സമനിലയിൽ പിടിച്ചുകയറി പി.എസ്.ജി ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ
text_fieldsചാമ്പ്യൻസ് ലീഗിലെ നിർണായക പോരാട്ടത്തിൽ ജർമൻ കരുത്തരായ ബൊറൂസിയ ഡോട്ട്മുണ്ടുമായി സമനില പിടിച്ച് പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) അവസാന പതിനാറിൽ. എ.സി മിലാനെ ഗോൾ ശരാശരിയിൽ പിന്തള്ളി രണ്ടാം സ്ഥാനക്കാരായാണ് പി.എസ്.ജിയുടെ പ്രീ-ക്വാർട്ടർ പ്രവേശനം. ഗ്രൂപ്പ് എഫിൽ 11 പോയന്റുള്ള ബൊറൂസിയ ഡോട്ട്മുണ്ടാണ് ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക് പ്രവേശിച്ചത്. പി.എസ്.ജിക്കും എ.സി മിലാനും എട്ട് പോയന്റ് വീതമാണുള്ളത്. എ.സി മിലാനോട് 2-1ന് പരാജയപ്പെട്ട ന്യൂകാസിൽ യുനൈറ്റഡ് അഞ്ചു പോയന്റുമായി അവസാന സ്ഥാനക്കാരായി.
പത്താം മിനിറ്റിൽ ഡോട്ട്മുണ്ടാണ് ആദ്യ അവസരം തുറന്നെടുത്തത്. എന്നാൽ, ദുർബലമായ ഷോട്ട് പി.എസ്.ജി ഗോൾകീപ്പർ ഡോണറുമ്മ ഡൈവ് ചെയ്ത് തട്ടിത്തെറിപ്പിച്ചു. അഞ്ച് മിനിറ്റിനകം പി.എസ്.ജിക്കും സുവർണാവസരം ലഭിച്ചെങ്കിലും ലീയുടെ ഷോട്ട് അവിശ്വസനീയമായി പുറത്തേക്ക് പോയി. തൊട്ടുടൻ എംബാപ്പെ പി.എസ്.ജിയെ മുന്നിലെത്തിച്ചെന്ന് ഉറപ്പിച്ചതായിരുന്നു. ഗോൾകീപ്പറെയും വെട്ടിച്ച് വലയിലേക്കടിച്ച പന്ത് എതിർ ഡിഫൻഡർ ആന്ദ്രെ ഷുർലെ മനോഹരമായ ഗോൾലൈൻ സേവിലൂടെ രക്ഷപ്പെടുത്തി. 26ാം മിനിറ്റിൽ ഡോട്ട്മുണ്ടിന്റെ മാർകോ റ്യൂസിന്റെ ബുള്ളറ്റ് ഷോട്ട് ഡോണറുമ്മ തകർപ്പൻ ഡൈവിലൂടെ കുത്തിയകറ്റി. അധികം വൈകാതെ ഡോണ്ട്മുണ്ട് വീണ്ടും ഗോളിനടുത്തെത്തിയെങ്കിലും ഡോണറുമ്മയുടെ മെയ്‍വഴക്കം പി.എസ്.ജിക്ക് തുണയായി. ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കെ അദേയേമിക്ക് ലഭിച്ച അവസരവും പാഴായി. ആദ്യ പകുതി അവസാനിക്കാനിരിക്കെ ഫ്രീകിക്കിൽ ഹമ്മൽസിന്റെ ഡൈവിങ് ഹെഡർ നിർഭാഗ്യത്തിനാണ് പുറത്തുപോയത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ജൂലിയൻ ബ്രാന്റിന്റെ ഷോട്ടും ഡോണറുമ്മ തടഞ്ഞിട്ടു. ഉടൻ ലീയെടുത്ത ഷോട്ട് ഡോട്ട്മുണ്ട് ഗോൾകീപ്പറും കൈയിലൊതുക്കി. എന്നാൽ, 51ാം മിനിറ്റിൽ ഡോട്ട്മുണ്ട് അർഹിച്ച ലീഡ് നേടി. പി.എസ്.ജി പ്രതിരോധ നിരയിൽനിന്ന് തട്ടിയെടുത്ത പന്ത് നിക്ലാസ് ഫുൾക്രഗ് കരീം അദേയേമിക്ക് കൈമാറി. താരം അനായാസം പന്ത് വലയിലെത്തിച്ചു. എന്നാൽ, അഞ്ച് മിനിറ്റിനകം പി.എസ്.ജി തിരിച്ചടിച്ചു. 17കാരൻ സയർ എമരിയുടെ വകയായിരുന്നു ഗോൾ. വൈകാതെ ലീഡ് പിടിക്കാൻ ഡോട്ട്മുണ്ടിന് അവസരം ലഭിച്ചെങ്കിലും വീണ്ടും ഡോണറുമ്മ രക്ഷകനായി. 75ാം മിനിറ്റിൽ എംബാപ്പെ ഡോട്ട്മുണ്ടിന്റെ വല കുലുക്കിയെങ്കിലും ‘വാർ’ പരിശോധനയിൽ ഓഫ്സൈഡായി. തുടർന്നും വിജയഗോളിനായി ഇരു നിരയും പോരാടിയെങ്കിലും ഫലമുണ്ടായില്ല.
മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി 3-2ന് റെഡ്സ്റ്റാൻ ബെൽഗ്രേഡിനെയും അത്‍ലറ്റികോ മാഡ്രിഡ് 2-0ത്തിന് ലാസിയോയേയും എ.സി മിലാൻ 2-1ന് ന്യൂകാസിൽ യുനൈറ്റഡിനെയും എഫ്.സി പോർട്ടോ 5-3ന് ഷാക്തർ ഡോനറ്റ്സ്കിനെയും ആർ.ബി ലെയ്പ്സിഷ് 2-1ന് യങ് ബോയ്സിനെയും സെൽറ്റിക് 2-1ന് ഫെയനൂർഡിനെയും തോൽപിച്ചപ്പോൾ ബാഴ്സലോണ റോയൽ ആന്റ് വെർപിനോട് 3-2ന് പരാജയപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.