വില്ല പാർക്കിലും തോറ്റമ്പി സിറ്റി; ആസ്റ്റൺ വില്ലയുടെ ജയം 2-1ന്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വില്ല പാർക്കിലും തോറ്റമ്പി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ആസ്റ്റൺ വില്ല സിറ്റിയെ വീഴ്ത്തിയത്.
അവസാന 12 മത്സരങ്ങളിൽ പെപ് ഗ്വാർഡിയോളയുടെയും സംഘത്തിന്‍റെയും ഒമ്പതാം തോൽവി ആണിത്, ഒരു ജയം മാത്രം. ജയത്തോടെ ആസ്റ്റൺ വില്ല സിറ്റിയെ മറികടന്ന് അഞ്ചാം സ്ഥാനത്തേക്ക് കയറി. ചാമ്പ്യന്മാർ ആറാം സ്ഥാനത്തേക്ക് വീണു. പ്രീമിയർ ലീഗിലെ കഴിഞ്ഞ മാഞ്ചസ്റ്റർ ഡെർബിയിൽ യുനൈറ്റഡിനോടും സിറ്റി തോറ്റിരുന്നു. ജോൺ ഡുറാൻ (16ാം മിനിറ്റിൽ), മോർഗൻ റോജേഴ്സ് (65) എന്നിവരാണ് വില്ലക്കായി ഗോൾ നേടിയത്. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ (90+3) ഫിൽ ഫോഡനാണ് സിറ്റിക്കായി ആശ്വാസ ഗോൾ നേടിയത്.
യുനൈറ്റഡിനെതിരെ കളിച്ച ടീമിൽ ആറു മാറ്റങ്ങളുമായാണ് പെപ് ടീമിനെ കളത്തിലിറക്കിയത്. പതിവുപോലെ പന്തു കൈവശം വെക്കുന്നതിൽ സിറ്റി മുന്നിട്ടുനിന്നെങ്കിലും ഗോളവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വില്ലക്കായിരുന്നു മുൻതൂക്കം. സ്വന്തം തട്ടകത്തിൽ നിറഞ്ഞുകളിച്ച വില്ല അർഹിച്ച വിജയം തന്നെയാണ് സ്വന്തമാക്കിയത്. കളി തുടങ്ങിയതും സിറ്റിയുടെ ഗോൾമുഖം വില്ല താരങ്ങൾ തുടരെ തുടരെ വിറപ്പിച്ചു. ഭാഗ്യത്തിനു മാത്രമാണ് സിറ്റി രക്ഷപ്പെട്ടത്. സിറ്റി താരങ്ങൾ ഗ്രൗണ്ടിൽ താളം കണ്ടെത്താൻ ഏറെ പാടുപ്പെട്ടു. അധികം വൈകാതെ വില്ലയുടെ ശ്രമങ്ങൾക്ക് ഫലമുണ്ടായി. കൊളംബിയൻ സ്ട്രൈക്കർ ഡുറാൻ വില്ലയെ മുന്നിലെത്തിച്ചു. ഇടതുവിങ്ങിലൂടെ പന്തുമായി കുതിച്ച റോജേഴ്സിന്‍റെ മനോഹര പാസ്സിൽനിന്നാണ് ഡുറാന്‍റെ ഗോളെത്തിയത്.
വില്ല നേടിയ ഒരു ഗോൾ ലീഡുമായാണ് ഇടവേളക്കു പിരിഞ്ഞത്. രണ്ടാം പുകുതി തുടങ്ങിയതിനു പിന്നാലെ ഡുറാൻ വീണ്ടും വില്ലക്കായി വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് ട്രാപിൽ കുരുങ്ങി. 65ാം മിനിറ്റിൽ റോജേഴ്സ് ആതിഥേയരുടെ ലീഡ് ഉയർത്തി. ജോൺ മക്ഗിനാണ് ഗോളിന് വഴിയൊരുക്കിയത്. ഗോൾ മടക്കാനുള്ള സിറ്റിയുടെ ശ്രമങ്ങളെല്ലാം വില്ല താരങ്ങൾ പ്രതിരോധിച്ചു. 2-0ത്തിന് മത്സരം അവസാനിക്കുമെന്ന് ഉറപ്പിച്ചിരിക്കെയാണ് അവസാന മിനിറ്റിൽ സിറ്റി ഒരു ഗോൾ മടക്കുന്നത്.
ബോക്സിനുള്ളിൽ ഫോഡന്‍റെ ഒറ്റയാൾ നീക്കമാണ് ഗോളിലെത്തിയത്. ഒടുവിൽ 2-1 എന്ന സ്കോറിന് മത്സരം അവസാനിച്ചു. കഴിഞ്ഞ 11 തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നു മത്സരങ്ങളിൽ മാത്രമാണ് വില്ലക്ക് ജയിക്കാനായത്. ജയത്തോടെ ആദ്യ നാലിൽ എത്താനുള്ള സാധ്യതയും ഉനായ് എമിറിയും സംഘവും സജീവമാക്കി. 17 മത്സരങ്ങളിൽനിന്ന് 28 പോയന്‍റുമായാണ് ആസ്റ്റൺ വില്ല അഞ്ചാം സ്ഥാനത്തേക്ക് കയറിയത്. ഇത്രയും മത്സരങ്ങളിൽനിന്ന് 27 പോയന്‍റുമായി സിറ്റി ആറാം സ്ഥാനത്തേക്ക് വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.