പി.എസ്.ജി- ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഇന്ന്
text_fieldsപാരിസ്: ലൂയിസ് എന്റിക് എന്ന പഴയ കറ്റാലൻ പരിശീലകനു കീഴിൽ സ്വന്തം തട്ടകത്തിൽ ഭാഗ്യം തേടി പാരിസുകാർ ഇന്നിറങ്ങുന്നു. പി.എസ്.ജിയും ബാഴ്സലോണയും ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ മുഖാമുഖം നിൽക്കുമ്പോൾ എന്റികിനു മാത്രമല്ല, ഇരു നിരയിലും പ്രതീക്ഷകൾ വാനോളമാണ്.
ബാഴ്സലോണ പരിശീലകനായിരിക്കെ 2015ൽ എന്റിക് കിരീട ട്രിപ്പിൾ കുറിച്ച് ചരിത്രമെഴുതിയിരുന്നു. ഇത്തവണ എംബാപ്പെയെ കൂട്ടി അത് പിടിക്കാനുള്ള പുറപ്പാടിലാണ് പി.എസ്.ജിയും എന്റികും. ലയണൽ മെസ്സിയടക്കം പ്രമുഖർ മാറിമാറി പന്തുതട്ടിയ തട്ടകങ്ങളാണെന്നതിനാൽ കളി തീപാറുമെന്നുറപ്പ്.
സമീപകാലത്തൊന്നും തോൽവിയറിഞ്ഞില്ലെന്നതാണ് പി.എസ്.ജിയുടെ സവിശേഷത. കഴിഞ്ഞ നവംബറിൽ എ.സി മിലാനു മുന്നിൽ വീണ ശേഷം 27 കളികളായി ടീം അപരാജിത കുതിപ്പ് തുടരുകയാണ്. മറുവശത്ത്, അവസാന 11 കളികളിൽ ബാഴ്സലോണയും തോറ്റിട്ടില്ല. സൂപർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി, യുവതാരം ലാമിൻ യമാൽ, റഫീഞ്ഞ എന്നിവരടങ്ങിയ മുന്നേറ്റം യൂറോപിൽ ഏതു ടീമിനെയും വീഴ്ത്താൻ പോന്നതാണ്. എന്നാൽ, പരിക്കേറ്റ് ചിറകൊടിഞ്ഞുനിൽക്കുന്ന മധ്യനിരയിൽ പകരക്കാരുടെ അഭാവം ടീമിനെ വലക്കുകയാണ്.
തങ്ങളുടെ പഴയ പരിശീലകനും ഒപ്പം ലോകത്തെ ഏറ്റവും മികച്ച സ്ട്രൈക്കറും ഒന്നിച്ച് മറുവശത്തുള്ളതും ടീമിന് ആധി നൽകാൻ പോന്നതാണ്.
അതിനിടെ, പാരിസിലെ പി.എസ്.ജി കളിമുറ്റത്ത് ഐ.എസ് ഭീകരാക്രമണ ഭീഷണിയെ തുടർന്ന് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിൽ രണ്ടാമത്തെ ക്വാർട്ടറിൽ അറ്റ്ലറ്റികോ മഡ്രിഡും ബൊറൂസിയ ഡോർട്മുണ്ടും തമ്മിലും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.