പ്രീമിയർ ലീഗിൽ ലെസ്റ്ററിനെ കെട്ടുകെട്ടിച്ച് യുനൈറ്റഡ്
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ യുനൈറ്റഡ് ജഴ്സിയിൽ 250ാം മത്സരത്തിനിറങ്ങിയ ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ മിന്നും ഫോമിൽ തകർപ്പൻ ജയം പിടിച്ച് ടീം. താൽക്കാലിക പരിശീലക വേഷത്തിൽ അവസാന മത്സരത്തിനിറങ്ങിയ റൂഡ് വാൻ നിസ്റ്റൽറൂയിക്ക് ഗംഭീര യാത്രയയപ്പെന്നോണമായിരുന്നു ലെസ്റ്ററിനെതിരെ ഓൾഡ് ട്രാഫോഡിൽ എതിരില്ലാത്ത കാൽ ഡസൻ ഗോളിന്റെ ആധികാരിക ജയം.
17ാം മിനിറ്റിൽ ഗോളടിച്ച് ടീമിനെ മുന്നിലെത്തിച്ച ബ്രൂണോ ആദ്യ പകുതിയിൽ ഒരിക്കൽകൂടി ഗോളിൽ പങ്കാളിയായി. താരം അടിച്ച ഷോട്ട് ലെസ്റ്റർ താരം ക്രിസ്റ്റ്യൻസെന്നിന്റെ ശരീരത്തിൽ തട്ടി വലയിൽ പതിച്ചു. മിന്നും ഷോട്ടിൽ ഗർണാച്ചോ 82ാം മിനിറ്റിൽ പട്ടിക തികച്ചു. റൂബൻ അമോറിം ക്ലബ് പരിശീലകനായി ചുമതലയേൽക്കാനിരിക്കെയാണ് ടീം സ്വപ്നസമാന ജയവുമായി തിരിച്ചുവരവിന്റെ സൂചന നൽകിയത്. നിസ്റ്റൽ റൂയി പരിശീലകനായിരിക്കെ നാലുകളികളിൽ മൂന്നും ജയിച്ച ടീം ഒരുവട്ടം സമനിലയും നേടി.
നിർണായകമായ മറ്റൊരു മത്സരത്തിൽ ചെൽസി ആഴ്സനലിനെ സമനിലയിൽ തളച്ചു. ഗോളില്ലാ ആദ്യ പകുതിക്കുശേഷം 60ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയിലൂടെ മുന്നിൽ കയറിയ ഗണ്ണേഴ്സിന്റെ ആഘോഷം അതിവേഗം അവസാനിപ്പിച്ച് 10 മിനിറ്റിനിടെ പെഡ്രോ നെറ്റോ ചെൽസിയെ ഒപ്പമെത്തിച്ചു. സമനിലയോടെ ഇരുടീമും 19 പോയന്റോടെ ആദ്യ നാലിലേക്ക് തിരിച്ചുകയറി. നോട്ടിങ്ഹാം ഫോറസ്റ്റിനും ബ്രൈറ്റനും അത്രതന്നെ പോയന്റാണെങ്കിലും ഗോൾ ശരാശരി തുണച്ചാണ് ചെൽസി മൂന്നാമതും ആഴ്സനൽ നാലാമതും നിൽക്കുന്നത്. 28 പോയന്റുള്ള ലിവർപൂൾ ഒന്നാം സ്ഥാനത്തുണ്ട്. അഞ്ചു പോയന്റ് കുറവുള്ള സിറ്റി രണ്ടാമതും. തുടർച്ചയായ നാലാം തോൽവിയുടെ ഞെട്ടലുമായാണ് സിറ്റി കഴിഞ്ഞ ദിവസം ബ്രൈറ്റണ് മുന്നിൽ നാണം കെട്ടത്. ഞായറാഴ്ച മറ്റൊരു കളിയിൽ ടോട്ടൻഹാം ഹോട്സ്പർ 1-2ന് ഇപ്സ്വിച്ചിനോട് പരാജയം സമ്മതിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.