മുഖാമുഖമെത്തിയത് 28 തവണ, 19 തവണയും തോറ്റു; പോർചുഗൽ -ഫ്രാൻസ് കണക്കുകൾ ഇങ്ങനെ..!
text_fieldsബെർലിൻ: ഇന്ത്യൻ സമയം, ശനിയാഴ്ച പുലർച്ചെ 12.30 ഹാംബർഗ് വോൾക്സ്പാർക് സ്റ്റേഡിയത്തിൽ ഫ്രാൻസും പോർചുഗലും പോരിനിറങ്ങുമ്പോൾ ഫലം പ്രവചനാതീതമാണ്. യൂറോയിൽ രണ്ടു തവണ ചാമ്പ്യന്മാരായ ഫ്രാൻസ് മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. 2016 കപ്പിനും ചുണ്ടിനുമിടയിൽ നിന്ന് തട്ടിയെടുത്ത് കന്നി കിരീടവുമായി പറന്ന അതേ പോർച്ചുഗൽ തന്നെയാണ് ഫ്രാൻസിന് മുന്നിൽ വെല്ലുവിളിയായുള്ളത്. അന്ന് കലാശപ്പോരിലായിരുന്നെങ്കിൽ ഇന്ന് ക്വാർട്ടറിൽ തന്നെയാണ് നേരിടേണ്ടിവരുന്നത്.
ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗലും സൂപ്പർ താരം കിലിയൻ എംബാപ്പയുടെ ഫ്രാൻസും തമ്മിലുള്ള പോരാട്ടം തീപാറുമെന്ന കാര്യത്തിൽ തർക്കമില്ല.
ഇതുവരെ ഇരുടീമും 28 തവണ മുഖാമുഖം വന്നിട്ടുണ്ട്. അതിൽ 19 തവണയും ജയിച്ചത് ഫ്രാൻസാണ്. ആറ് ജയം മാത്രമേ പോർച്ചുഗലിന് നേടാനായുള്ളൂ. മൂന്ന് തവണ സമനിലയിൽ പിരിഞ്ഞു. അവസാനം കളിച്ച അഞ്ചു മത്സരങ്ങളിൽ രണ്ടു ജയം ഫ്രാൻസിനും ഒരു ജയം പോർചുഗലിനും ഒപ്പമായിരുന്നു. രണ്ട് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.
ക്രിസ്റ്റ്യാനോയും എംബാപ്പെയും
ഫ്രഞ്ച് ആരാധകരെ അത്ര ആശിപ്പിക്കുന്നതല്ല കിലിയൻ എംബാപ്പെയുടെയും സംഘത്തിന്റെയും പ്രകടനം. ഗ്രൂപ് മത്സരങ്ങളിൽ നെതർലൻഡ്സിനോടും പോളണ്ടിനോടും സമനില വഴങ്ങിയ ടീം ഓസ്ട്രിയയെ സെൽഫ് ഗോളിൽ തോൽപിച്ചതിന്റെ ബലത്തിലാണ് നോക്കൗട്ടിലെത്തിയത്. കരുത്തരായ ബെൽജിയത്തോട് പ്രീക്വാർട്ടറിൽ മുട്ടിയപ്പോൾ ഓൺ ഗോളിൽതന്നെ രക്ഷപ്പെട്ടു. നാല് കളികളിൽ ടീം നേടിയ മൂന്ന് ഗോളുകളിൽ രണ്ടെണ്ണം സെൽഫും ഒന്ന് പെനാൽറ്റിയുമാണ്. നാലിൽ മൂന്നിലും ലഭിച്ച ക്ലീൻ ചിറ്റാണ് ആശ്വാസം. ആകെ ഒരു ഗോൾ വഴങ്ങിയതും പെനാൽറ്റി ആയിരുന്നു.
മറുഭാഗത്ത്, അവസാന യൂറോ കപ്പ് കളിക്കുന്ന ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ താളം കണ്ടെത്താൻ വിഷമിക്കുന്നത് തെല്ലൊന്നുമല്ല പോർചുഗലിനെ കുഴക്കുന്നത്. ഇതുവരെ ഒരു ഗോൾ പോലും നേടാൻ ക്രിസ്റ്റ്യാനോക്കായിട്ടില്ല.
പ്രീക്വാർട്ടറിൽ സ്ലൊവീനിയക്കെതിരെ നിർണായക പെനാൽറ്റി തുലക്കുകയുംചെയ്തു. ഗ്രൂപ് ഘട്ടത്തിൽ ചെക് റിപ്പബ്ലിക്കിനെയും തുർക്കിയയെയും തോൽപിച്ച പറങ്കിപ്പട ജോർജിയയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. ഗോൾരഹിതമായി അവസാനിച്ച പ്രീക്വാർട്ടറിൽ ഗോളി ഡിയോഗോ കോസ്റ്റോയുടെ തകർപ്പൻ സേവുകളിലാണ് ടീം രക്ഷപ്പെട്ടത്. കൗമാരക്കാരൻ ജൊആവൊ നെവസടക്കം അണിനിരക്കുന്ന പോർചുഗലിനെ എഴുതിത്തള്ളാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.