സൂപർ സബ് സാഞ്ചോ, ഗോളടിച്ച് റാഷ്ഫോഡ്- കോച്ചില്ലാ ലീഡ്സിനോട് സമനില വഴങ്ങി യുനൈറ്റഡ്
text_fieldsമെച്ചപ്പെട്ട പ്രകടനവുമായി പഴയ കാല മികവിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിന് സ്വന്തം മൈതാനത്ത് സമനിലക്കുരുക്ക്. രണ്ടു ഗോൾ വഴങ്ങി സമ്മർദത്തിലായ ശേഷം രണ്ടും തിരിച്ചടിച്ചാണ് ഓൾഡ് ട്രാഫോഡിൽ ലീഡ്സിനെ ആതിഥേയർ ഒപ്പം പിടിച്ചത്.
ആദ്യ വിസിൽ മുഴങ്ങി ഒരു മിനിറ്റ് പൂർത്തിയാകുംമുന്നേ ഗോൾ നേടി ലീഡ്സ് വരവറിയിച്ചു. നിറഞ്ഞൊഴുകിയെത്തിയ ഗാലറിയെ നിശ്ശബ്ദമാക്കി വിൽഫ്രീഡ് നോൻറ്റോയുടെ വകയായിരുന്നു ഒന്നാം മിനിറ്റിലെ ഗോൾ. അതോടെ ഉണർന്ന യുനൈറ്റഡ് ഗോൾ തേടി അവസരങ്ങൾ പലതു തുറന്നെടുത്തെങ്കിലും ലക്ഷ്യം അകന്നുനിന്നു. അതിനിടെ റാഫേൽ വരാനെ സ്വന്തം പോസ്റ്റിൽ പന്തെത്തിച്ച് ലീഡ്സ് ലീഡ് രണ്ടാക്കി ഉയർത്തുകയും ചെയ്തു.
എന്നാൽ, കളി വരാനിരിക്കുന്നേയുള്ളൂവെന്ന സൂചന നൽകി മാർകസ് റാഷ്ഫോഡ് 62ാം മിനിറ്റിൽ മനോഹരമായ ഹെഡർ ഗോളിൽ എതിരാളികളുടെ ലീഡ് പകുതിയാക്കി. പകരക്കാരുടെ ബെഞ്ചിൽനിന്ന് മൈതാനത്തെത്തിയ സാഞ്ചോ മിനിറ്റുകൾക്കകം വല കുലുക്കിയതോടെ കളി ഒപ്പത്തിനൊപ്പമായി.
കഴിഞ്ഞ ദിവസം സ്വന്തം കോച്ചിനെ പുറത്താക്കി ‘നാഥനില്ലാ പട’യായി ഇറങ്ങിയ ലീഡ്സ് പക്ഷേ, ആദ്യാവസാനം ആവേശം നിറഞ്ഞ പ്രകടനമാണ് എതിരാളികളുടെ തട്ടകത്തിൽ പുറത്തെടുത്തത്. ഏറ്റവും മികച്ച മധ്യനിരയും മുന്നേറ്റവും പേടിപ്പിക്കാനുണ്ടായിട്ടും വഴങ്ങാതെ പൊരുതിയ സന്ദർശകർ ജയം പിടിച്ചെന്നു തോന്നിച്ചതാണ്. എന്നാൽ, സീസണിലെ 20ാം ഗോളുമായി സാന്നിധ്യമുറപ്പിച്ച റാഷ്ഫോഡിനു പിന്നാലെ സാഞ്ചോയും ഗോൾ കുറിച്ചതാണ് സമനിലയിൽ അവസാനിപ്പിച്ചത്. മാനസിക, ശാരീരിക സമ്മർദങ്ങളിൽ കുടുങ്ങി മൂന്നുമാസം അവധിയെടുത്ത ശേഷമായിരുന്നു സാഞ്ചോയുടെ തിരിച്ചുവരവ്. എന്നാൽ, ഇറ്റും ചോരാത്ത ആക്രമണവീര്യവുമായി കളംനിറഞ്ഞ താരം ഇറങ്ങി എട്ടാം മിനിറ്റിൽ ഗോൾ നേടുകയും ചെയ്തു.
പ്രിമിയർ ലീഗിൽ ആഴ്സണൽ, മാഞ്ചസ്റ്റർ സിറ്റി ടീമുകൾക്ക് പിറകിൽ മൂന്നാമതുള്ള യുനൈറ്റഡ് നാലാം സ്ഥാനക്കാരായ ന്യുകാസിലിനെക്കാൾ മൂന്ന് പോയിന്റ് മുന്നിലാണ്. തരംതാഴ്ത്തൽ ഭീഷണിയിലുള്ള ലീഡ്സാകട്ടെ, വിലപ്പെട്ട പോയിന്റുമായി ഒരു സ്ഥാനം കയറി 16ാമതാണ്.
ഓൾഡ് ട്രാഫോഡിൽ ഇരു ടീമുകളും മുഖാമുഖം നിന്ന മത്സരങ്ങളിൽ ആതിഥേയർ വൻമാർജിനിൽ ജയം കണ്ടതാണ് ബുധനാഴ്ച സമനിലക്കുരുക്കിൽ അവസാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.