ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ ബയേണിനെതിരെ പി.എസ്.ജി നിരയിൽ മെസ്സി ഇറങ്ങിയേക്കില്ല
text_fieldsഒളിമ്പിക് മാഴ്സെയോട് പി.എസ്.ജി തോൽവി വഴങ്ങിയ കളിയിൽ 90 മിനിറ്റും കളിച്ചിട്ടും ഗോളടിക്കാനാകാതെ പോയ സൂപർ താരം ലയണൽ മെസ്സി ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് പോരാട്ടത്തിൽ ബയേൺ മ്യൂണിക്കിനെതിരെ കളിച്ചേക്കില്ല. പേശീവലിവിനെ തുടർന്ന് വിശ്രമം വേണമെന്നതിനാലാണ് താരത്തിന് അവധി നൽകിയതെന്ന് ഫ്രഞ്ച് പത്രം ല എക്വിപ് റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച എ.എസ് മൊണാക്കോക്കെതിരെയും താരം കളിക്കില്ല.
അർജന്റീനയെ ലോകകിരീടത്തിലേക്കു നയിച്ച 35കാരൻ പി.എസ്.ജിക്കായി ഈ സീസണിൽ 25 കളികളിൽനിന്ന് 15 ഗോളുകളും 14 അസിസ്റ്റും നേടിയിട്ടുണ്ട്.
തുടക്ക് പരിക്കേറ്റ് വിശ്രമിക്കുന്ന ഫ്രഞ്ച് സൂപർ താരം കിലിയൻ എംബാപ്പെ പുറത്തിരിക്കുന്ന പി.എസ്.ജിക്ക് മെസ്സി കൂടി അവധിയിലാകുന്നത് പ്രകടനത്തെ ബാധിക്കും. മാർച്ച് എട്ടിനാണ് രണ്ടാം പാദ മത്സരം.
കഴിഞ്ഞ കളിയിൽ മാഴ്സെക്കെതിരെ പരാജയപ്പെട്ടത് ആരാധകരിൽ കടുത്ത രോഷത്തിനിടയാക്കിയിരുന്നു. നെയ്മറും മെസ്സിയും മുൻനിരയിൽ അണിനിരന്നിട്ടും ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു പി.എസ്.ജി തോൽവി വഴങ്ങിയത്.
പി.എസ്.ജി നിരയിൽ സീസൺ അവസാനിക്കുന്നതോടെ കരാറും തീരുന്ന മെസ്സി ഇനിയും തുടരുമോ എന്നതു സംബന്ധിച്ച് ഇനിയും തീരുമാനമായിട്ടില്ല. ക്ലബിൽ തുടരാൻ കരാറിലൊപ്പുവെക്കാൻ തയാറാണെന്ന് ക്ലബ് അറിയിച്ചിട്ടുണ്ടെങ്കിലും താരവുമായി ചർച്ചകൾ പൂർത്തിയായിട്ടില്ല. അതിനിടെ, മെസ്സി പഴയ തട്ടകത്തിലേക്കോ റൊണാൾഡോയുടെ വഴി പിന്തുടർന്ന് സൗദി ലീഗിലേക്കോ പോകാമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.