ഖത്തറിൽ ബയേൺ ആരാധകരൊക്കെ പി.എസ്.ജിയായി, എന്നിട്ടും...
text_fieldsദോഹ: ഖത്തറിലെ ബയേൺ മ്യൂണിക്ക് ആരാധകരൊക്കെ ഞായറാഴ്ച പി.എസ്.ജിക്കൊപ്പമായിരുന്നു. ബയേണിൻെറ കളിയഴകിൻെറ കട്ട ഫാൻസടക്കം താൽകാലികമായെങ്കിലും പി.എസ്.ജിയിലേക്ക് കൂടുമാറി. കാരണം ഒന്നേയുണ്ടായിരുന്നുള്ളൂ, പാരീസ് സെയിൻറ് ജർമൻ എന്ന പി.എസ്.ജി ക്ലബിൻെറ ഉടമകൾ ഖത്തറായിരുന്നു എന്ന ഒറ്റക്കാരണം. ഖത്തറിൻെറ മണ്ണിൽ പ്രവാസികളായ മലയാളികളടക്കമുള്ളവരും തൽകാലം ബയേൺ ആരാധന മാറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പി.എസ്.ജിക്കൊപ്പം നിന്നു. 'പ്രിയ ടീം എന്നും ബയേൺ ആണ്. പക്ഷേ ചാമ്പ്യൻസ് ലീഗിൻെറ ഈ ഫൈനലിൽ നമ്മൾ പി.എസ്.ജിക്കൊപ്പമാണ്, കാരണമൊന്നും ചോദിക്കരുത്, ഖത്തർ ഞങ്ങൾക്ക് അത്രയും പ്രിയപ്പെട്ടതാണ്'... ഇത്തരത്തിലുള്ള നിരവധി കമൻറുകളാണ് ഫൈനലിന് മുമ്പായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്.
ഞായറാഴ്ച രാത്രി പത്ത് മണിക്കായിരുന്നു ഫൈനൽ. മിക്കയാളുകൾക്കും കളികാണാനുള്ള അനുയോജ്യമായ സമയവുമായിരുന്നു. കനത്ത പോരിടിനിടെ ബയേൺ മറുപടിയില്ലാത്ത ഒരു ഗോളിന് പി.എസ്.ജിയെ തോൽപിച്ച് ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടു. പോർച്ചുഗീസ് തലസ്ഥാനമായ ലിസ്ബണിൽ നടന്ന ഫൈനലിൽ നിരവധി ഗോൾ അവസരങ്ങളാണ് പി.എസ്.ജിക്ക് ലഭിച്ചത്. എന്നാൽ ലക്ഷ്യം നേടാനായില്ല.
വാശിമുറ്റിയ പോരാട്ടഭൂമിയിൽ 59ാം മിനുട്ടിൽ ബയേണിനായി കിങ്സ്ലി കോമാനാണ് വിജയഗോൾ നേടിയത്. പി.എസ്.ജി അക്കാദമിയിലൂടെ വളർന്നവനായിട്ടും നീയിത് ചെയ്തല്ലോ കോമാൻ... നെയ്മർ, കിലിയൻ എംബാപ്പെ എന്നീ വമ്പൻമാർ പി.എസ്.ജിക്കായി അണിനിരന്നിരുന്നു. ആദ്യപകുതി ഗോൾ രഹിതസമനില.
മികച്ച കളി പുറെത്തടുെത്തങ്കിലും ഫിനിഷിങിലെ പാളിച്ചകൾ പി.എസ്.ജിയെ തിരിഞ്ഞുകൊത്തി. ബയേൺ ഗോളി മാനുവർ നോയർ ഗോളെന്നുറപ്പിച്ച ഷോട്ടുകൾ പോലും തടയുന്നതിൽ വിജയിച്ചു. 26ാം മിനുട്ടിൽ എയ്ഞ്ചൽ ഡിമരിയ നല്ലൊരവസരം പുറത്തേക്കടിച്ചുപാഴാക്കി. 19ാം മിനുട്ടിൽ നെയ്മറിെൻറ മികച്ച ഇടങ്കാലൻ ഷോട്ടും 71ാം മിനുട്ടിൽ മറ്റൊരു ശ്രമവും ബയേണിൻെറ ഗോൾവല കാത്ത നോയർ തടഞ്ഞിട്ടു, അന്തിമഫലം പി.എസ്.ജിക്കെതിരാവുകയും ചെയ്തു. ഏതായായും ബയേൺ ചാമ്പ്യൻമാരായതോടെ മറുകണ്ടം ചാടിയ ഖത്തറിലുള്ള പല മിടുക്കൻമാരും ബയേണിനൊപ്പം തന്നെ 'വീണ്ടും ചേർന്നു'.
