ഹാലണ്ട് ഷോ! ഹാട്രിക്; ഇപ്സ്വിച്ചിനെ തരിപ്പണമാക്കി സിറ്റി
text_fieldsസൂപ്പർതാരം എർലിങ് ഹാലണ്ടിന്‍റെ ഹാട്രിക് മികവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. ഇപ്സ്വിച്ചിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ചാമ്പ്യന്മാർ തരിപ്പണമാക്കിയത്.
12 (പെനാൽറ്റി), 16, 88 മിനിറ്റുകളിലാണ് ഹാലണ്ട് വലകുലുക്കിയത്. 14ാം മിനിറ്റിൽ കെവിൻ ഡിബ്രൂയിനെയും സിറ്റിക്കായി ഗോൾ നേടി. ഏഴാം മിനിറ്റിൽ സാമി സ്മോഡിക്സാണ് ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഇപ്സ്വിച്ചിനായി ആശ്വാസ ഗോൾ നേടിയത്. രണ്ടു മത്സരങ്ങളിൽനിന്ന് രണ്ടു ജയവുമായി ആറു പോയന്‍റുള്ള സിറ്റി ഒന്നാമതാണ്. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും സിറ്റി ബഹുദൂരം മുന്നിലായിരുന്നു.
എത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റിയെ ഞെട്ടിച്ച് സന്ദർശകരാണ് ആദ്യം ലീഡെടുത്തത്. ബെൻ ജോൺസൻ നൽകിയ പാസാണ് ഗോളിലെത്തിയത്.
എന്നാൽ, നാലു മിനിറ്റിനുള്ളിൽ എതിരാളികളുടെ വലയിൽ മൂന്നു തവണ പന്തെത്തിച്ച് സിറ്റി മത്സരം തങ്ങളുടെ വരുതിയിലാക്കി. ബോക്സിനുള്ളിൽ സാവിഞ്ഞോയെ വീഴ്ത്തിയതിന് റഫറി വാർ പരിശോധനയിൽ പെനാൽറ്റി വിധിച്ചു. കിക്കെടുത്ത ഹാലണ്ട് പന്ത് അനായാസം വലയിലാക്കി. 14ാം മിനിറ്റിൽ ഗോൾ കീപ്പർ മൂറിച്ചിന്‍റെ പിഴവിൽനിന്ന് സിറ്റി ലീഡെടുത്തു. സഹതാരം നൽകിയ പന്ത് ക്ലിയർ ചെയ്യുന്നതിനിടെ മൂറിച്ചിൽനിന്ന് സാവിയോ തട്ടിയെടുത്ത് ഡിബ്രൂയിന് കൈമാറി. താരം ഒട്ടും വൈകാതെ ആളൊഴിഞ്ഞ പോസ്റ്റിലേക്ക് പന്ത് അടിച്ചുകയറ്റി. രണ്ടു മിനിറ്റിനുള്ളിൽ ഹാലൻഡിലൂടെ സിറ്റ് ലീഡ് വർധിപ്പിച്ചു.
ഡിബ്രൂയിനെയാണ് ഗോളിന് വഴിയൊരുക്കിയത്. പിന്നെയും സിറ്റി ഇപ്സ്വിച്ചിന്‍റെ ഗോൾമുഖത്ത് നിരന്തരം ഭീഷണി ഉയർത്തിക്കൊണ്ടിരുന്നു. രണ്ടാം പകുതിയിലും സിറ്റിയുടെ ആധിപത്യമായിരുന്നു. നിശ്ചിത സമയം അവസാനിക്കാൻ രണ്ടു മിനിറ്റ് ബാക്കി നിൽക്കെയാണ് ഹാലണ്ട് ഹാട്രിക് ഗോൾ നേടുന്നത്. ലീഗിൽ താരത്തിന്‍റെ ഏഴാം ഹാട്രിക് പ്രകടനമാണിത്. രണ്ടു മത്സരത്തിൽനിന്ന് താരത്തിന്‍റെ ഗോൾനേട്ടം ഇതോടെ നാലായി. സീസണിലെ ആദ്യ മത്സരത്തിലും താരം ഗോൾ നേടിയിരുന്നു.
വെസ്റ്റ് ഹാമിനെതിരെയാണ് സിറ്റിയുടെ അടുത്ത മത്സരം. ലീഗിലെ മറ്റു മത്സരങ്ങളിൽ ഫുൾഹാം (2-1) ലെസ്റ്റർ സിറ്റിയെയും വെസ്റ്റ്ഹാം (0-2) ക്രിസ്റ്റൽ പാലസിനെയും ടോട്ടൻഹാം (4-0) എവർട്ടണെയും നോട്ടിങ്ഹാം ഫോറസ്റ്റ് (1-0) സതാംപ്ടണെയും പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.