ഷൂട്ടൗട്ടിൽ പറങ്കികൾ വീണു; ഫ്രഞ്ച് പട സെമിയിൽ
text_fieldsഹാംബർഗ്: പോർചുഗലിനെ ഷൂട്ടൗട്ടിൽ കീഴടക്കി ഫ്രഞ്ച് പട യുറോ കപ്പ് സെമിഫൈനലിൽ കടന്നു. നിശ്ചിത സമയത്തും അധികസമയത്തും ഗോളടിക്കാതെ വന്നതോടെയാണ് ഷൂട്ടൗട്ടിൽ വിധി നിർണയിച്ചത് (3-5).
റൊണാൾഡോ, ബെർണാഡോ സിൽവ, ന്യൂനോ മെൻഡസ് എന്നിവർ ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി ഗോൾ കണ്ടെത്തിയെങ്കിലും ജാവോ ഫെലിക്സെടുത്ത് കിക്ക് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി.
ഡെംബലെ, യൂസഫ് ഫൊഫാന, യൂസ് ക്യൂണ്ടേ, ബ്രാഡ്ലി ബക്കോല, തിയോ ഹെർണാണ്ടസ് എന്നീ കിക്കെടുത്ത ഫ്രഞ്ച് താരങ്ങളെല്ലാം ലക്ഷ്യം കണ്ടു. ക്വാർട്ടറിൽ വീണതോടെ പോർചുഗൽ ഇതിഹാസ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോക്ക് തന്റെ അവസാന യൂറോയിൽ കണ്ണീരോടെ മടങ്ങേണ്ടിവന്നു. ജൂലൈ 10 ന് നടക്കുന്ന സെമി ഫൈനലിൽ സ്പെയിനാണ് ഫ്രാൻസി െൻറ എതിരാളികൾ.
ഗോൾ പിറക്കാത്ത 120 മിനിറ്റ്
ഗോളടിക്കുക എന്നതിൽ കവിഞ്ഞ് ഗോൾ വഴങ്ങാതിരിക്കുക എന്നതിലായിരുന്നു ഇരു ടീമും ഊന്നൽ നൽകിയത്. അവസരങ്ങൾ സൃഷ്ടിക്കാതെ വീണുകിട്ടുന്ന അവസരങ്ങളിൽ ഗോളടിക്കാമെന്ന കണക്കുകൂട്ടൽ ആദ്യ പകുതി വിരസമാക്കി. പന്തിന്മേലുള്ള നിയന്ത്രണം കൂടുതൽ പോർചുഗലിനായിരുന്നെങ്കിലും ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ടുപോലും പായിക്കാനായില്ല.
എന്നാൽ രണ്ടാം പകുതിയിൽ ഇരുടീമിന്റെ ആക്രമണ താൽപര്യങ്ങൾക്ക് ജീവൻവെച്ചു. 60ാം മിനിറ്റിൽ ജാവോ കാൻസലോ നൽകിയ പന്ത് ബ്രൂണോ ഫെർണാണ്ടസ് ഫ്രഞ്ച് പോസ്റ്റിനെ ലക്ഷ്യമാക്കി തൊടുത്തെങ്കിലും ഫ്രഞ്ച് ഗോൾകീപ്പർ തട്ടിയകറ്റി. 64ാം മിനിറ്റിൽ വിറ്റിഞ്ഞയുടെ മറ്റൊരു ഗോൾ ശ്രമവും പാഴായി.
66ാം മിനിറ്റിൽ ഫ്രഞ്ച് സ്ട്രൈക്കർ കോലമൗനിയുടെ ഗോളൊന്നുറച്ച ഷോട്ട് പോർചുഗൽ പ്രതിരോധതാരം റൂബൻ ഡിയാസിന്റെ ഇടപെടലിൽ വിഫലമായി. 71ാം മിനിറ്റിൽ ഫ്രാൻസിന് ഗോളിലേക്ക് വീണ്ടുമൊരു സുവർണാവസരം ലഭിച്ചെങ്കിലും മിഡ്ഫീൽഡർ കാമവിംഗ നഷ്ടപ്പെടുത്തി.
ഗ്രീസ്മാന് പകരക്കാരനായെത്തിയ ഔസ്മാനെ ഡെംബലെ മികച്ച മുന്നേറ്റങ്ങളുമായി പോർചുഗൽ ഗോൾമുഖത്ത് നിറഞ്ഞുനിന്നെങ്കിലും ഗോളകന്നുനിന്നു. ഗോളാരവങ്ങളില്ലാതെ നിശ്ചിത സമയം പൂർത്തിയാക്കി കളി അധിക സമയത്തിലേക്ക് നീങ്ങി. എന്നാൽ, അധിക സമയത്തെ ആദ്യ പകുതി കാര്യമായ നീക്കങ്ങളൊന്നുമില്ലാതെ അവസാനിച്ചു. രണ്ടാം പകുതിയിലും മാറ്റങ്ങളൊന്നുമുണ്ടായില്ല. അന്തിമ വിസിലിന് തൊട്ടുമുൻപ് ഇരുടീമിന് മുന്നിലും ഒരോ അവസരങ്ങൾ തുറന്നെങ്കിലും ദുർബലമായ ഫിനിഷിങ് കളി ഷൂട്ടൗട്ടിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.