‘ഒന്നാം സ്ഥാനത്ത് എതിരാളികളില്ല’- പ്രിമിയർ ലീഗ് കിരീടത്തിൽ നോട്ടമിട്ട ഗണ്ണേഴ്സിനു മുന്നിൽവീണ് യുനൈറ്റഡും
text_fieldsരണ്ടു പതിറ്റാണ്ടോളമായി അകന്നുനിൽക്കുന്ന കിരീടം തിരിച്ചുപിടിക്കാൻ വഴിയേറെ പിന്നിട്ടുകഴിഞ്ഞ ഗണ്ണേഴ്സിനു മുന്നിൽ വീണ് മാഞ്ചസ്റ്റർ യുനൈറ്റഡും. നിർണായക പോരാട്ടത്തിൽ രണ്ടിനെതിരെ മൂന്നു ഗോളിനായിരുന്നു ആഴ്സണൽ വിജയം. കരുത്തരുടെ നേരങ്കം കണ്ട എമിറേറ്റ്സ് മൈതാനത്ത് ക്ലാസ് ഗോളുമായി മാർകസ് റാഷ്ഫോഡാണ് ആദ്യ വെടി പൊട്ടിച്ചത്. 17ാം മിനിറ്റിൽ എതിർ പ്രതിരോധത്തെ കാഴ്ചക്കാരാക്കി കിടിലൻ ഡ്രിബ്ളിങ്ങുമായി ഗണ്ണേഴ്സ് ബോക്സിലെത്തിയ താരം 25 വാര അകലെനിന്നു പായിച്ച ഷോട്ടാണ് ഗോളിക്ക് അവസരം നൽകാതെ വല കുലുക്കിയത്.
ഗോൾ വീണതോടെ ആക്രമണം കടുപ്പിച്ച ആഴ്സണൽ ഏഴു മിനിറ്റിനകം ഒപ്പം പിടിച്ചു. ഗ്രാനിറ്റ് ഷാകയുടെ ക്രോസിൽ എൻകെറ്റിയ ആയിരുന്നു വല കുലുക്കിയത്. അതുകഴിഞ്ഞും ഗോൾനീക്കങ്ങളിൽ ഒരു പടി മുന്നിൽനിന്ന ഗണ്ണേഴ്സ് രണ്ടാം പകുതിയുടെ എട്ടാം മിനിറ്റിൽ വീണ്ടും വല കുലുക്കി. ബുകായോ സാക ആയിരുന്നു ഇത്തവണ സ്കോറർ. അടിച്ചും തിരിച്ചുപിടിച്ചും മുന്നേറിയ കളിയിൽ ആറു മിനിറ്റിനിടെ സമനില ഗോളെത്തി. ഗോളി ആരോൺ രാംസ്ഡെയിലിന്റെ കൈയിൽനിന്ന് വഴുതിക്കിട്ടിയ പന്തിൽ തലവെച്ച് ലിസാന്ദ്രോ മാർടിനെസായിരുന്നു ലക്ഷ്യം കണ്ടത്.
ആഴ്സണൽ ആധിപത്യം കണ്ട മൈതാനത്ത് സാകയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതും എൻകെറ്റിയയുടെ നീക്കം ഡേവിഡ് ഡി ഗീ മിന്നും സേവുമായി അപകടമൊഴിവാക്കിയതും ശ്രദ്ധിക്കപ്പെട്ടു. തുടർച്ചയായ ഗോൾനീക്കങ്ങളുമായി ഗണ്ണേഴ്സ് പറന്നുനടന്ന അവസാന മിനിറ്റുകളിൽ ടീമിനെ ജയിപ്പിച്ച് എൻകെറ്റിയ ആണ് വിജയ ഗോൾ കുറിച്ചത്. പരിക്കുമായി പുറത്തിരിക്കുന്ന ഗബ്രിയേൽ ജീസസിന്റെ പകരക്കാരനായ എൻകെറ്റിയ ഓരോ കളി പിന്നിടുന്തോറും കൂടുതൽ ആക്രമണകാരിയാകുന്നതാണ് ഗണ്ണേഴ്സിന് കൂടുതൽ പ്രഹരശേഷി നൽകുന്നത്. അതുതന്നെയായിരുന്നു കരുത്തരായ യുനൈറ്റഡിനെതിരെയും കണ്ടത്.
ആഴ്സണലിനെ തോൽപിക്കാനായില്ലെങ്കിലും സമനിലയുമായി അവരുടെ തട്ടകത്തിൽനിന്ന് മടങ്ങാമെന്ന കണക്കുകൂട്ടലുകൾ അവസാന നിമിഷം വരെ നിലനിർത്തിയതിനൊടുവിലായിരുന്നു ഞായറാഴ്ച തോൽവി.
ആഴ്സണൽ 19 കളികളിൽ 50 പോയിന്റുമായി മുന്നിൽനിൽക്കുമ്പോൾ 20 കളികളിൽ സിറ്റി 45ഉം ന്യുകാസിൽ 39ഉം നേടി രണ്ടും മൂന്നും സ്ഥാനത്തുണ്ട്. 39 പോയിന്റു തന്നെയുള്ള യുനൈറ്റഡ് നാലാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.