരു കളിക്കാരൻ എന്ന നിലയിൽ തീർച്ചയായും മഹാന്മാരിൽ ഒരാളാണ് മറഡോണ. പക്ഷേ ഒരു മനുഷ്യനെന്ന നിലയിൽ അയാൾ പരാജയപ്പെട്ടുപോയി. പാവം, അയാൾ വഴുതിവീഴുകയായിരുന്നു. അയാളെ ആരാധിച്ചവർ ഒരിക്കലും ഈ ദുർഗതിയിൽ സഹായിച്ചില്ല. പല കായികതാരങ്ങളും അയാളെപ്പോലെ അവസാനിക്കാറുണ്ട്. മെസ്സിയും ഒരു മാന്യനായ വ്യക്തിയാണ്. അവർ മൂന്നുപേരും മികച്ചവരാണെങ്കിലും. ഓരോരുത്തർക്കും അവരവരുടെ പ്രത്യേകതയുണ്ട്’- പോപ്പ് ഫ്രാൻസീസ് പറഞ്ഞു.
നേരത്തേ പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ പരിഹാരം രണ്ടു സ്വതന്ത്ര രാജ്യങ്ങൾ ഉണ്ടാവുകയാണെന്ന് ഫ്രാൻസീസ് മാർപ്പാപ്പ പറഞ്ഞിരുന്നു. ഇറ്റാലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആഗോള കത്തോലിക്കാ സഭയുടെ തലവൻ ദ്വിരാഷ്ട്ര പ്രശ്ന പരിഹാരത്തെ പിന്തുണച്ചത്. വിശുദ്ധ നാട്ടിലെ യുദ്ധം ഭയപ്പെടുത്തുന്നത് ആണ്. ഇതെങ്ങനെയാണ് അവസാനിക്കാൻ പോകുന്നത്? അക്രമത്തിന്റെ വ്യാപനം എന്നാൽ കൂടുതൽ ജീവനുകൾ ഇല്ലാതാവലാണ്. ഏറ്റവും യുക്തമായ പരിഹാരം രണ്ടു രാജ്യങ്ങൾ ആണെന്നും പോപ്പ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.