മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ പുഴയുടെ ഒഴുക്കിനെ ബാധിക്കില്ല, മാറ്റണമെന്ന വാദത്തിൽ കഴമ്പില്ല -പി.ടി.എ റഹീം എം.എൽ.എ
text_fieldsപുള്ളാവൂരിൽ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന വാദത്തിൽ കഴമ്പില്ലെന്ന് അഡ്വ. പി.ടി.എ റഹീം എം.എൽ.എ. സംഭവം വിവാദമായ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പ്രതികരണം. ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകൾ ഉയർത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ലെന്നും മെസ്സിക്കും നെയ്മർക്കും ഫുട്ബാൾ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കുറിപ്പിന്റെ പൂർണരൂപം: ''പുള്ളാവൂരിൽ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും കട്ടൗട്ടുകൾ എടുത്തുമാറ്റണമെന്ന വാദത്തിൽ കഴമ്പില്ല. കട്ടൗട്ടുകൾ സ്ഥാപിച്ച സ്ഥലം ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെയും കൊടുവള്ളി നഗരസഭയുടെയും അതിർത്തിയിലാണെങ്കിലും രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അധികാരപരിധിയിലല്ല. എൻ.ഐ.ടിയുടെ കുടിവെള്ള സംവിധാനത്തിനുവേണ്ടി സർക്കാർ വിട്ടുനൽകിയ ഭാഗമാണിത്. എൻ.ഐ.ടിയുടെ ചെക്ക് ഡാമിനോട് ചേർന്നുള്ള സ്ഥലത്ത് സ്ഥാപിച്ച കട്ടൗട്ടുകൾ പുഴയുടെ സ്വാഭാവിക ഒഴുക്കിനെ ഒരുതരത്തിലും ബാധിക്കില്ലെന്ന് അവിടെ സന്ദർശിച്ചപ്പോൾ ബോധ്യപ്പെട്ടതാണ്. ചീപ് പബ്ലിസിറ്റിക്കുവേണ്ടി ചിലയാളുകൾ ഉയർത്തുന്ന വാദത്തിന് ഒരടിസ്ഥാനവുമില്ല. ഈ വിഷയത്തിൽ മെസ്സിക്കും നെയ്മർക്കും ഫുട്ബാൾ ആരാധകരുടെ ആഹ്ലാദത്തിനുമൊപ്പമാണ്. ദേശങ്ങൾക്കും ഭാഷകൾക്കും അപ്പുറം മനുഷ്യരെ ഒന്നിപ്പിക്കുന്ന കാൽപന്ത് കളിക്കൊപ്പമാണ്'' എന്നിങ്ങനെയാണ് കുറിപ്പ്.
ലോകം മുഴുവൻ വൈറലായ പുള്ളാവൂർ ചെറുപുഴയിലെ മെസ്സി, നെയ്മർ കട്ടൗട്ടുകൾ മാറ്റാൻ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അധികൃതർ ഫാൻസിന് നിർദേശം നൽകിയിരുന്നു. പുഴയുടെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുംവിധം നിയമം ലംഘിച്ച് സ്ഥാപിച്ച കട്ടൗട്ടുകൾ നീക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ശ്രീജിത് പെരുമനയാണ് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ഓൺലൈനിൽ പരാതി നൽകിയത്. എത്രയും പെട്ടെന്ന് നീക്കാൻ നടപടിയെടുക്കണമെന്നും എന്ത് നടപടിയാണ് എടുത്തതെന്ന വിവരം രേഖാമൂലം അറിയിക്കണമെന്നും പരാതിയിലുണ്ട്. നടപടിയെടുക്കാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പരാതിയിലുണ്ടായിരുന്നു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി അവധിയിലായതിനാൽ ജൂനിയർ സൂപ്രണ്ട് സ്ഥലത്തെത്തുകയും കട്ടൗട്ട് സ്ഥാപിച്ചവരോട് ഇത് നീക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. അതേസമയം, കട്ടൗട്ടുകൾ നീക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് ഗഫൂർ പിന്നീട് വിശദീകരിച്ചു. ഒരു അഭിഭാഷകൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. കട്ടൗട്ടുകൾ മാറ്റാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടൗട്ടുകൾ മാറ്റില്ലെന്ന നിലപാടിലാണ് ആരാധകരും.
അതേസമയം, പുള്ളാവൂരിലെ പുഴ തങ്ങളുടെ പരിധിയിലാണെന്ന് വാദിച്ച് കൊടുവള്ളി നഗരസഭ ചെയർമാൻ രംഗത്തെത്തിയിരുന്നു. ഫുട്ബാൾ ആരാധകർ സ്ഥാപിച്ച കട്ടൗട്ടുകൾ സംബന്ധിച്ച് ഒരു പരാതിയും നഗരസഭക്ക് ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാലും ഫുട്ബാൾ ആരാധകർക്ക് അനുകൂലമായേ നഗരസഭ നിൽക്കൂ. കട്ടൗട്ടുകൾ പുഴക്ക് ഒരു നാശവും വരുത്തില്ലെന്ന് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. കട്ടൗട്ടുകൾ എടുത്ത് മാറ്റില്ലെന്നും മാറ്റാൻ ആവശ്യപ്പെടില്ലെന്നും നിയമപ്രശ്നം ഉയർന്നാൽ അപ്പോൾ അലോചിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലാണ് പുള്ളാവൂരിലെ ഫാൻസുകാർ മെസ്സിയുടെയും നെയ്മറിന്‍റെയും കൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചത്. ആദ്യം അർജന്റീന ഫാൻസുകാർ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് പുഴയുടെ നടുവിലെ തുരുത്തിൽ സ്ഥാപിക്കുകയായിരുന്നു. ഇത് ലോകം മുഴുവൻ വൈറലായി. തൊട്ടടുത്ത ദിവസം ബ്രസീൽ ഫാൻസുകാർ നെയ്മറുടെ കട്ടൗട്ട് പുഴയുടെ തീരത്ത് സ്ഥാപിച്ചു. ഇതും വൈറലായതോടെ ഇവ കാണാൻ പ്രദേശത്തേക്ക് നാട്ടുകാരുടെ ഒഴുക്കാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.