ലോകകപ്പ് യോഗ്യത മത്സരം: താരങ്ങളെ വിട്ടുകൊടുക്കില്ലെന്ന് പ്രീമിയർ ലീഗ്
text_fieldsലണ്ടൻ: ഇംഗ്ലണ്ടിെൻറ 'ചുവപ്പു പട്ടിക'യിൽപെട്ട രാജ്യങ്ങളുടെ കളിക്കാരെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് വിട്ടുകൊടുക്കില്ലെന്ന് പ്രീമിയർ ലീഗ് ക്ലബുകൾ. ചുവപ്പുപട്ടികയിൽപെട്ട രാജ്യങ്ങളിലേക്ക് പോകുന്ന താരങ്ങൾ തിരിച്ചുവന്നാൽ ഇംഗ്ലണ്ടിൽ പത്തു ദിവസം സമ്പർക്കവിലക്ക് വേണമെന്നതിനാൽ ക്ലബുകൾക്ക് അവരുടെ സേവനം ഏറെ ദിവസം നഷ്ടമാവുമെന്നതിനാലാണ് ക്ലബുകൾ നിലപാട് കടുപ്പിച്ചത്.
ഇതിന് പ്രീമിയർ ലീഗ് ചീഫ് എക്സിക്യൂട്ടിവ് റിച്ചാർഡ് മാസ്റ്റേഴ്സ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കോവിഡ് വ്യാപനത്തെത്തുടർന്ന് വിവിധ രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ കണക്കിലെടുക്കാതെ ലോകകപ്പ് യോഗ്യത മത്സരങ്ങളടക്കമുള്ള അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ നേരത്തേ തന്നെ പ്രീമിയർ ലീഗും ലാലിഗയുമടക്കമുള്ള യൂറോപ്പിലെ വിവിധ ലീഗുകൾ എതിർപ്പ് അറിയിച്ചിരുന്നു. എന്നാൽ, ഇതു കണക്കിലെടുക്കാതെയാണ് ഫിഫ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഫിഫ നിയമപ്രകാരം അന്താരാഷ്ട്ര മത്സരങ്ങൾക്ക് താരങ്ങളെ വിട്ടുകൊടുക്കാത്ത ക്ലബുകൾക്കെതിരെ വിലക്ക് അടക്കമുള്ള നടപടികൾ സ്വീകരിക്കാം. എന്നാൽ, ഇതു വകവെക്കാതെ തീരുമാനവുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ് പ്രീമിയർ ലീഗ്. ഈജിപ്ത് താരം മുഹമ്മദ് സലാഹിനെ വിട്ടുകൊടുക്കില്ലെന്ന് കഴിഞ്ഞദിവസം ലിവർപൂൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്തുണ അറിയിച്ചാണ് പ്രീമിയർ ലീഗ് സംഘാടകർ നിലപാട് പ്രഖ്യാപിച്ചത്.
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പങ്കെടുക്കുന്ന 26 രാജ്യങ്ങൾ (പത്ത് തെക്കേ അമേരിക്കൻ രാജ്യങ്ങളും ഇതിൽപെടും) ഇംഗ്ലണ്ട് ചുവപ്പുപട്ടികയിൽ പെടുത്തിയവയാണ്. ഇവയിലെ 60 ഓളം കളിക്കാർ 19 പ്രീമിയർ ലീഗ് ക്ലബുകളിൽപെട്ടവരാണ്. പ്രീമിയർ ലീഗ് ക്ലബുകൾ നിലപാടിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ ഇവർക്കൊന്നും യോഗ്യത മത്സരങ്ങളിൽ ബൂട്ടുകെട്ടാനാവില്ല.
സ്പാനിഷ് ലാലിഗയും ഇതിനു പിന്തുണയറിയിച്ചിട്ടുണ്ട്. ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് താരങ്ങളെ വിട്ടുകൊടുക്കില്ലെന്ന് ക്ലബുകൾ തീരുമാനിച്ചാൽ അംഗീകരിക്കുമെന്ന് ലാലിഗ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.