ഹാലൻഡ് ഗോൾവേട്ട തുടങ്ങി! ചെൽസിയെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റിക്ക് ജയത്തുടക്കം
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ ആദ്യമായി കരുത്തർ മുഖാമുഖം നിന്ന ആവേശപ്പോരിൽ ജയിച്ചുകയറി മാഞ്ചസ്റ്റർ സിറ്റി. ചെൽസിയെ അവരുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോഡ് ബ്രിഡ്ജിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് ചാമ്പ്യന്മാർ സീസൺ ജയത്തോടെ തുടങ്ങിയത്.
സിറ്റിക്കായി നൂറാം മത്സരം കളിച്ച നോർവേയുടെ ഗോൾ മെഷീൻ എർലിങ് ഹാലൻഡും ക്രൊയേഷ്യൻ താരം മറ്റിയോ കൊവാചിച്ചുമാണ് ഗോൾ നേടിയത്. മത്സരത്തിൽ പിറന്ന ഗോളുകൾ മാറ്റി നിർത്തിയാൽ കൊണ്ടും കൊടുത്തും ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു മത്സരം. ഫിനിഷിങ്ങിലെ പോരായ്മയാണ് നീലപ്പടക്ക് തിരിച്ചടിയായത്. 18ാം മിനിറ്റിൽ ഹാലൻഡിലൂടെ സിറ്റി ലീഡെടുത്തു. ബെർണാഡോ സിൽവയാണ് ഗോളിന് വഴിയൊരുക്കിയത്. ഇടതുപാർശ്വത്തിൽനിന്ന് ജെറമി ഡോക്കു ബോക്സിനുള്ളിലേക്ക് നൽകിയ പന്ത് സിൽവയുടെ കാലിൽ തട്ടി നേരെ ഹാലൻഡിന്‍റെ കാലിലേക്ക്.
താരം പ്രതിരോധ താരങ്ങളെയും ഗോളിയെയും കീഴ്പ്പെടുത്തി പന്ത് ലക്ഷ്യത്തിലെത്തിച്ചു. ക്ലബിനായി ഹാലൻഡ് നേടുന്ന 91ാമത്തെ ഗോളാണിത്. ഗോൽ വീണതോടെ ചെൽസിയും മത്സരത്തിലേക്ക് തിരിച്ചെത്തി. മികച്ച നീക്കങ്ങൾ നടത്തി സിറ്റിയുടെ ഗോൾ മുഖത്തെത്തിയെങ്കിലും പ്രതിരോധ പൂട്ട് പൊളിക്കാനായില്ല. 44ാം മിനിറ്റിൽ നിക്കോളാസ് ജാക്സൺ റീബൗണ്ട് പന്ത് വലയിലെത്തിച്ചെങ്കിലും ലൈൻ റഫറി ഓഫ്സൈഡ് ഫ്ലാഗ് ഉയർത്തി. ഇടവേളക്കുശേഷം ചെൽസി കൂടുതൽ ഉണർന്നു കളിച്ചെങ്കിലും സമനില ഗോൾ കണ്ടെത്താനായില്ല.
മത്സരത്തിന്‍റെ നിശ്ചിത സമയം അവസാനിക്കാൻ ആറു മിനിറ്റ് ബാക്കി നിൽക്കെയാണ് കൊവാചിച്ച് സിറ്റിയുടെ രണ്ടാം ഗോൾ നേടുന്നത്. പന്തുമായി താരം നടത്തിയ ഒറ്റയാൾ നീക്കമാണ് ഗോളിലെത്തിയത്. പന്തടക്കത്തിൽ സിറ്റി അൽപം മുന്നിലെത്തിയെങ്കിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.