‘ആറി’ൽ മുങ്ങി മഞ്ഞക്കടൽ
text_fieldsദുബൈ: മഞ്ഞപ്പടയുടെ ആവേശവും പിന്തുണയും ആവോളം നിറഞ്ഞുനിന്നെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്സ്. യു.എ.ഇയിലെ പ്രമുഖ പ്രോലീഗ് ക്ലബായ അൽ വസലുമായുള്ള പരിശീലനമത്സരത്തിൽ മഞ്ഞപ്പടക്ക് കനത്ത തോൽവി. ശനിയാഴ്ച രാത്രി ദുബൈയിലെ സബീൽ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ ഏകപക്ഷീയമായ ആറു ഗോളിനാണ് അൽ വസൽ എഫ്.സി ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയത്. കാണികൾ തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് നിറഞ്ഞുകളിച്ചെങ്കിലും അൽ വസലിന്റെ പ്രതിരോധശക്തിക്കു മുന്നിൽ തകർന്നുവീണു. കളിയുടെ ആദ്യ പകുതി പിന്നിടുംമുമ്പേ നാലു ഗോളുകളാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്.
അദാമ അലൻ ദിയാലോ സിയാക്ക സിദിബെ, റബീ ഹസൻ അലി സാൽമിൻ, അർജന്റീനിയൻ കളിക്കാരനായ നികോളാസ് എസ്ക്യു ഗിമൻസ് എന്നിവരാണ് അൽ വസലിനായി ഗോൾവല ചലിപ്പിച്ചത്. രണ്ടാം പകുതിയിൽ സർവ വീര്യവും പുറത്തെടുത്ത ബ്ലാസ്റ്റേഴ്സ് മികച്ച മുന്നേറ്റം നടത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടാം പകുതിയിലെ 75ാം മിനിറ്റിൽ സെൻറർ മിഡ്ഫീൽഡർ ഡാനിഷ് ഫാറൂഖ് തൊടുത്ത കോർണർ കിക്കിനെ ഹെഡറിലൂടെ അഡ്രിയാൻ നികോളാസ് ലൂണ ഗോൾവല ലക്ഷ്യമാക്കി പായിച്ചെങ്കിലും അൽ വസലിന്റെ ഗോൾകീപ്പർ തട്ടിയകറ്റുകയായിരുന്നു.
രണ്ടാം പകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ സെർബിയൻ സെന്റർ ഡിഫൻഡർ അലക്സാണ്ടർ വസൽജേവിക് ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് അൽ വസൽ കളിതുടർന്നത്. ഈ അവസരം മുതലെടുക്കാനും ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞില്ല.
പത്തു പേരുമായി വർധിതവീര്യത്തോടെ കളം നിറഞ്ഞ കളിച്ച അൽ വസൽ രണ്ടു ഗോളുകൾകൂടി നേടി ബ്ലാസ്റ്റേഴ്സിന്റെ പരാജയം ഉറപ്പാക്കുകയായിരുന്നു. സെപ്റ്റംബർ 12ന് ഷാർജ ഫുട്ബാൾ സ്റ്റേഡിയത്തിൽ ഷാർജ എഫ്.സിയുമായാണ് ടീമിന്റെ രണ്ടാമത്തെ മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.