പെനാൽറ്റി ഗോളിൽ യുനൈറ്റഡ്; എവർട്ടണെ വീഴ്ത്തിയത് രണ്ടു ഗോളിന്
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന് ജയം. എവർട്ടണിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് തോൽപിച്ചത്. 12ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസും 36ൽ മാർകസ് റാഷ്ഫോർഡും പെനാൽറ്റിയിലൂടെ ഗോളുകൾ നേടി.
തുടർച്ചയായ രണ്ടു തോൽവികൾക്കുശേഷമാണ് എറിക് ടെൻ ഹാഗും സംഘവും സ്വന്തം തട്ടകത്തിൽ വിജയ വഴിയിൽ തിരിച്ചെത്തിയത്. കഴിഞ്ഞ മത്സരത്തിൽനിന്ന് മാറ്റം വരുത്താതെയാണ് ടെൻഹാഗ് ടീമിനെ കളത്തിലിറക്കിയത്. പന്തടക്കത്തിലും ലക്ഷ്യത്തിലേക്ക് ഷോട്ടുതിർക്കുന്നതിലുമെല്ലാം ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു.
എന്നാൽ ഫിനിഷിങിലെ പോരായ്മകൾ സന്ദർശകർക്ക് തിരിച്ചടിയായി. 12ാം മിനിറ്റിൽ പെനാൽറ്റി ഗോളിൽ യുനൈറ്റഡ് മുന്നിലെത്തി. ഇടതുവിങ്ങിൽ നിന്ന് റാഷ്‌ഫോർഡ് നൽകിയ പന്തുമായി മുന്നേറിയ അലചാൻഡ്രോ ഗർണാചോയെ ബോക്‌സിൽ വീഴ്ത്തിയതിനാണ് പെനാൽറ്റി അനുവദിച്ചത്. നായകൻ ഫെർണാണ്ടസ് പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചു.
ഗർണാചോയാണ് രണ്ടാമത്തെ പെനാൽറ്റിക്കും വഴിയൊരുക്കിയത്. താരത്തെ ബെൻ ഗോഡ്ഫ്രെ ബോക്‌സിൽ വീഴ്ത്തിയതിന് വീണ്ടും റഫറി പെനാൽറ്റി വിധിച്ചത്. റാഷ്‌ഫോർഡിന്‍റെ കിക്ക് വലയിൽ. 28 മത്സരങ്ങളിൽനിന്ന് 47 പോയന്‍റുമായി ആറാം സ്ഥാനത്താണ് യുനൈറ്റഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.