പ്രിമിയർ ലീഗ് ട്രാൻസ്ഫർ; കോടിക്കിലുക്കത്തിൽ റെക്കോഡ്
text_fieldsലണ്ടൻ: ഇളമുറക്കാരടക്കം പ്രമുഖരെ എത്തിക്കാൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയുമായി പ്രീമിയർ ലീഗ് ടീമുകൾ. ഒരാഴ്ചകൂടി ബാക്കിയുള്ള ട്രാൻസ്ഫറിൽ ഇതുവരെ 195 കോടി പൗണ്ട് (20,265 കോടി രൂപ) ആണ് ക്ലബുകൾ ചെലവിട്ടത്. കഴിഞ്ഞ സീസണിലെ 195 കോടി പൗണ്ട് ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്.
പ്രമുഖരെ ചാക്കിടാൻ ഏഷ്യൻ, അമേരിക്കൻ ലീഗുകൾ കൂടി എത്തിയതോടെ പോംവഴികളില്ലാതെ ചെലവഴിക്കൽ മാമാങ്കത്തിന് ക്ലബുകൾ നിർബന്ധിതരാകുകയായിരുന്നുവെന്നാണ് സൂചന. ദിവസങ്ങൾ ബാക്കിനിൽക്കുന്നതിനാൽ ഇത്തവണ 200 കോടി പൗണ്ട് എന്ന അപൂർവ അക്കവും പിന്നിട്ടേക്കും. സെപ്റ്റംബർ ഒന്നിനാണ് ട്രാൻസ്ഫർ അവസാനിക്കുക.
ബ്രൈറ്റൺ മിഡ്ഫീൽഡർ മോയ്സസ് കെയ്സിദോയെ ചെൽസിയും വെസ്റ്റ് ഹാമിൽനിന്ന് ഡെക്ലാൻ റൈസിനെ ആഴ്സനലും വാങ്ങിയത് 10 കോടിയിലേറെ പൗണ്ട് മുടക്കിയാണ്. മാഞ്ചസ്റ്റർ സിറ്റി ജോസ്കോ ഗ്വാർഡിയോൾ, ജെറമി ഡോകു, മാറ്റിയോ കൊവാസിച്ച് എന്നിവരെ എത്തിച്ചതും വലിയ തുക നൽകി.
മാഞ്ചസ്റ്റർ യുനൈറ്റഡ് നിരയിൽ റാസ്മസ് ഹോജ്ലൻഡ്, ന്യൂകാസിലിനായി സാൻഡ്രോ ടോണാലി, ലെസ്റ്ററിൽ ഹാർവി ബാൺസ് എന്നിവരും മികച്ച കൈമാറ്റത്തുക ലഭിച്ചവർ. ഇംഗ്ലണ്ട് അണ്ടർ 21 ഗോളി ജെയിംസ് ട്രാഫോഡിനെ ക്ലബിലെത്തിക്കാൻ ബേൺലി ഒമ്പതു കോടിയിലേറെ പൗണ്ട് മുടക്കി.
കെയ് ഹാവെർട്സ്, അയാക്സ് പ്രതിരോധ താരം ജുറിയൻ ടിംബർ എന്നിവർ ഗണ്ണേഴ്സ് നിരയിൽ എത്തിയതും മികച്ച നിരക്കിൽ. ചെൽസി മാത്രം ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇതുവരെ 34 കോടി പൗണ്ട് മുടക്കിയിട്ടുണ്ട്. ഇതും റെക്കോഡാണ്.
2019ൽ റയൽ മഡ്രിഡ് 29.2 കോടി ഒരു സീസണിൽ ചെലവിട്ടതായിരുന്നു ഇതുവരെയും ക്ലബ് റെക്കോഡ്. നീലക്കുപ്പായക്കാർ കഴിഞ്ഞ സീസണിലും ഞെട്ടിക്കുന്ന തുകയാണ് താരങ്ങൾക്കായി മുടക്കിയിരുന്നത്. ടോഡ് ബോഹ്ലി ക്ലബ് ഏറ്റെടുത്തശേഷം ഇതുവരെയായി 90 കോടി പൗണ്ടിലേറെയാണ് ഈയിനത്തിൽ മാത്രം മുടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.