സിറ്റിയും പി.എസ്.ജിയും നേർക്കുനേർ; ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർ രണ്ടാം പോരിന്
text_fieldsയുവേഫ ചാമ്പ്യൻസ് ലീഗിൽ രണ്ടാം മത്സരദിനത്തിൽ കരുത്തന്മാർ ചൊവ്വാഴ്ച പോരിനിറങ്ങും. റയൽ മഡ്രിഡ്, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, എ.സി മിലാൻ, ഇൻറർ മിലാൻ, ബൊറൂസിയ ഡോർട്ട്മുണ്ട്, അത്ലറ്റികോ മഡ്രിഡ് തുടങ്ങിയ കരുത്തർക്കെല്ലാം ഇന്ന് അങ്കമുണ്ട്.
സിറ്റി-പി.എസ്.ജി പോര്
മാഞ്ചസ്റ്റർ സിറ്റി, പി.എസ്.ജി, ക്ലബ് ബ്രൂഗ്, ആർ.ബി ലൈപ്സിഷ് ടീമുകൾ അണിനിരക്കുന്ന ഗ്രൂപ് എയിൽ മൂന്നു പോയൻറുമായി നിലവിലെ റണ്ണറപ്പായ സിറ്റിയാണ് മുന്നിൽ. സിറ്റിക്ക് കരുത്തരായ പി.എസ്.ജിയാണ് എതിരാളികൾ. ആദ്യ കളിയിൽ ലൈപ്സിഷിനെ 6-3ന് തകർത്താണ് സിറ്റിയുടെ വരവ്. പി.എസ്.ജിയാവട്ടെ ആദ്യ മത്സരത്തിൽ ക്ലബ് ബ്രൂഗിനോട് 1-1 സമനില വഴങ്ങിയിരുന്നു.
സൂപ്പർ താരം ലയണൽ മെസ്സി പരിക്കുമാറി പി.എസ്.ജി നിരയിൽ തിരിച്ചെത്തിയേക്കും. ഫ്രഞ്ച് ലീഗ് വണിൽ മികച്ച ഫോമിൽ കളിക്കുന്ന പി.എസ്.ജിക്ക് ചാമ്പ്യൻസ് ലീഗിലും ആ ഫോം നിലനിർത്തേണ്ടതുണ്ട്. സിറ്റിയാവട്ടെ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിക്കെതിരെ പ്രീമിയർ ലീഗിൽ നേടിയ വിജയത്തിെൻറ ആത്മവിശ്വാസത്തിലാണ് വരുന്നത്. ആർ.ബി ലൈപ്സിഷും ക്ലബ് ബ്രൂഗും തമ്മിലാണ് ഗ്രൂപ്പിലെ മറ്റൊരു മത്സരം.
ആദ്യ ജയത്തിന് അത്ലറ്റികോ, ജയം തുടരാൻ ലിവർപൂൾ
ബി ഗ്രൂപ്പിൽ മൂന്നു പോയൻറുമായി മുന്നിലുള്ള ലിവർപൂൾ എഫ്.സി പോർട്ടോയെ നേരിടും. അത്ലറ്റികോ മഡ്രിഡും എ.സി മിലാനും തമ്മിലാണ് രണ്ടാം മത്സരം.മിലാനെ 3-2ന് കീഴടക്കിയാണ് ലിവർപൂൾ ആദ്യ ജയം നേടിയിരുന്നത്. അത്ലറ്റികോയും പോർട്ടോയും ഗോൾരഹിത സമനിലയിലായിരുന്നു.
തുടർജയം തേടിഅയാക്സും ഡോർട്ട്മുണ്ടും
സി ഗ്രൂപ്പിൽ കരുത്തരായ അയാക്സ് ആംസ്റ്റർഡാമും ബൊറൂസിയ ഡോർട്ട്മുണ്ടും തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടിറങ്ങുന്നു. ആദ്യ കളിയിൽ അയാക്സ് 5-1ന് സ്പോർട്ടിങ്ങിനെ തകർത്തപ്പോൾ ബൊറൂസിയ 2-1ന് ബെസിക്റ്റാസിനെ തോൽപിച്ചിരുന്നു.
റയൽ വമ്പിനെതിരെ കുഞ്ഞൻ ശരീഫ്
ഡി ഗ്രൂപ്പിൽ മൾഡോവയിൽനിന്ന് ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ക്ലബായ എഫ്.സി ശരീഫ് ആണ് സർപ്രൈസ് പാക്കേജ്. ആദ്യ കളിയിൽ യുക്രെയ്നിൽനിന്നുള്ള ശാക്റ്റർ ഡൊണസ്കിനെ 2-0ത്തിന് മലർത്തിയടിച്ച ശരീഫിന് ഇന്ന് വമ്പന്മാരായ റയൽ മഡ്രിഡാണ് എതിരാളികൾ. ഇൻറർ മിലാനെ 1-0ത്തിനാണ് റയൽ തോൽപിച്ചിരുന്നത്. ആദ്യ ജയം തേടി ഇൻററും ശാക്റ്ററും ഏറ്റുമുട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.