സൂപ്പർതാരത്തെ ഒഴിവാക്കാൻ പി.എസ്.ജി! സ്റ്റേഡിയത്തിൽനിന്ന് പോസ്റ്റർ മാറ്റി; ജഴ്സി വിൽപനയും നിർത്തിവെച്ചു
text_fieldsപി.എസ്.ജിയുമായി കരാർ തർക്കം തുടരുന്ന ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ ഒടുവിൽ ക്ലബിനു പുറത്തേക്കെന്ന് സൂചന. ക്ലബിന്‍റെ ഹോം ഗ്രൗണ്ടായ പാർക് ഡി പ്രിൻസസിൽനിന്ന് താരത്തിന്‍റെ പോസ്റ്റർ മാറ്റി. പാരിസിലെ ക്ലബിന്‍റെ ഔദ്യോഗിക ഷോപ്പിൽ എംബാപ്പെയുടെ ജഴ്സി വിൽപനയും പി.എസ്.ജി അധികൃതർ നിർത്തിവെച്ചു.
കഴിഞ്ഞദിവസം താരം പി.എസ്.ജി.യുടെ പരിശീലനത്തിനും എത്തിയിരുന്നില്ല. ലീഗ് വൺ ഫുട്‌ബാളിന് മുന്നോടിയായി തിങ്കളാഴ്ചയാണ് പി.എസ്.ജി.യുടെ ഒന്നാംനിര സ്‌ക്വാഡ് പരിശീലനം ആരംഭിച്ചത്. ക്ലബുമായി കരാർ പുതുക്കില്ലെന്ന് അറിയിച്ചതോടെയാണ് എംബാപ്പെയും പി.എസ്.ജിയും തമ്മിൽ തർക്കം ഉടലെടുത്തത്. 24കാരനായ എംബാപ്പെക്ക് പി.എസ്.ജിയുമായി ഒരു വർഷം കൂടി കരാർ കാലാവധിയുണ്ട്.
അടുത്തവർഷം കരാർ അവസാനിക്കുന്നതോടെ ക്ലബ് വിടുമെന്ന് എംബാപ്പെ അധികൃതരെ അറിയിക്കുകയായിരുന്നു. എന്നാൽ, ഫ്രീ ഏജന്‍റായി താരം പുറത്തുപോകുന്നത് ക്ലബിന് വലിയ നഷ്ടമാകും. ഒന്നില്ലെങ്കിൽ കരാർ പുതുക്കുക അല്ലെങ്കിൽ ക്ലബ് വിട്ടുപോകുക എന്ന കർശന നിർദേശം ക്ലബ് താരത്തിന് നൽകി.
ഇതിനിടെ ജപ്പാനിലും ദക്ഷിണകൊറിയയിലുമായി നടന്ന പ്രീ-സീസൺ പര്യടനത്തിലും എംബാപ്പെ ഉൾപ്പെട്ടില്ല. ഈസമയം ഫ്രഞ്ച് സ്ട്രൈക്കർ റിസർവ് താരങ്ങൾക്കൊപ്പം പാരിസിൽ പരിശീലനം നടത്തുകയായിരുന്നു. റയൽ മഡ്രിഡ് ഉൾപ്പെടെ വമ്പൻ ക്ലബുകൾ എംബാപ്പെക്കുവേണ്ടി രംഗത്തുണ്ട്. സൗദി ക്ലബ് അൽ ഹിലാലും വൻതുക വാഗ്ദാനം ചെയ്തിരുന്നു.
ഓരോ ദിവസം കഴിയുംതോറും എംബാപ്പെയും പി.എസ്.ജിയും തമ്മിലുള്ള തർക്കം രൂക്ഷമാകുകയാണ്. ശനിയാഴ്ച ലോറിയെന്‍റിനെതിരായ മത്സരത്തോടെ പി.എസ്.ജി ലീഗ് വൺ സീസണ് തുടക്കമിടുകയാണ്. ടീമിൽ എംബാപ്പെ ഉണ്ടാകുമോ എന്നതാണ് ആരാധകരെല്ലാം ഉറ്റുനോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.