ക്രിസ്റ്റ്യാനോയും ഖത്തറിലേക്ക്; സെനഗാളിനോട് തോറ്റ് സലാഹിന്റെ ഈജിപ്ത് പുറത്ത്
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാതെ എന്ത് ഫുട്ബാൾ ലോകകപ്പ്. യൂറോ ചാമ്പ്യൻമാരായ ഇറ്റലിയുടെ ലോകകപ്പ് സ്വപ്നങ്ങൾ തല്ലിക്കെടുത്തിയ നോർത്ത് മാസിഡോണിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് പോർചുഗൽ ഖത്തർ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചു. പോർച്ചുഗലിലെ ഡ്രാഗൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ് പറങ്കികൾക്കായി ഇരട്ടഗോൾ നേടി.
പോർചുഗലിനെ കൂടാതെ പോളണ്ട്, ഘാന, സെനഗാൾ, തുനീഷ്യ, മൊറോക്കോ, കാമറൂൺ ടീമുകളും ലോകകപ്പിന് യോഗ്യത നേടി. ഇതുവരെ 27 ടീമുകളാണ് ലോകകപ്പിന് യോഗ്യത നേടിയത്. ആഫ്രിക്കൻ ചാമ്പ്യൻമാരായ സാദിയോ മാനെയുടെ സെനഗാളിനോട് തോറ്റാണ് മുഹമ്മദ് സലാഹിന്റെ ഈജിപ്ത് പുറത്തായത്.
നോ. മാസിഡോണിയക്കെതിരെ തുടക്കത്തിൽ ലഭിച്ച അവസരം മുതലാക്കാൻ റൊണാൾഡോയ്ക്ക് ആയില്ല. എന്നാൽ റോണോയുടെ പാസിൽ നിന്നാണ് പോർചുഗൽ ആദ്യം അക്കൗണ്ട് തുറന്നത്. 32ാം മിനിറ്റിൽ ബ്രൂണോയും റൊണാൾഡോയും ചേർന്ന് നടത്തിയ മുന്നേറ്റമാണ് വിജയത്തിലെത്തിയത്. റൊണാൾഡോയുടെ അതിമനോഹര പാസില്‍ ഫെര്‍ണാണ്ടസിന്റെ സുന്ദരഫിനിഷിങ്. രണ്ടാം പകുതിയിൽ 66ാം മിനിറ്റിൽ കൗണ്ടറിനൊടുവിൽ ഡീഗോ ജോട്ട നൽകിയ ക്രോസ് ബ്രൂണോ വോളിയിലൂടെ പോസ്റ്റിലെത്തിച്ചു.
37കാരനായ റൊണാൾഡോ കളിക്കാൻ പോകുന്ന അഞ്ചാമത്തെ ലോകകപ്പാകും ഖത്തറിലേത്. 2006ൽ സെമിയിൽ പ്രവേശിച്ചതാണ് ഏറ്റവും മികച്ച നേട്ടം. അന്ന് ജർമനിയോട് തോറ്റ് പുറത്തായി.
ലോകറാങ്കിങ്ങിൽ 67ാം സ്ഥാനക്കാരായ നോ. മാസിഡോണിയ ഗ്രൂപ്പ് 'ജെ'യിൽ രണ്ടാംസ്ഥാനക്കാരായിരുന്നു. വെള്ളിയാഴ്ച നടന്ന പ്ലേഓഫ് സെമിഫൈനലിലാണ് അവർ ഇറ്റലിയെ ഞെട്ടിച്ചത്. 92ാം മിനിറ്റിൽ അലക്സാണ്ടർ ട്രാകോവിച് നേടിയ ഗോളാണ് അട്ടിമറി ജയം സമ്മാനിച്ചത്. ഗ്രൂപ്പ് 'എ'യിൽ സെർബിയക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായ പോർചുഗൽ പ്ലേഓഫ് സെമിഫൈനലിൽ 2-1ന് തുർക്കിയെ തോൽപിച്ചായിരുന്നു നോ. മാസിഡോണിയക്ക് മുന്നിലെത്തിയത്.
സ്വീഡനെ 2-0ത്തിന് തോൽപിച്ചാണ് സൂപ്പർ താരം റോബർട് ലെവൻഡോസ്കിയുടെ പോളണ്ട് ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ചത്.49ാം മിനിറ്റിൽ ലെവൻഡോസ്കിയും 72ാം മിനിറ്റിൽ പിയോറ്റർ സിലൻസ്കിയുമാണ് പോളണ്ടിനായി സ്കോർ ചെയ്തത്.
പ്ലേ ഓഫ് രണ്ടാം പാദത്തിൽ ഈജിപ്തിനെ പെനാൽട്ടി ഷൂട്ടൗട്ടിലാണ് മാനെയും സംഘവും കെട്ടുകെട്ടിച്ചത്. മത്സരത്തില്‍ സെനഗാൾ ഒരു ഗോളിന് വിജയിച്ചെങ്കിലും ഇരു പാദങ്ങളിലുമായി സ്‌കോര്‍ 1-1ന് സമനില ആയതിനാൽ മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടു. മൂന്നു പെനാൽറ്റികൾ തടുത്തിട്ട ഗോൾ കീപ്പർ മെന്റിയുടെ മികവാണ് സെനഗാളിന് ലോകകപ്പ് യോഗ്യത നേടിക്കൊടുത്തത്.
മറ്റ് മത്സരങ്ങളിൽ മൊറോക്കോ 4-1ന് കോംഗോയെ തോൽപിച്ചു. തുനീഷ്യ മാലിയുമായി ഗോൾരഹിത സമനില വഴങ്ങി. കാമറൂണിനോടാണ് അൾജീരിയ 2-1ന് തോറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.