ബയേണുമായുള്ള തോൽവിക്ക് പിന്നാലെ ഫോട്ടോഗ്രാഫറെ പിടിച്ചു തള്ളി സെർജിയോ റാമോസ്
text_fieldsചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരായ ആദ്യപാദ മത്സരത്തിൽ തോറ്റതിന് പിന്നാലെ ഫോട്ടോഗ്രാഫറെ പിടിച്ചുതള്ളി പി.എസ്.ജി താരം സെർജിയോ റാമോസ്. ചൊവ്വാഴ്ച മത്സരത്തിന് ശേഷം പി.എസ്.ജി താരങ്ങൾ കാണികളെ അഭിവാദ്യം ചെയ്യുന്ന സമയത്താണ് സംഭവമുണ്ടായത്. തന്റെ അടുത്തനിന്ന ഫോട്ടോഗ്രാഫറെയാണ് സെർജിയോ റാമോസ് പിടിച്ചു തള്ളിയത്.
അതേസമയം, ഇക്കാര്യത്തിൽ പ്രതികരിക്കാൻ പി.എസ്.ജിയോ യുവേഫയൊ ഇതുവരെയായിട്ടും തയാറായിട്ടില്ല. മാർച്ച് എട്ടിന് ബയേണും പി.എസ്.ജിയും തമ്മിലുള്ള രണ്ടാംപാദ മത്സരം നടക്കുന്നത്. ലയണൽ മെസി, നെയ്മർ എംബാപ്പ എന്നിവരുൾപ്പെട്ട പി.എസ്.ജി സംഘത്തെയാണ് ബയേൺ തകർത്തുവിട്ടത്.
നേരത്തെ ഫ്രഞ്ചു താരം കിങ്സ്‍ലി കോമാൻ വീണ്ടും ഹീറോ ആയ ദിനത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ബയേൺ മ്യൂണിക്കിന്റെ ആദ്യ പാദ ജയം.
സൂപർ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ കൂട്ടുകെട്ട് തുടക്കം മുതൽ മുന്നിലുണ്ടായിട്ടും ഉടനീളം കളംനിറഞ്ഞ് അവസരങ്ങൾ തുറന്നതും കളി നയിച്ചതും മ്യൂണിക്കുകാർ. ആദ്യപകുതിയിൽ ഗോളിയുടെ മികവിൽ തടികാത്ത ആതിഥേയരുടെ വലയിൽ പക്ഷേ, ഇടവേള കഴിഞ്ഞതോടെ ഗോൾവീണു. പകരക്കാരനായെത്തിയ അൽഫോൻസോ ഡേവിസ് 53ാം മിനിറ്റിൽ നൽകിയ ക്രോസിൽ മനോഹരമായി കാൽവെച്ചായിരുന്നു കോമാന്റെ ഗോൾ.
ഇതോടെ അപകടം മണത്ത് മൈതാനത്തെത്തിയ കിലിയൻ എംബാപ്പെ അതിവേഗ നീക്കങ്ങളുമായി 82ാം മിനിറ്റിൽ വല കുലുക്കിയെങ്കിലും വാർ പരിശോധനയിൽ ഓഫ്സൈഡ് കെണിയായി. പാസ് നൽകിയ നൂനോ മെൻഡിസ് ഓഫ്സൈഡാണെന്നായിരുന്നു കണ്ടെത്തൽ. പിന്നെയും ഗോൾമുഖം തുറന്ന് എംബാപ്പെ ഓടിയെത്തിയെങ്കിലും ലക്ഷ്യം അകന്നുനിന്നു. ബയേണിനായി എറിക് മാക്സിം ചൂപോ മോട്ടിങ്ങും പവാർഡുമുൾപ്പെടെ പലവട്ടം നടത്തിയ ഗോൾനീക്കങ്ങൾ പി.എസ്.ജി ഗോളി ഡോണറുമ്മ ഏറെ പണിപ്പെട്ടാണ് അപകടമൊഴിവാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.