‘പി.എസ്.ജി വിടാൻ അദ്ദേഹത്തോടും ആവശ്യപ്പെട്ടു’; സൂപ്പർതാരത്തിന് മെസ്സിയുടെ മുന്നറിയിപ്പ്
text_fieldsഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായി കരാർ പുതുക്കാൻ വിസ്സമതിച്ച സൂപ്പർതാരം കിലിയൻ എംബാപ്പെ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്ക് ചേക്കേറുമെന്നാണ് സൂചന. ഇരുക്ലബുകളും ഇക്കാര്യത്തിൽ ധാരണയായതായാണ് പുറത്തുവരുന്ന വിവരം. റെക്കോഡ് തുകക്കാവും താരത്തിന്‍റെ കൈമാറ്റം.
ഇതിഹാസതാരം ലയണൽ മെസ്സിക്കു പിന്നാലെയാണ് എംബാപ്പെയും ക്ലബ് വിടുന്നത്. മെസ്സി അമേരിക്കൻ മേജർ ലീഗിലെ ഇന്‍റർ മിയാമിയിലേക്കാണ് പോകുന്നത്. നേരത്തെ തന്നെ പുതിയ സാധ്യതകൾ തേടി പോകാൻ എംബാപ്പെക്കും മെസ്സി നിർദേശം നൽകിയിരുന്നതായി വിവിധ യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റയൽ മഡ്രിഡ്, ബാഴ്സലോണ ക്ലബുകളിൽ ഏതെങ്കിലും ഒന്നിൽ ചേരുന്നതായിരിക്കും ഉചിതമെന്നും മെസ്സി മുന്നറിയിപ്പ് നൽകിയതായി മാധ്യമവാർത്തകൾ പറയുന്നു.
എംബാപ്പെ ബാഴ്സയിൽ ചേരുമെന്നാണ് മെസ്സി പ്രതീക്ഷിച്ചിരുന്നതെന്നും റിപ്പോർട്ടുകളിലുണ്ട്. മെസ്സി ഫ്രീ ഏജന്റായാണ് അമേരിക്കൻ ക്ലബിലേക്ക് പോകുന്നത്. കരാർ പുതുക്കാൻ താൽപര്യമില്ലെന്ന് എംബാപ്പെ ഫ്രഞ്ച് ക്ലബിനെ അറിയിച്ചിരുന്നു. ഇതോടെയാണ് ഫ്രഞ്ച് താരത്തെ വിൽക്കാൻ പി.എസ്.ജി നീക്കം തുടങ്ങിയത്. എംബാപ്പെയെ പി.എസ്.ജിയിൽനിന്ന് വിട്ടുകിട്ടാൻ 2227 കോടി രൂപ റയൽ നൽകുമെന്നാണ് സൂചന.
അങ്ങനെയെങ്കിൽ ഫുട്‌ബാൾ ചരിത്രത്തിൽ ഒരു താരത്തിനായി മുടക്കുന്ന ഏറ്റവും വലിയ തുകയാകും ഇത്. 2018ൽ ബ്രസീൽ താരം നെയ്മറെ ടീമിലെത്തിക്കാൻ പി.എസ്.ജി 1978 കോടി രൂപയാണ് മുടക്കിയത്. കരീം ബെൻസേമ ക്ലബ് വിട്ടതോടെ ഒഴിവുവന്ന സ്ട്രൈക്കർ സ്ഥാനത്തേക്കാണ് എംബാപ്പെയെ റയൽ പരിഗണിക്കുന്നത്. പി.എസ്.ജിക്കായി 260 മത്സരങ്ങളിൽനിന്ന് 212 ഗോളുകളാണ് എംബാപ്പെ നേടിയത്. 2024 ജൂൺ 30നാണ് ക്ലബുമായുള്ള താരത്തിന്‍റെ കരാർ അവസാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.