ആഴ്സണലിന്‍റെ നെഞ്ച് തകർത്ത് ആസ്റ്റൺ വില്ല; ഒന്നാം സ്ഥാനം സുരക്ഷിതമാക്കി സിറ്റി
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിനു പിന്നാലെ ആഴ്സണലിനും ഞെട്ടിക്കുന്ന തോൽവി. കിരീടപോരിൽ മുന്നിലുണ്ടായിരുന്ന ഗണ്ണേഴ്സിനെ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളിനാണ് ആസ്റ്റൺ വില്ല തരിപ്പണമാക്കിയത്.
ഇരുടീമുകളുടെയും തോൽവിയോടെ രക്ഷപ്പെട്ടത് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും. കിരീടപോരാട്ടം കനക്കുന്ന ലീഗിൽ 32 മത്സരങ്ങൾ പൂർത്തിയായപ്പോൾ 73 പോയന്‍റുമായി സിറ്റിക്ക് ഒന്നാം സ്ഥാനം സുരക്ഷിതമാക്കാനായി. ഇത്രയും മത്സരങ്ങളിൽനിന്ന് 71 പോയന്‍റ് വീതമുള്ള ആഴ്സണസലും ലിവർപൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ആൻഫീൽഡിൽ ക്രിസ്റ്റൽ പാലസിനോട് എതിരില്ലാത്ത ഒരു ഗോളിന് ചെമ്പട തോൽവി വഴങ്ങിയതോടെ വലിയ പ്രതീക്ഷയോടെയാണ് ഗണ്ണേഴ്സ് സ്വന്തം ആരാധകർക്കു മുന്നിൽ പന്തു തട്ടാനിറങ്ങിയത്.
എന്നാൽ, എതിരാളികളെ വീഴ്ത്തി ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കാമെന്ന ആഴ്സണലിന്‍റെ സ്വപ്നം തകർന്നടിയുന്നതാണ് കണ്ടത്. തകർപ്പൻ പ്രകടനം പുറത്തെടുത്ത സന്ദർശകർ കളിയുടെ നിശ്ചിത സമയം തീരാൻ ആറു മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ആഴ്സണലിന്‍റെ നെഞ്ച് തുളച്ച് ആദ്യ വെടിപൊട്ടിക്കുന്നത്. 84ാം മിനിറ്റിൽ ലിയോൺ ബെയ്‍ലിയുടെ വകയായിരുന്നു ഗോൾ. ഫ്രഞ്ച് താരം ലൂകാസ് ഡിഗ്നെ ബോക്സിന്‍റെ ഇടതുപാർശ്വത്തിൽനിന്ന് നൽകിയ ഒരു മനോഹര ക്രോസാണ് ഗോളിന് വഴിയൊരുക്കിയത്.
മൂന്നു മിനിറ്റിനിടെ ആതിഥേയരുടെ നെഞ്ചത്ത് സന്ദർശകർ വീണ്ടും വെടിപൊട്ടിച്ചു. 87ാം മിനിറ്റിൽ യൂരി ടൈൽമാൻസിന്‍റെ അസിസ്റ്റിൽ ഒലി വാറ്റ്കിൻസാണ് ഇത്തവണ വലകുലുക്കിയത്.
പിന്നാലെ ഗണ്ണേഴ്സ് തോൽവിയും ഉറപ്പിച്ചു. ഇനിയൊരു തിരിച്ചുവരവിനുള്ള സമയം മൈക്കൽ അർട്ടേറ്റയുടെ സംഘത്തിനുണ്ടായിരുന്നില്ല. അർജന്‍റൈൻ സൂപ്പർഗോളി എമിലിയാനോ മാർട്ടിനെസിന്‍റെ തകർപ്പൻ സേവുകളും പ്രതിരോധത്തിലെ പ്രകടനവുമാണ് വില്ലയുടെ വിജയത്തിൽ നിർണായകമായത്. ആദ്യപകുതുയിൽ ലിയാൻഡ്രോ ട്രോസാർഡിന്‍റെ ഗോൾ ശ്രമം മാർട്ടിനെസ് തകർപ്പൻ സേവിലൂടെ രക്ഷപ്പെടുത്തിയിരുന്നു. സീസണിലെ ഏറ്റവും മോശം പ്രകടനങ്ങളിലൊന്നാണ് ആഴ്സണൽ വില്ലക്കെതിരെ പുറത്തെടുത്തത്. ഈ വർഷത്തെ അഴ്സണലിന്‍റെ അപരാജിത കുതിപ്പിനുകൂടിയാണ് ഉനായി എമറിയും സംഘവും ഒടുവിൽ അന്ത്യംകുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.