അടിച്ചും അടിപ്പിച്ചും സലാഹ്; ജയത്തോടെ ലിവർപൂൾ തുടങ്ങി
text_fieldsപോർട്ട്മാൻ റോഡ്: സൂപ്പർതാരം മുഹമ്മദ് സലായുടെ തകർപ്പൻ പ്രകടനത്തിന്‍റെ മികവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുതിയ സീസണിൽ ജയത്തോടെ തുടങ്ങി ലിവർപൂൾ. ഇപ്‌സ്വിചിനെ അവരുടെ തട്ടകത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ചെമ്പട വീഴ്ത്തിയത്. 22 വർഷത്തിനുശേഷമാണ് ഇപ്‌സ്വിച് പ്രീമിയർ ലീഗ് കളിക്കാനെത്തുന്നത്.
ഒരു ഗോൾ നേടുകയും മറ്റൊന്നിന് വഴിയൊരുക്കുകയും ചെയ്ത സലായാണ് മത്സത്തിലെ ഹീറോ. പുതിയ ഡച്ച് പരിശീലകൻ ആർനെ സ്ലോട്ടിനു കീഴിലിറങ്ങിയ ലിവർപൂളിന്‍റെ പോരാട്ടവീര്യം ഒട്ടും ചോർന്നിട്ടില്ല. മത്സത്തിലെ രണ്ടാം പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 60ാ മിനിറ്റിൽ ഡിയാഗോ ജോട്ടയാണ് ചെമ്പടയെ മുന്നിലെത്തിച്ചത്. അഞ്ചു മിനിറ്റിനുള്ളിൽ സലാ ടീമിന്‍റെ രണ്ടാം ഗോളും നേടി. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ലിവർപൂളിന് തന്നെയായിരുന്നു മേധാവിത്വം.
ആദ്യ പകുതിയിൽ ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു പോരാട്ടം. എന്നാൽ, രണ്ടാം പകുതിയിൽ ഇപ്‌സ്വിചിനെ കാഴ്ചക്കാരാക്കി ചെമ്പട തുടരെ തുടരെ എതിരാളികളുടെ ഗോൾമുഖത്തേക്ക് ആക്രമിച്ചു കയറി. സ്വന്തം മധ്യത്തിൽനിന്ന് സഹതാരം നൽകിയ ത്രൂ ബാൾ സ്വീകരിച്ച് ഓടിക്കയറിയ സലാ സമാന്തരമായി ഓടിയെത്തിയ ജോട്ടക്ക് പന്ത് കൈമാറി. ഗോളി മാത്രം മുന്നിൽനിൽക്കെ, താരത്തിന്‍റെ ഷോട്ട് ലക്ഷ്യംതെറ്റാതെ വലയിൽ. 65ാം മിനിറ്റിലാണ് സലാ ലീഡ് വർധിപ്പിക്കുന്നത്.
ഇപ്സ്വിച്ച് താരങ്ങളുടെ പല നീക്കങ്ങളും ഗോളിനടുത്തെത്തിയെങ്കിലും ബ്രസീൽ ഗോൾ കീപ്പർ അലിസൺ ബക്കറുടെ തകർപ്പൻ സേവുകാണ് ടീമിന്‍റെ രക്ഷക്കെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.