ഫെയനൂർദ് കോച്ച് സ്ലോട്ടിനായി വലവീശി ലിവർപൂൾ
text_fieldsലണ്ടൻ: യുർഗൻ ക്ലോപ് പടിയിറങ്ങുന്ന പരിശീലക പദവിയിൽ ഡച്ച് ക്ലബ് ഫെയനൂർദിന്റെ അർനെ സ്ലോട്ടിനെ പരിഗണിച്ച് ലിവർപൂൾ. സ്പോർട്ടിങ് സി.പി കോച്ച് റൂബൻ അമോറിമിൽ കണ്ണുവെച്ചതായി നേരത്തേ റിപ്പോർട്ടുണ്ടായിരുന്നെങ്കിലും അടുത്തിടെ അതിൽ മാറ്റംവന്നതോടെയാണ് സ്ലോട്ടിന്റെ പേര് ഉയർന്നുകേൾക്കുന്നത്.
ബുണ്ടസ് ലിഗയിൽ സീറോയിൽനിന്ന് കിരീടത്തോളം ബയേർ ലെവർകൂസനെയെത്തിച്ച് സോക്കർ ലോകത്തിന്റെ ഹീറോ പദവിയേറിയ സാവി അലോൻസോയെ ടീം നേരത്തേ സമീപിച്ചിരുന്നു. എന്നാൽ, ലെവർകൂസനിൽതന്നെ തുടരുകയാണെന്ന് സാവി വ്യക്തമാക്കിയതോടെയാണ് മറ്റു പേരുകളിലേക്ക് ടീം തിരിഞ്ഞത്. സ്ലോട്ടിനും അമോറിമിനും പുറമെ ബ്രൈറ്റൺ പരിശീലകൻ റോബർട്ടോ ഡി സർബിയും പരിഗണനയിലുണ്ട്. സ്ലോട്ടിനു പിന്നാലെ ബാഴ്സലോണ, ബയേൺ മ്യൂണിക് ടീമുകളുമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2015ൽ ബ്രൻഡൻ റോഡ്ജേഴ്സിന്റെ പിൻഗാമിയായി ലിവർപൂളിലെത്തിയ ക്ലോപ് ചാമ്പ്യൻസ് ലീഗ്, പ്രിമിയർ ലീഗ് അടക്കം കിരീടങ്ങൾ നേടിയിട്ടുണ്ട്. സീസൺ ഒടുവിൽ ടീം വിടുകയാണെന്ന് ജനുവരിയിലാണ് പ്രഖ്യാപിച്ചത്. സ്ലോട്ടിനായി കഴിഞ്ഞ സീസണിൽ ചെൽസി, ടോട്ടൻഹാം ടീമുകളും വലവീശിയിരുന്നെങ്കിലും ഫെയനൂർദുമായി കരാർ പുതുക്കുകയായിരുന്നു. നിലവിൽ 2026വരെ ക്ലബിൽ തുടരാൻ കരാറുണ്ട്. ഇത് വിട്ടെറിഞ്ഞ് പ്രീമിയർ ലീഗിലെത്തുമോയെന്നാണ് കാത്തിരിക്കുന്നത്. ലിവർപൂൾ നിലവിൽ ചാമ്പ്യൻപട്ടത്തിനായി ഗണ്ണേഴ്സ്, സിറ്റി ടീമുകൾക്കൊപ്പം അവസാനവട്ട പോരാട്ടങ്ങളിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.