പി.എസ്.ജിയുടെ കാൽപന്തുകുതിപ്പ് ഖത്തറിൻെറ തേരിലേറിയാണ്. ക്ലബിെൻറ നല്ലൊരു ശതമാനം ഓഹരിയും വഹിക്കുന്നത് ഖത്തറാണ്. 1970ൽ രൂപീകരിക്കപ്പെട്ട ക്ലബ് 2011ലാണ് ഖത്തറിെൻറ ഉടമസ്ഥതയിലേക്കെത്തുന്നത്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ചെയർമാനായ ഖത്തർ ഇൻവെസ്റ്റ്മെൻറ് അതോറിറ്റി(ക്യു ഐ എ)യുടെ സഹോദര സ്ഥാപനമായ ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെൻറ്സ് (ക്യു.ഐ.എ) ആണ് ക്ലബിെൻറ ഉടമകൾ. 2011ൽ ക്ലബിെൻറ ഉടമസ്ഥത ഖത്തറിലെത്തിയതിന് ശേഷം ഖത്തരി വ്യാപാരിയും ബീൻ മീഡിയാ ഗ്രൂപ്പ് മേധാവിയുമായ നാസർ അൽ ഖിലൈഫിയാണ് ക്ലബിെൻറ മുന്നേറ്റത്തിന് ചുക്കാൻ പിടിക്കുന്നത്. ഖത്തർ ടെന്നിസ് സ്ക്വാഷ് ബാഡ്മിൻറൺ ഫെഡറേഷൻ പ്രസിഡൻറും ഫുട്ബോളിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാൾ കൂടിയാണ് നാസർ അൽ ഖിലൈഫി.
ക്ലബിെൻറ ഉടമസ്ഥത ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്മെൻറ്സിെൻറ കൈകളിലെത്തിയതോടെ പി എസ് ജിയെ യൂറോപ്യൻ ചാമ്പ്യൻമാരാക്കുകയെന്ന നിശ്ചയദാർഢ്യത്തിലാണ് ഓരോ നീക്കവും നടത്തിയിരുന്നത്.
ഇതിനായി തിയാഗോ സിൽവ, സ്ലാറ്റൻ ഇബ്രാഹിമോവിച്ച്, ഡേവിഡ് ലൂയിസ്, എഡിൻസൻ കവാനി, നെയ്മർ ജൂനിയർ, കിലിയൻ എംബാപ്പെ തുടങ്ങിയ പ്രമുഖരുൾപ്പെടെയുള്ള പ്രഗൽഭരെ ടീമിലെത്തിച്ചു. 2011ന് ശേഷം ട്രാൻസ്ഫർ വിപണിയിൽ മാത്രം 100 കോടി യൂറോയാണ് പി എസ് ജി ചെലവഴിച്ചത്. അപ്പോഴും യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മാത്രം കിട്ടാക്കനിയായി. തിയാഗോ സിൽവ, നെയ്മർ, എംബാപ്പേ തുടങ്ങിയവർ മാത്രമാണ് അവശേഷിക്കുന്നത്. എയ്ഞ്ചൽ ഡി മരിയയും മൗറോ ഇക്കാർഡിയും പാബ്ലോ സറാബിയയും മാർക്കിഞ്ഞോസും മാർകോ വെറാറ്റിയും ഗോൾ കീപ്പർ കീലർ നവാസും പി എസ് ജി നിരയിലുണ്ട്.
രൂപീകരിച്ചത് മുതൽ 2019–2020 സീസണിലെത്തി നിൽക്കുമ്പോൾ ആഭ്യന്തര ലീഗിൽ പി എസ് ജിയെ പിന്തള്ളാൻ ആരും വളർന്നിട്ടില്ല. 43 ചാമ്പ്യൻഷിപ്പുകളാണ് ആഭ്യന്തര തലത്തിൽ പി എസ് ജി ഷോക്കേസിലെത്തിച്ചത്. ഇതിൽ ഒമ്പത് ഫ്രഞ്ച് ലീഗ് വൺ ചാമ്പ്യൻഷിപ്പുമുണ്ട്. ഇതും റെക്കോർഡ് നേട്ടമാണ്. യുവേഫ കപ്പ് വിന്നേഴ്്സ് കപ്പ്, യുവേഫ ഇൻറർടോട്ടോ കപ്പ് എന്നിവയും പി എസ് ജി നേടി. എന്നാൽ യുവേഫ ചാമ്പ്യൻസ് ലീഗെന്ന നേട്ടം ഇതുവരെ എത്തിപ്പിടിക്കാനായില്ല. അതിലേക്കായിരുന്നു ഞായറാഴ്ച ടീം പന്തുതട്ടിയത്. എന്നാൽ ആ ലക്ഷ്യം ലിസ്ബണിലും അകന്നുനിന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.