മൈക്കിളപ്പൻ ആൻഡ് കോ. സെറ്റ്, ചാമ്പിക്കോ
text_fieldsകൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ തലവന്മാർക്കായുള്ള അന്വേഷണം പൂർത്തിയായി, ഇനി കാത്തിരിപ്പ് കളിക്കളത്തിലെ കരുത്തന്മാർക്കുവേണ്ടി. മുഖ്യപരിശീലകൻ ഉൾപ്പെടെയുള്ള സംഘമാണ് കോച്ചിങ്ങിലെ പുതിയ പാഠങ്ങൾ പകർന്നുനൽകാൻ ഒരുങ്ങിനിൽക്കുന്നത്. എന്നാൽ, പുതിയ താരങ്ങളെ സംബന്ധിച്ച് ടീം മാനേജ്മെൻറ് ഇതുവരെ പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.
സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേയാണ് ടീമിന്റെ മുഖ്യപരിശീലകൻ. ബ്ലാസ്റ്റേഴ്സ് ഇദ്ദേഹത്തിന് മൈക്കിളപ്പൻ എന്ന പേരും ചാർത്തിക്കൊടുത്തിട്ടുണ്ട്. ഭീഷ്മപർവം എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേരാണ് മൈക്കിളപ്പൻ. ക്ലബ് വിട്ട മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ചിനെ ആശാൻ എന്നായിരുന്നു മഞ്ഞപ്പട സ്നേഹത്തോടെ വിളിച്ചിരുന്നത്.
മിക്കേൽ സ്റ്റാറേയുടെ ടീമിന് ഒപ്പത്തിനൊപ്പം നിൽക്കാൻ രണ്ട് അസി. പരിശീലകരെ നിയമിച്ചത് കഴിഞ്ഞ ദിവസമാണ്. ഫുട്ബാൾ രംഗത്ത് ഏറെ അനുഭവസമ്പത്തുള്ള കോച്ചുമാരായ ബിയോൺ വെസ്ട്രോം സഹപരിശീലകനും ഫ്രെഡറികോ പെരേര മൊറൈസ് സെറ്റ്പീസ് അസി. കോച്ചുമായാണ് വരുന്നത്. സഹപരിശീലകൻ ടി.ജി. പുരുഷോത്തമനും ഗോൾകീപ്പിങ് കോച്ച് സ്ലാവൻ പ്രൊവെക്കിയും തുടരും.
ജൂലൈ ആദ്യവാരം തായ്ലൻഡിലാണ് പ്രീ സീസൺ പര്യടനം. രണ്ടാഴ്ച നീളുന്ന പരിശീലനത്തിനു മുന്നോടിയായി പുതിയ താരങ്ങളെ പ്രഖ്യാപിക്കും. കരാർ പുതുക്കിയ ക്യാപ്റ്റനും സൂപ്പർ താരവുമായ അഡ്രിയാൻ ലൂണയുൾപ്പെടെ ചിലർ മാത്രമാണ് ടീമിൽ അവശേഷിക്കുന്നത്. വുകോമനോവിച്ചിന്റെ വഴിപിരിയലിനു പിന്നാലെ ആറ് താരങ്ങൾ ക്ലബ് വിട്ടിരുന്നു.
ഗ്രീക്ക് സ്ട്രൈക്കർ ഡിമിത്രി ഡയമൻറകോസിൽ തുടങ്ങി സെന്റർ ബാക്ക് മാർക്കോ ലെസ്കോവിച്ച്, ജാപ്പനീസ് വിങ്ങർ ഡെയ്സുകെ സകായ്, ലാറ ശർമ, കരൺജിത് സിങ്, ലിത്വാനിയൻ സ്ട്രൈക്കർ സെർനിച്ച് തുടങ്ങിയവരെല്ലാം ടീമിനോട് വിടപറഞ്ഞവരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.