പി.എസ്.ജിയുടെ തോൽവി: മെസ്സിക്കും നെയ്മർക്കുമെതിരെ ഫ്രഞ്ച് മാധ്യമങ്ങൾ
text_fieldsഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തുള്ള പി.എസ്.ജി കഴിഞ്ഞ ദിവസം റെന്നെയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റതോടെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിക്കും നെയ്മർക്കുമെതിരെ ഫ്രഞ്ച് മാധ്യമങ്ങളുടെ വിമർശനം. ഇരുവർക്കും പുറമെ എംബാപ്പെയും കളത്തിലിറങ്ങിയിട്ടും വൻ താരനിരയുള്ള പി.എസ്.ജിക്ക് എതിർവല കുലുക്കാനായിരുന്നില്ല. 65ാം മിനിറ്റിൽ ഡിഫൻഡർ ഹമാരി ട്രാവോർ ആണ് റെന്നെയുടെ വിജയഗോൾ നേടിയത്. ഇതോടെ എവേ മത്സരത്തിലെ തുടർച്ചയായ രണ്ടാം തോൽവിയാണ് പി.എസ്.ജി ഏറ്റുവാങ്ങുന്നത്. നിലവിൽ 47 പോയന്റുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോഴും രണ്ടാമതുള്ള ലെൻസുമായി മൂന്ന് പോയന്റ് മാത്രമാണ് വ്യത്യാസം. മെസ്സിയും നെയ്മറും ആദ്യ പകുതിയിലും എംബാപ്പെ രണ്ടാം പകുതിയുടെ തുടക്കത്തിലും ഇറങ്ങിയിട്ടും ആർക്കും ഗോളടിക്കാനായില്ല.
മെസ്സി സീസണിൽ നന്നായി തുടങ്ങിയെന്നും അദ്ദേഹം ലോകകപ്പിനുള്ള പരിശീലനത്തിലായിരുന്നെന്നും എന്നാൽ, ഇപ്പോൾ അത് അവസാനിച്ചെന്നും ആർ.എം.സി സ്‌പോർട്ട് വിമർശിച്ചു. മെസ്സി തന്റെ ദൗത്യം പൂർത്തീകരിക്കാൻ തയാറല്ലെന്ന് ആരോപിച്ച മറ്റൊരു പത്രം അദ്ദേഹത്തിന് പത്തിൽ നാല് റേറ്റിങ് മാത്രമാണ് നൽകിയത്. നമ്മൾ കണ്ടു ശീലിച്ച പന്തിന്റെ അതിപ്രസരം അദ്ദേഹത്തിന്റെ കാലിൽ കണ്ടില്ലെന്നും പത്രം വിമർശിച്ചു. മത്സരത്തിൽ മെസ്സിയുടെ സ്വാധീനം പരിമിതമായിരുന്നെന്ന് ലെ പാരിസിയൻ പത്രം വിമർശിച്ചു.
നെയ്മറുടെ പ്രകടനത്തെ ‘ആശങ്കാജനകം’ എന്നാണ് പത്രങ്ങൾ വിശേഷിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.