റൊണാൾഡോ തിരിച്ചെത്തിയിട്ടും സ്ലോവേനിയയോട് തോറ്റ് പോർച്ചുഗൽ
text_fieldsസൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തിയിട്ടും പോർച്ചുഗലിന് സ്ലോവേനിയയോട് ഞെട്ടിക്കുന്ന തോൽവി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു പരാജയം. പുതുതായി ചുമതലയേറ്റ കോച്ച് റോബർട്ടോ മാർട്ടിനസിന് കീഴിൽ തുടർച്ചയായ 11 വിജയങ്ങൾക്ക് ശേഷമാണ് പറങ്കിപ്പട പരാജയമറിയുന്നത്. കഴിഞ്ഞ മത്സരത്തിൽ സ്വീഡനെ 5-2ന് തകർത്ത ടീമിൽനിന്ന് ബ്രൂണോ ഫെർണാണ്ടസിനെയും ബെർണാഡോ സിൽവയെയും മാറ്റിനിർത്തിയാണ് പോർച്ചുഗൽ ഇറങ്ങിയത്. കളിയിൽ 65 ശതമാനവും പന്ത് നിയന്ത്രണത്തിലാക്കിയിട്ടും രണ്ടുതവണ മാത്രമാണ് അവർക്ക് എതിർപോസ്റ്റിന് നേരെ പന്തടിക്കാനായത്.
ആദ്യപകുതിയിൽ ഇരു ടീമിനും കാര്യമായ അവസരങ്ങളൊരുക്കാൻ കഴിയാതിരുന്ന മത്സരത്തിൽ സെക്കൻഡ് ഹാഫ് തുടങ്ങിയയുടൻ പോർച്ചുഗീസ് പ്രതിരോധത്തിന്റെ പിഴവിൽനിന്ന് പന്ത് പിടിച്ചെടുത്ത സ്ലോവേനിയൻ താരം സെസ്കോക്ക് ഗോളടിക്കാൻ സുവർണാവസരം ലഭിച്ചെങ്കിലും ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയെ കീഴടക്കാനായില്ല. 60ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളിനടുത്തെത്തിയെങ്കിലും ശക്തമായ ഇടങ്കാലൻ ഷോട്ട് പുറത്തേക്ക് പോയി. 72ാം മിനിറ്റിലാണ് ആദ്യഗോൾ പിറന്നത്. റൊണാൾഡോയിൽനിന്ന് തട്ടിയെടുത്ത പന്തുമായി കുതിച്ച സ്ലോവേനിയൻ താരങ്ങൾ ആദം സെറിനിലൂടെ ലക്ഷ്യം കാണുകയായിരുന്നു. മൂന്ന് മിനിറ്റിനകം ജാവോ ഫെലിക്സിന്റെ ഹെഡർ പോസ്റ്റിൽ തട്ടിത്തെറിച്ചത് സമനില പിടിക്കാനുള്ള അവസരം പോർച്ചുഗലിന് നഷ്ടമാക്കി.
80ാം മിനിറ്റിൽ സ്ലോവേനിയ രണ്ടാം ഗോളും നേടി. എതിർ ബോക്സിൽ റൊണാൾഡോയെ വീഴ്ത്തിയതിന് പോർച്ചുഗലിന്റെ പെനാൽറ്റി അപ്പീലിനിടെ പന്തുമായി മുന്നേറിയ സ്ലോവേനിയ ടിമി എൽസ്നിക്കിലൂടെ എതിർ വലയിൽ പന്തെത്തിക്കുകയായിരുന്നു. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റിൽ ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ സ്ലോവേനിയൻ താരം അവസരം തുലച്ചില്ലായിരുന്നെങ്കിൽ പോർച്ചുഗലിന്റെ തോൽവിഭാരം കൂടിയേനെ.
ബ്രസീൽ-സ്പെയിൻ പോരാട്ടം 3-3നും ഇംഗ്ലണ്ട്-ബെൽജിയം മത്സരം 2-2നും സമനിലയിൽ പിരിഞ്ഞപ്പോൾ ഫ്രാൻസ് ചിലിയെ 3-2നും ജർമനി നെതർലാൻഡ്സിനെ 2-1നും സ്വിറ്റ്സർലൻഡ് റിപ്പബ്ലിക് ഓഫ് അയർലൻഡിനെ 1-0ത്തിനും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.