പി.എസ്.ജി താരം അഷ്റഫ് ഹകീമിക്കെതിരെ പീഡനത്തിന് കേസെടുത്ത് പൊലീസ്
text_fieldsവീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ പി.എസ്.ജിയുടെ മൊറോക്കോ താരം അഷ്റഫ് ഹകീമിക്കെതിരെ കുറ്റം ചുമത്തി പ്രോസിക്യൂഷൻ. ഖത്തർ ലോകകപ്പിൽ മൊറോക്കോയെ അവസാന നാലിലെത്തിച്ച പ്രകടനവുമായി നിറഞ്ഞുനിന്ന താരത്തെ അറസ്റ്റ് ചെയ്യാൻ നടപടികളാരംഭിച്ചിട്ടില്ല. നടപടികൾ ബാക്കിയുള്ളതിനാൽ കേസിൽ വിചാരണ പോലും നടക്കണമെന്നില്ലെന്ന് റിപോർട്ടുകൾ പറയുന്നു. ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയത്ത് 24കാരിയെ വീട്ടിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹകീമി പറഞ്ഞു.
ഒരു മാസത്തോളമായി സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ തുടർന്ന സൗഹൃദത്തെ തുടർന്നായിരുന്നു വീട്ടിലേക്ക് വിളിച്ചത്. പിന്നീട് സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടതെന്നും യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു. ഔദ്യോഗികമായി പരാതി നൽകാത്തതിനാൽ അന്വേഷണം പൂർത്തിയായ ശേഷമേ തുടർ നടപടികളുണ്ടാകൂ. ഫെബ്രുവരി 26നാണ് യുവതി പ്രാദേശിക പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകിയത്. പരാതി രേഖാമൂലം നൽകാൻ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിക്കുകയായിരുന്നു. മെഡിക്കൽ പരിശോധനക്കും സമ്മതിച്ചിട്ടില്ല. എന്നാൽ, വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് അന്വേഷിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു.
പി.എസ്.ജിക്കായി കളിക്കുന്ന താരം വെള്ളിയാഴ്ചയും പി.എസ്.ജി ക്യാമ്പിൽ താരം പരിശീലനത്തിനിറങ്ങിയിരുന്നു. ബയേണിനെതിരെ അടുത്ത ദിവസം ചാമ്പ്യൻസ് ലീഗ് രണ്ടാം പാദത്തിൽ താരം ഇറങ്ങും. സെലിബ്രിറ്റി താരമായ ഹിബ അബൂകാണ് ഹകീമിയുടെ പത്നി. രണ്ടുമക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.