ബയേണിനെ നേരിടാൻ എംബാപ്പെയില്ലാത്ത പി.എസ്.ജി; ഈ ടീം അപകടകാരികളല്ലെന്ന് മുൻ ഫ്രഞ്ച് താരം
text_fieldsപരിക്കേറ്റ സൂപ്പർ താരം കിലിയൻ എംബാപ്പെയില്ലാത്ത പി.എസ്.ജി ടീം അത്ര അപകടകാരികളല്ലെന്ന് മുൻ ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ലിസാറസു. മെസ്സിയും നെയ്മറും ഉൾപ്പെടെ ശക്തമായ താരനിരയുള്ള ടീമിന് എംബാപ്പെയുടെ അഭാവത്തിലും ജയിച്ചുകയറാനാവുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നതിനിടെയാണ് മുൻ താരത്തിന്റെ അഭിപ്രായപ്രകടനം. തുടക്ക് പരിക്കേറ്റ എംബാപ്പെക്ക് മൂന്നാഴ്ച കളത്തിലിറങ്ങാനാവില്ല.
ഫെബ്രുവരി 14ന് ചാമ്പ്യൻസ് ലീഗിൽ ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്കിനെ നേരിടാനൊരുങ്ങുന്നതിനിടെയാണ് പി.എസ്.ജിക്ക് വൻ തിരിച്ചടിയായി എംബാപ്പെക്ക് പരിക്കേൽക്കുന്നത്. മോണ്ട്പെല്ല്യറിനെതിരായ മത്സരത്തിൽ പരിക്കേറ്റ് 21ാം മിനിറ്റിൽ തിരിച്ചുകയറിയ താരത്തിന്റെ അഭാവത്തിലും പി.എസ്.ജി 3-1ന് വിജയം നേടിയിരുന്നു. തൊട്ടടുത്ത മത്സരത്തിൽ എംബാപ്പെയും നെയ്മറും ഇല്ലാഞ്ഞിട്ടും മെസ്സിയുടെയും ഹക്കീമിയുടെയും ഗോളുകളിൽ ടീം 2-1ന് ജയിച്ചുകയറിയിരുന്നു.
ബയേണിനെതിരായ ഒന്നാംപാദ മത്സരത്തിൽ എംബാപ്പെയുടെ അഭാവം പി.എസ്.ജിക്ക് കനത്ത തിരിച്ചടിയാകുമെന്നും അദ്ദേഹമില്ലാത്ത ടീം അത്ര അപകടകാരികളല്ലെന്നും ലിസാറസു പറഞ്ഞു. അവന്റെ കളിമികവും വേഗതയുമെല്ലാം എല്ലാ പ്രതിരോധങ്ങളെയും ഭയപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സീസണിൽ 26 മത്സരങ്ങളിൽ പി.എസ്.ജിക്കായി എംബാപ്പെ 25 ഗോളുകൾ നേടിയിട്ടുണ്ട്. ഇതിൽ ഏഴെണ്ണം ചാമ്പ്യൻസ് ലീഗിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.