മെസ്സിക്ക് ഒരുതരി പോലും സംശയമില്ല, 2022ലെ ബാലൺ ഡി ഓർ പുരസ്കാര ജേതാവിനെ പ്രവചിച്ച് സൂപ്പർതാരം
text_fieldsപാരിസ്: ലോക ഫുട്ബാളിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരമായ ഫിഫ ബാലൺ ഡി ഓറിനായി പരിഗണിക്കുന്ന കളിക്കാരുടെ പട്ടികയിൽ നിലവിലെ ജേതാവും അർജന്റീനയുടെ സൂപ്പർ താരവുമായ ലയണൽ മെസ്സിയുടെ പേരില്ലായിരുന്നു.
ഏഴ് തവണ പുരസ്കാരം നേടിയ മെസ്സി, 2005ന് ശേഷം ഇതാദ്യമായാണ് പട്ടികയിൽ ഇടംപിടിക്കാതെ പോകുന്നത്. എന്നാൽ, പി.എസ്.ജി താരത്തിന് ഇത്തവണ ബാലൺ ഡി ഓർ പുരസ്കാര ജേതാവ് ആരായിരിക്കുമെന്നതിൽ ഒരു തരിപോലും സംശയമില്ല. റയൽ മാഡ്രിഡിന്‍റെ ഫ്രഞ്ച് താരം കരീം ബെൻസേമക്കാണ് അവാർഡിന് കൂടുതൽ സാധ്യതയെന്ന് മെസ്സി പറയുന്നു.
ഫ്രഞ്ച് സ്‌ട്രൈക്കർ അതിശയിപ്പിക്കുന്ന കളിക്കാരനാണെന്നും ബാലൺ ഡി ഓർ നേടുന്നതിന് അദ്ദേഹം അർഹനാണെന്നതിൽ ഒരു സംശയമില്ലെന്നും താരം വ്യക്തമാക്കി. ഒരു സ്പോർട്സ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് മെസ്സി റയൽ താരത്തെ ഏറെ പ്രശംസിക്കുന്നത്. കഴിഞ്ഞ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് വേണ്ടി കരീം ബെൻസെമയുടെ അവിശ്വസനീയമായ ഹാട്രിക് പ്രകടനമാണ് 2021-22 സീസണിൽ പി.എസ്.ജിയുടെ പുറത്താകലിലേക്ക് നയിച്ചതെന്ന് മെസ്സി പറയുന്നു.
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗ് കിരീട നേട്ടത്തിൽ ഫ്രഞ്ച് സ്‌ട്രൈക്കർ നിർണായക പങ്ക് വഹിച്ചിരുന്നു. 15 ഗോളുകളുമായി ടൂർണമെന്‍റിലെ ടോപ് സ്‌കോററായി. ബെൻസേമയുടെ ചിറകിലേറിയാണ് മാഡ്രിഡ് ലാ ലിഗ കിരീടവും നേടിയത്. 27 ഗോളുകളുമായി കരീം ബെൻസെമയാണ് ലീഗിലെ ടോപ് സ്കോറർ. പുതിയ സീസണിലും ബെൻസേമ മിന്നുംഫോമിലാണ്.
ബാഴ്സലോണയിൽനിന്ന് പി.എസ്.ജിയിലേക്ക് കൂടുമാറിയ മെസ്സിക്ക് കഴിഞ്ഞ സീസണിൽ ക്ലബിനുവേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ല. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിലാണ് റയൽ മഡ്രിഡിനോടു തോറ്റ് പി.എസ്.ജി പുറത്താകുന്നത്. പി.എസ്.ജിയുടെ മറ്റൊരു സൂപ്പർ താരം ബ്രസീലിയൻ സ്ട്രൈക്കർ നെയ്മറും പട്ടികയിലില്ല. സംഘാടകരായ ഫ്രാൻസ് ഫുട്ബാൾ മാഗസിനാണ് പട്ടിക പുറത്തുവിട്ടത്.
പോർചുഗൽ നായകനും അഞ്ച് വർഷത്തെ ബാലൺ ഡി ഓർ ജേതാവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇടംപിടിച്ചിട്ടുണ്ട്. കരീം ബെൻസേമ, റോബർട്ട് ലെവൻഡോവ്സ്കി, കിലിയൻ എംബാപ്പേ, എർലിങ് ഹാലാൻഡ്, മുഹമ്മദ് സ്വലാഹ്, സാദിയോ മാനേ, കെവിൻ ഡീ ബ്രൂയിൻ, ഹാരി കെയ്ൻ തുടങ്ങിയവർ പട്ടികയിലുണ്ട്. ചാമ്പ്യൻസ് ലീഗ്, സൂപ്പർ കപ്പ് ജേതാക്കളായ റയൽ മഡ്രിഡിൽനിന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരയ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ചാമ്പ്യൻസ് ലീഗ് റണ്ണറപ്പായ ലിവർപൂളിൽനിന്നും ആറുപേർ വീതം ഇടംനേടി. കോവിഡ് കാരണം 2020ൽ ആർക്കും പുരസ്കാരം നൽകിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.