ഇൻജുറി ടൈമിലെ പെനാൽറ്റി ഗോളിൽ സിറ്റിയെ പിടിച്ചുകെട്ടി; ക്രിസ്റ്റൽ പാലസിന് വിജയത്തോളം പോന്ന സമനില
text_fieldsഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ സമനിലയിൽ തളച്ച് (2-2) ക്രിസ്റ്റൽ പാലസ്. സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ രണ്ടു ഗോളിന് മുന്നിൽനിന്ന് സിറ്റി വിജയം ഉറപ്പിച്ചിരിക്കെയാണ് അവസാന 14 മിനിറ്റുകളിൽ ക്രിസ്റ്റൽ മത്സരത്തിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയത്.
ഇൻജുറി ടൈമിന്‍റെ അവസാന മിനിറ്റിലെ പെനാൽറ്റി ഗോളിലൂടെയാണ് സിറ്റിയുടെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി നൽകി ക്രിസ്റ്റൽ മത്സരത്തിലെ സമനില ഗോൾ നേടിയത്. പന്തടക്കത്തിലും ഷോട്ടുകൾ തൊടുക്കുന്നതിലും ഉൾപ്പെടെ മത്സരത്തിൽ സർവാധിപത്യം പുലർത്തിയിട്ടും സിറ്റി അർഹിച്ച വിജയം അവസാന നിമിഷം കൈവിട്ടു. ഇതോടെ ഒന്നാമതുള്ള ലിവർപൂളും നാലാമതുള്ള സിറ്റിയും തമ്മിലുള്ള ലീഡ് വ്യത്യാസം മൂന്നു പോയന്‍റായി. ലിവർപൂളിനേക്കാൾ സിറ്റി ഒരു മത്സരം അധികം കളിച്ചിട്ടുണ്ട്.
സൂപ്പർതാരം എർലിങ് ഹാലൻഡ് ഇല്ലാതെ കളത്തിലിറങ്ങിയ സിറ്റി 24ാം മിനിറ്റിൽ ഇംഗ്ലീഷ് താരം ജാക് ഗ്രീലിഷിലൂടെ ലീഡ് എടുത്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ റിക്കോ ലൂയിസ് (54ാം മിനിറ്റിൽ) ആതിഥേയരുടെ ലീഡ് ഉയർത്തി. ഇടക്കിടെ മികച്ച മുന്നേറ്റങ്ങളുമായി എതിരാളികളുടെ ഗോൾമുഖത്ത് സിറ്റി കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടിരുന്നു. മത്സരത്തിൽ സിറ്റി വിജയം ഉറപ്പിച്ചു എന്നാണ് എല്ലാവരും കരുതിയത്.
എന്നാൽ, അപ്രതീക്ഷിത നീക്കത്തിലൂടെ 76ാം മിനിറ്റിൽ ഫ്രഞ്ച് താരം ജീൻ ഫിലിപ്പെ മറ്റേറ്റയിലൂടെ ക്രിസ്റ്റൽ ഒരു ഗോൾ മടക്കി. രണ്ടാം പകുതിയുടെ അവസാന മിനിറ്റിലാണ് (90+5) മത്സരത്തിൽ നാടകീയമായി ക്രിസ്റ്റലിന് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. ബോക്സിനുള്ളിൽ മറ്റേറ്റയെ ഫിൽ ഫോഡൻ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത മൈക്കൽ ഒലിസെ പന്ത് വലയിലാക്കി.
ഗോൾ മടക്കാനുള്ള സമയം സിറ്റിക്കില്ലായിരുന്നു. ഹോം ഗ്രൗണ്ടിൽ തുടർച്ചയായ മൂന്നാം മത്സരത്തിലാണ് സിറ്റി സമനില വഴങ്ങുന്നത്. കഴിഞ്ഞ 10 മത്സരങ്ങളിൽ ഒന്നു മാത്രമാണ് ക്രിസ്റ്റലിന് ജയിക്കാനായത്. കഴിഞ്ഞയാഴ്ച ലിവർപൂളിനോട് സ്റ്റോപ്പേജ് ടൈമിൽ വഴങ്ങിയ ഗോളിന് തോൽവി ഏറ്റുവാങ്ങിയ റോയ് ഹോഡ്ജ്സണും സംഘത്തിനും വിജയത്തോളം പോന്ന സമനിലയാണ് സിറ്റിക്കെതിരെ നേടിയത്.
നിലവിൽ 17 മത്സരങ്ങളിൽനിന്ന് 33 പോയന്‍റാണ് സിറ്റിക്ക്. ലിവർപൂളിന് 16 മത്സരങ്ങളിൽനിന്ന് 37 പോയന്‍റും. ആഴ്സണൽ, ആസ്റ്റൺ വില്ല ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.