‘ഒന്നുകിൽ തുടരാം, അല്ലെങ്കിൽ പോകാം...പക്ഷേ, ഫ്രീയായി പോകാമെന്ന് കരുതേണ്ട’ -എംബാപ്പെക്കെതിരെ നിലപാട് കടുപ്പിച്ച് പി.എസ്.ജി
text_fieldsപാരിസ്: പാരിസ് സെന്റ് ജെർമെയ്ൻ ക്ലബിൽനിന്ന് കൂടുമാറ്റം ആഗ്രഹിക്കുന്ന ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെക്കെതിരെ നിലപാട് കടുപ്പിച്ച് ക്ലബ് അധികൃതർ. താരത്തിന് വേണമെങ്കിൽ കരാർ പുതുക്കി ക്ലബിൽ തുടരാമെന്നും അല്ലെങ്കിൽ ക്ലബ് വിടാമെന്നും പി.എസ്.ജി പ്രസിഡന്റ് നാസർ അൽ ഖലീഫി വ്യക്തമാക്കി. എന്നാൽ, ഫ്രീ ട്രാൻസ്ഫറിൽ പാരിസ് വിട്ടുപോവാമെന്ന് കരുതേണ്ടതില്ലെന്നും ഖലീഫി തുറന്നടിച്ചു.
‘എന്റെ നിലപാട് വളരെ വ്യക്തമാണ്. അത് എപ്പോഴും ആവർത്തിച്ചുകൊണ്ടിരിക്കണമെന്നില്ലല്ലോ. കിലിയന് ഇവിടെ തുടരണമെന്നുണ്ടെങ്കിൽ ഞങ്ങളും അതാഗ്രഹിക്കുന്നു. പക്ഷേ, പുതിയ കരാർ ഒപ്പിടണമെന്നുമാത്രം. ലോകത്തെ മികച്ച കളിക്കാരനെ ഫ്രീയായി വിട്ടുകൊടുക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അത് ഞങ്ങൾ ചെയ്യില്ല.
ഇതൊരു ഫ്രഞ്ച് ക്ലബാണ്. ഫ്രീയായി താൻ വിട്ടുപോകില്ലെന്ന് കിലിയൻ നേരത്തേ പറഞ്ഞിട്ടുണ്ട്. ഇന്ന് അവൻ മനസ്സുമാറ്റുന്നുണ്ടെങ്കിൽ അതെന്റെ കുറ്റമല്ല. ലോകോത്തര കളിക്കാരനെ സൗജന്യമായി നഷ്ടപ്പെടുത്താൻ ഒരുക്കമല്ല എന്ന ഞങ്ങളുടെ നിലപാട് വ്യക്തമാണ്’ -ഖലീഫി വിശദീകരിച്ചു.
ക്ലബിൽ എംബാപ്പെയുടെ ഭാവി തുലാസിലാടുകയാണിപ്പോൾ. റയൽ മഡ്രിഡാണ് ഫ്രഞ്ചുകാരന്റെ ഉന്നം. എന്നാൽ, മഡ്രിഡുകാർ ഇപ്പോൾ താരത്തിനുവേണ്ടി അത്ര ശക്തമായി രംഗത്തില്ല. ‘എല്ലാം തുറന്നിരിക്കുകയാണ്’ എന്നായിരുന്നു എംബാപ്പെയുമായി ബന്ധപ്പെട്ട് പുതിയ പി.എസ്.ജി കോച്ച് ലൂയി എന്റികിന്റെ പ്രതികരണം.
അന്തിമ തീരുമാനത്തിലെത്താൻ എംബാപ്പെയും പി.എസ്.ജി അധികൃതരും ഒരാഴ്ചയായി നിരന്തര ചർച്ചകൾ നടത്തുന്നുണ്ട്. അതിനിടയിലെ ഖലീഫിയുടെ പ്രതികരണം ചർച്ചയിൽ വലിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നതിന്റെ സൂചനയാണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു. കരാർ പുതുക്കാൻ താൽപര്യമുണ്ടെന്ന് കാട്ടി എംബാപ്പെ രണ്ടാഴ്ച മുമ്പ് കത്തുനൽകിയിരുന്നു. കരാർ പുതുക്കുക, അല്ലെങ്കിൽ വൻതുകക്ക് താരത്തെ വിൽക്കുക എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പി.എസ്.ജി. അന്തിമ തീരുമാനമെടുക്കാൻ താരത്തിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിരിക്കുകയാണ് ക്ലബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.